എട്ടു മിനിറ്റിനിടെ രണ്ടു ഗോള്‍, ഇന്ത്യയെ വീഴ്ത്തി ഒമാന്‍

Oman Beat India 2-1 In The World Cup Qualifier Match Held At Guwahati | Oneindia Malayalam

ഗുവാഹത്തി: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു തോല്‍വിയോടെ തുടക്കം. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള ഒമാന്റെ ജയം 2-1നായിരുന്നു. 81ാം മിനിറ്റ് വരെ 1-0ന്റെ ലീഡുമായി ജയത്തിലേക്കു മുന്നേറിയ ശേഷമാണ് അവസാന എട്ടു മിനിറ്റിനിടെ ഒമാന്‍ രണ്ടു തവണ വലകുലുക്കി ഇന്ത്യയെ സ്തബ്ധരാക്കിയത്. ഒമാന്റെ രണ്ടു ഗോളുകളും റാബിയ അല്‍ മന്ദറിന്റെ വകയായിരുന്നു. 82, 90 മിനിറ്റുകളിലാണ് താരം നിറയൊഴിച്ചത്. 24ാം മിനിറ്റില്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ സ്‌കോറര്‍.

ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യപകുതിയില്‍ ഇന്ത്യയാണ് മികച്ചുനിന്നതെങ്കില്‍ രണ്ടാം പകുതിയില്‍ കളി നിയന്ത്രിച്ചത് ഒമാനായിരുന്നു. ഒന്നാംപകുതിയില്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ ഛേത്രിയുടെ നീലക്കടുവകള്‍ ഒമാനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് കണ്ടത്. 15ാം മിനിറ്റില്‍ ഉദാന്ത സിങിലൂടെ ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. ഛേത്രി കൈമാറിയ പാസുമായി വലതു പാര്‍ശ്വത്തിലൂടെ പറന്നെത്തി ഉദാന്ത തൊടുത്ത വലംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കിയെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കു 24ാം മിനിറ്റില്‍ ഇന്ത്യ ലക്ഷ്യം കാണുകയും ചെയ്തു. ഇടതു വിങിലൂടെയുള്ള മലയാളി താരം ആഷിഖ് കുരുണിയന്റെ നീക്കമാണ് ഗോളിനു വഴിയൊരുക്കിയത്. ആഷിഖിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ബോക്‌സിന് തൊട്ടരികില്‍ വച്ച് ഇന്ത്യക്ക് അനുകൂലമായി ഫ്രീകിക്ക്. ബ്രെന്‍ഡന്റെ നിലംപറ്റിയ ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിക്ക്. തകര്‍പ്പനൊരു ഷോട്ടിലൂടെ ഛേത്രി പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റിയപ്പോള്‍ ഗോളി കാഴ്ചക്കാരനായിരുന്നു.

രണ്ടാംപകുതിയില്‍ ഒമാന്‍ കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ വിസില്‍ മുതല്‍ അവര്‍ ഇന്ത്യന്‍ ഗോള്‍മുഖത്ത് നിരന്തരം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ ചില മികച്ച സേവുകള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. എന്നാല്‍ 82ാം മിനിറ്റില്‍ അല്‍ മന്ദറിലൂടെ ഒമാന്‍ സമനില കൈക്കലാക്കി. സഹതാരം നല്‍കിയ മനോഹരമായ ലോങ് ബോള്‍ ബോക്‌സിനുള്ളില്‍ വച്ച് സന്ധുവിന്റെ തലയ്ക്കു മുകളിലൂടെ മന്ദര്‍ വലയിലേക്കു കോരിയിടുകയായിരുന്നു. 90ാം മിനിറ്റില്‍ അല്‍ മന്ദര്‍ ഒമാന്റെ വിജയഗോള്‍ കണ്ടെത്തി. ഇടതു വിങിലൂടെ പറന്നെത്തിയ അല്‍ മന്ദര്‍ ബോക്‌സിനുള്ളില്‍ നിന്നും തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയ്ക്കുള്ളില്‍ തുളഞ്ഞുകയറി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 5, 2019, 21:29 [IST]
Other articles published on Sep 5, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X