ബുറിറാം (തായ്‌ലന്‍ഡ്): കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ തായ്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ വെങ്കലം സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

17-ാം മിനിറ്റില്‍ അനിരുദ്ധ ഥാപ്പയാണ് ഇന്തയുടെ വിജയഗോള്‍ നേടിയത്. ആദില്‍ ഖാന്റെ ക്രോസില്‍നിന്നാണ് ഥാപ്പ ലക്ഷ്യം കണ്ടത്.
സെമിയില്‍ ക്യുറസോയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റതിനാലാണ് ഇന്ത്യക്ക് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക് ചുമതലയേറ്റശേഷം ഇന്ത്യ നേടുന്ന ആദ്യ ജയമാണിത്.
കളിയില്‍ ഇന്ത്യക്കായിരുന്നു ആധിപത്യമെങ്കിലും തായ്‌ലന്‍ഡും മികച്ച ചില അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കനായില്ല. ടീരാസില്‍ ഡാങ്ഡയുടെ നേതൃത്വത്തിലാണ് തായ് ടീം ഇന്ത്യന്‍ വല ലക്ഷ്യമാക്കി മുന്നേറ്റങ്ങള്‍ നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്ങും സന്ദേശ്, ജിങ്കാനും ആദില്‍ ഖാനു ചേര്‍ന്നൊരുക്കിയ പ്രതിരോധവും അവയെല്ലാം നിഷ്പ്രഭമാക്കി.