സൂറിച്ച്: ഫുട്‌ബോള്‍ ലോകത്ത് കളത്തിനകത്തെ റഫറിമാരാണ് കളിയുടെ അവസാനവാക്ക്. പക്ഷെ അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് മുതല്‍ ഈ അവസാനവാക്കെന്ന പദവി മറ്റൊരു കൂട്ടര്‍ കവരും. വീഡിയോ അസിസ്റ്റന്റ് റഫറിമാരാണ് ഇക്കൂട്ടര്‍. ഫിഫ ആദ്യമായി ലോകകപ്പിന് വീഡിയോ സഹായം കൂടി തേടുന്നതോടെയാണ് ഈ പുതിയ ഗ്രൂപ്പ് റഫറിമാര്‍ തയ്യാറായിരിക്കുന്നത്. ഇതിന്റെ 13 പേരുടെ ആദ്യ പാനലും ഫിഫ പ്രഖ്യാപിച്ചു.
പിച്ച് റഫറിമാരില്‍ നിന്നും വാര്‍ സിസ്റ്റത്തില്‍ അനുഭവസമ്പത്തുള്ളവരെയാണ് ഈ പാനലിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഫിഫ മത്സരങ്ങളിലും, സെമിനാറുകളിലും പങ്കെടുത്ത് വിജയിച്ച ഈ വാര്‍ റഫറിമാര്‍ മത്സരങ്ങള്‍ വീഡിയോ സഹായത്തോടെ നിരീക്ഷിക്കും. പിച്ച് റഫറിമാരുടെ തലയില്‍ എല്ലാ കുറ്റങ്ങളും ചുമത്തുന്ന രീതി മാറ്റുന്നതോടെ ഇവര്‍ക്ക് സുഗമമായി കളി നിയന്ത്രിക്കാമെന്നാണ് ഫിഫ പ്രസിഡന്റ് അവകാശപ്പെടുന്നത്.

13 അംഗ വാര്‍ റഫറിമാര്‍ക്ക് പുറമെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പിച്ച് റഫറിമാരും, ലൈന്‍സ്മാന്‍മാരും റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ വാര്‍ ചുമതല ഏറ്റെടുക്കും. രണ്ട് വര്‍ഷക്കാലത്തെ ട്രയല്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് വാര്‍ സിസ്റ്റം നടപ്പാക്കാന്‍ ഫിഫ തീരുമാനിച്ചത്. എന്നാല്‍ ഈ പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പ്രത്യേകിച്ച് ഗോളുകള്‍ ഇതുവഴി അനുവദിക്കാതെ പോകുക, അനാവശ്യമായി സമയം പാഴാക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
വീഡിയോ മോണിറ്ററുകളുള്ള പ്രത്യേക റൂമില്‍ ഇരിക്കുന്ന വാര്‍ മത്സരത്തെ നിശ്ചയിക്കുന്ന എല്ലാ തീരുമാനങ്ങളിലും ഇടപെടും. തെറ്റുകള്‍ കണ്ടെത്തിയാല്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഒപ്പം റഫറിക്ക് പിച്ചിന് സമീപമുള്ള മോണിറ്ററില്‍ പരിശോധിച്ച് സ്വയം റിവ്യൂ നടത്തുകയും ചെയ്യാം.