ദില്ലി: ഇന്ത്യയിലെ പ്രീമിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഐ ലീഗിന്റെ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനം. കൊറോണ വൈറസ് ബാധയെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ മല്‍സരങ്ങള്‍ ഇനി നടത്തുക അസാധ്യമാണമെന്നു വ്യക്തമായതോടെയാണിത്. സീസണില്‍ ഇനി നാലു റൗണ്ടുകള്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ബംഗാളില്‍ നിന്നുള്ള പവര്‍ഹൗസുകളായ മോഹന്‍ ബഗാന് നേരത്തേ തന്നെ ഒന്നാംസ്ഥാനമുറപ്പിച്ചിരുന്നു. ശേഷിച്ച മല്‍സരങ്ങള്‍ റദ്ദാക്കിയതോടെ ബഗാനെ ഔദ്യോഗികമായി ഐ ലീഗ് ചാംപ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്തു മേയ് മൂന്നു വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഐ ലീഗ് പുനരാരംഭിക്കേണ്ടെന്നു ഐ ലീഗ് പാനല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മാര്‍ച്ച് 14നാണ് വൈറസ് വ്യാപനത്തെ തുടര്‍ന്നു ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കാന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) തീരുമാനിക്കുന്നത്. 16 മല്‍സരങ്ങളില്‍ നിന്നും 39 പോയിന്റോടെയാണ് ബഗാന് ഐ ലീഗിലെ രാജാക്കന്മാരായത്. ഈസ്റ്റ് ബംഗാള്‍, മിനെര്‍വ്വ പഞ്ചാബ് (23 പോയിന്റ്), റിയല്‍ കാശ്മീര്‍ (22) എന്നിവരാണ് ബഗാന് താഴെയുള്ളത്.
രാഹുല്‍ 28... ബെര്‍ത്ത് ഡേ ബോയിയുടെ സൂപ്പര്‍ റെക്കോര്‍ഡുകള്‍, ഏകദിനത്തില്‍ മറ്റാര്‍ക്കുമില്ല
കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍
നിലവില്‍ 36 പോയിന്റുള്ള ബഗാന് തൊട്ടു താഴെ നില്ക്കുന്ന ടീമുകളേക്കാള്‍ 16 പോയിന്റിന് മുന്നിലാണ്. ഇനി സീസണിലെ ശേഷിച്ച മല്‍സരങ്ങളും നടന്നാലും ഈ പോയിന്റ് വ്യത്യാസം മറികടക്കാന്‍ മറ്റൊരു ടീമിനും സാധിക്കില്ലെന്നും ഐ ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രൈസ് മണിയുടെ കാര്യത്തില്‍ പല മറ്റു ക്ലബ്ബുകളെല്ലാം രേഖമൂലം തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നു ചാംപ്യന്മാരുടെ പ്രൈസ് മണിയൊഴികെ ശേഷിക്കുന്നവര്‍ക്കുള്ള പ്രൈസ് മണി തുല്യമായി വീതിച്ച് ശേഷിച്ച 10 ക്ലബ്ബുകള്‍ക്കും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ഐ ലീഗ് കമ്മിറ്റി വ്യക്തമാക്കി.
ഈ സീസണിലെ ഐ ലീഗില്‍ മുന്‍ സീസണുകളിലേതു പോലെ തരംതാഴ്ത്തല്‍ ഉണ്ടാവില്ലെന്നും ഐ ലീഗ് കമ്മിറ്റി എഐഎഫ്എഫിനെ അറിയിച്ചു. ഈ തീരുമാനം പോയിന്റ് പട്ടികയില്‍ ഏറെ പിറകില്‍ നില്ക്കുന്ന ഐസ്വാള്‍ എഫ്സി. നെറോക്ക എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ക്കു ആശ്വാസമാവും. ലീഗ് നിര്‍ത്തി വയ്ക്കുമ്പോള്‍ 11 പോയിന്റോടെ ഇന്ത്യന്‍ ആരോസായിരുന്നു ഏറ്റവും പിറകില്‍. ഐസ്വാള്‍ (16), നെറോക്ക (19) എന്നിവരായിരുന്നു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എഐഎഫ്എഫിനു കീഴിലുള്ള ടീമായതിനാല്‍ ആരോസിനെ തരംതാഴ്ത്തില്ലെന്നത് നേരത്തേയെടുത്ത തീരുമാനമാണ്.