ഹാംബര്‍ഗ്: ബുണ്ടസ് ലീഗയുടെ ചരിത്രത്തില്‍ ആദ്യമായി ഒന്നാം ഡിവിഷനില്‍ നിന്നും തരംതാഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന് ഹാംബര്‍ഗ് ആരാധകര്‍ അക്രമാസക്തരായി. ബൊറൂസിയ മോഷന്‍ഗ്ലാഡ്ബാക്കിനെ 2-1 പരാജയപ്പെടുത്തിയിട്ടും ഹാംബര്‍ഗിന് ഒന്നാം ഡിവിഷനില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാത്തതോടെയാണ് ആരാധകര്‍ക്ക് നിയന്ത്രണം നഷ്ടമായത്.
മൈതാനത്ത് അതിക്രമിച്ചു കയറിയ അക്രമികള്‍ തീകൊളുത്തിയതിനെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയത്. രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട കൊളോണ്‍, വോള്‍ഫ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഹാം ബര്‍ഗിന് സാധ്യതയുണ്ടായിരുന്നുള്ളൂ.

എന്നാല്‍ കൊളോണ്‍ വോള്‍ഫ്‌സ്ബര്‍ഗിനോട് 4-1ന് തോറ്റതോടെ കളി ജയിച്ചിട്ടും ഹാംബര്‍ഗിന് പുറത്തുപോകേണ്ടിവന്നു. മുന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഹാംബര്‍ഗ് ഒരു കാലത്ത് ജര്‍മന്‍ ലീഗിലെ പ്രധാന ടീമുകളൊന്നായാണ് കരുതപ്പെട്ടിരുന്നത്. 1963ല്‍ ബുണ്ടസ്‌ലീഗ ആരംഭിച്ചശേഷം ഇതാദ്യമായി ടീം പുറത്തുപോകന്നത് ആരാധകരെ വൈകാരികമായാണ് ബാധിച്ചതെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാംബര്‍ഗിന്റെ പുറത്താകല്‍ അത്യധികം വേദനിപ്പിക്കുന്നതാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ബര്‍ണാഡ് ഹോഫ്മാന്‍ പറഞ്ഞു. പുറത്തായെങ്കിലും ക്ലബ്ബ് പ്രതാപം വീണ്ടെടുത്ത് തിരിച്ചുവരും. ആരാധകരുടെ പൂര്‍ണ പിന്തുണ ക്ലബ്ബിന് തുടര്‍ന്നും ഉണ്ടാകുമൈന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.