Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ 22 മുതല്‍ കുവൈത്തില്‍; വേദിമാറ്റല്‍ പ്രഖ്യാപനം ഇന്ന്

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ നിന്ന് കുവൈത്തിലേക്ക് മാറ്റി. കുവൈത്തില്‍ നടത്തേണ്ട മല്‍സരങ്ങള്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി അഞ്ച് വരെ ദോഹയില്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും കുവൈത്തിനെതിരെയുള്ള വിലക്ക് ഫിഫ പിന്‍വലിച്ചതോടെ ടൂര്‍ണമെന്റ് അവിടേക്കു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാസിം അല്‍ റുമൈഹി പറഞ്ഞു.

മുന്‍ നിശ്ചയിച്ച തീതികളില്‍ തന്നെ മല്‍സരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങള്‍ തമ്മില്‍ നടന്ന കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണു ടൂര്‍ണമെന്റ് കുവൈത്തിലേക്കു മാറ്റാന്‍ തീരുമാനിച്ചതെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ഥാനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് ഫുട്‌ബോള്‍ അസോസിയേഷന്റെ ഔപചാരിക അനുമതി മാത്രമാണ് ഇനി ഇതിന് ലഭിക്കാനുള്ളത്. ടൂര്‍ണമെന്റ് കുവൈത്തിനു കൈമാറാന്‍ തയാറായ ഖത്തറിനെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിനന്ദിക്കുകയുമുണ്ടായി. ധീരമായ നടപടിയാണിതെന്ന് പറഞ്ഞ അദ്ദേഹം, കുവൈത്തിലെ ഉദ്ഘാടന മല്‍സരത്തില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

football

ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ദോഹയിലാണു നടക്കുന്നതെങ്കില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ടീമുകളെ അയയ്ക്കുമായിരുന്നില്ല. എന്നാല്‍ ടൂര്‍ണമെന്റ് കുവൈത്തിലേക്ക് മാറുന്നതോടെ എട്ടു ടീമുകളുടെയും പങ്കാളിത്തം ഉറപ്പിക്കാനാവും. അതേസമയം, ഖത്തറില്‍ മല്‍സരം നടക്കുന്നതു മൂലമുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമല്ല, കുവൈത്തിന് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ടു എന്നതിനാലാണ് തങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നായിരുന്നു യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്റെ വിശദീകരണം.

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, ഇറാഖ്, ഒമാന്‍, കുവൈത്ത്, യെമന്‍ എന്നീ രാജ്യങ്ങളിലായി രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റ് നടക്കാറ്. കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതും ഫിഫ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമായി കുവൈത്ത് ഭരണകൂടം നിയമനിര്‍മാണം നടത്തിയെന്നാരോപിച്ച് 2015ലായിരുന്നു അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഫിഫ കുവൈത്തിനെ വിലക്കിയത്. എന്നാല്‍ സ്‌പോര്‍ട്‌സ് കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചതോടെ നിരോധനം പിന്‍വലിക്കപ്പെടുകയായിരുന്നു.

സപ്തംബറില്‍ നടന്ന നറുക്കെടുപ്പ് പ്രകാരം ബഹ്‌റൈന്‍, ഖത്തര്‍, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങള്‍ എ ഗ്രൂപ്പിലും ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമായാണ് മല്‍സരിക്കുക.

Story first published: Monday, December 11, 2017, 9:33 [IST]
Other articles published on Dec 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+