കോഴിക്കോട്: ഐ ലീഗിന്റെ പുതിയ സീസണിനു ജയത്തോടെ തുടക്കം കുറിക്കാനുറച്ച് ഇറങ്ങിയ ഗോകുലം കേരള എഫ്സിക്കു പിഴച്ചു. ഹോംഗ്രൗണ്ടായ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ മിസോറാമില്‍ നിന്നുള്ള ഐസ്വാള്‍ എഫ്സിയുമായി ഗോകുലം സമനില സമ്മതിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കുവച്ചത്.
ലീഗില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ഗോകുലത്തിന് ജയിക്കാനാവാതെ പോയത്. ഡിസംബര്‍ 16നു കൊല്‍ക്കത്തയില്‍ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ ഗോകുലം തോല്‍വിയേറ്റുവാങ്ങിയിരുന്നു. അന്നു മുന്‍ ചാംപ്യന്മാരായ മോഹന്‍ ബഗാനാണ് ഗോകുലത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചത്.
ഐസ്വാളിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം സമനില പിടിച്ചുവാങ്ങിയത്. ഗോകുലത്തിനു വേണ്ടി ആര്‍പ്പുവിളിച്ച കാണികളെ ഞെട്ടിച്ച് 14ാം മിനിറ്റില്‍ ഐസ്വാള്‍ മുന്നിലെത്തിയിരുന്നു. പോള്‍ റംവാന്സാങ്വയുടെ പാസില്‍ നിന്നും അബ്ദുള്ളെ കനൂട്ടെയാണ് ഐസ്വാളിനു വേണ്ടി വല കുലുക്കിയത്. 38ാം മിനിറ്റില്‍ ഗോകുലത്തിന് പെനല്‍റ്റിയിലൂടെ ഒപ്പമെത്താന്‍ സുവര്‍ണാവസരം. എന്നാല്‍ മാര്‍ക്കസ് ജോസഫിന്റെ പെനല്‍റ്റി കിക്ക് ഗോളി വിഫലമാക്കുകയായിരുന്നു.
70ാം മിനിറ്റില്‍ ഈ പിഴവിനു പ്രായശ്ചിത്തം ചെയ്താണ് മാര്‍ക്കസ് ടീമിന്റെ സമനില ഗോള്‍ കണ്ടെത്തിയത്. ഇടതു വിങില്‍ നിന്നും സല്മാന് കള്ളിയത്ത് ബോക്സിനു കുറുകെ നല്കിയ പാസ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ മാര്‍ക്കസ് വലയ്ക്കുള്ളിലേക്ക് തൊടുത്തപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു. ഈ മാസം ഒമ്പതിന് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സിറ്റിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മല്‍സരം.