കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. കൊച്ചിയില്‍ വൈകീട്ട് ഏഴിന് നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ ജിറോണ എഫ്‌സി ഓസ്ട്രിയന്‍ കരുത്തന്‍മാരായ മെല്‍ബണ്‍ സിറ്റി എഫ്‌സിയുമായി കൊമ്പുകോര്‍ക്കും.
ശനിയാഴ്ചയാണ് ടൂര്‍ണമെന്റിലെ അവസാന മല്‍സരം. നാളെ നടക്കുന്ന ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജിറോണ എഫ്‌സിയെയാണ് എതിരിടുക. വൈകീട്ട് ഏഴിനാണ് മല്‍സരം.

ജിറോണ വെല്ലുവിളിയാവും...
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോള്‍മഴയില്‍ മുക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ജിറോണയെ നേരിടാനൊരുങ്ങുന്ന മെല്‍ബണിന് ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. കഴിഞ്ഞ സ്പാനിഷ് ലീഗ് സീസണില്‍ മികച്ച പ്രകടനം നടത്തിയ ടീമാണ് ജിറോണ.
കഴിഞ്ഞ സീസണില്‍ പല പ്രമുഖരെയും വീഴ്ത്തിയ ജിറോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ കളിക്കുന്ന ആദ്യ ലാലിഗ ക്ലബ്ബാണ് ജിറോണ. അതുകൊണ്ട് തന്നെ വിിജയത്തോടെ കരുത്ത് കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിറോണ എഫ്‌സി.
വിജയകുതിപ്പ് തുടരാന്‍ മെല്‍ബണ്‍ സിറ്റി...
തുല്ല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ഇന്നത്തെ മല്‍സരഫലം പ്രവചനാതീതമാണ്. എങ്കിലും കൊച്ചിയില്‍ രണ്ടാം മല്‍സരത്തിനിറങ്ങുന്നതിന്റെ മുന്‍തൂക്കം മെല്‍ബണിനുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായതും മെല്‍ബണിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തെത്താന്‍ മെല്‍ബണ്‍ സിറ്റിക്ക് കഴിഞ്ഞിരുന്നു. ലാലിഗ വേള്‍ഡില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഒന്നാമതെത്താനുള്ള തയ്യാറെടുപ്പിലാണ് മെല്‍ബണ്‍.