ഇടിമിന്നൽ തടസ്സപ്പെടുത്തിയിട്ടും ഫ്രാൻസ് മുന്നോട്ട്! ഇറാഖിനെ തകർത്ത് നോക്ക് ഔട്ടിലേക്ക്
ശക്തമായ ഇടിമിന്നലിനെ തുടർന്ന് നാല് മണിക്കൂറോളം നീണ്ടുപോയ നാടകീയമായ മത്സരത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഐയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം നേടിയ ഫ്രഞ്ച് പട 6 പോയിന്റോടെ കുതിപ്പ് തുടരുകയാണ്. ഫ്രാൻസിനായി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒസ്മാനെ ഡെംബെലെ ഒരു ഗോൾ സ്വന്തമാക്കി.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ മൈക്കൽ ഒലിസെയുടെ അസിസ്റ്റിൽ നിന്ന് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് തൊട്ടുപിന്നാലെ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് മത്സരം നിർത്തിവെക്കേണ്ടി വന്നു. ഏകദേശം 1 മണിക്കൂറും 40 മിനിറ്റും വൈകിയാണ് രണ്ടാം പകുതി ആരംഭിച്ചത്. ലോകകപ്പ് ചരിത്രത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് മോശം കാലാവസ്ഥ കാരണം ഒരു മത്സരം പകുതിക്ക് വെച്ച് നിർത്തിവെക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷവും ഫ്രാൻസിന്റെ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞില്ല. 53-ാം മിനിറ്റിൽ ഡെംബെലെയുടെ പാസിൽ നിന്ന് എംബാപ്പെ തന്റെ രണ്ടാം ഗോളും കുറിച്ചു. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിയേക്കാൾ (18 ഗോൾ) വെറും രണ്ട് ഗോൾ മാത്രം പിന്നിലാണ് ഇപ്പോൾ എംബാപ്പെ. തുടർന്ന് 65-ാം മിനിറ്റിൽ ഡെംബെലെയും വലകുലുക്കിയതോടെ ഇറാഖിന്റെ പതനം പൂർത്തിയായി (3-0). ടൂർണമെന്റിൽ മികച്ച തുടക്കം ലഭിച്ച ഫ്രാൻസ് ഇതോടെ കിരീടസാധ്യതയുള്ളവരുടെ പട്ടികയിൽ വീണ്ടും മുൻപന്തിയിലെത്തി.
സെനഗലിനെ തകർത്ത് നോർവെ റൗണ്ട് ഓഫ് 32-ൽ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നോർവെ ടൂർണമെന്റിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തിൽ ഇറാഖിനെ തോൽപ്പിച്ച നോർവെയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. സൂപ്പർ താരം എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളുകളാണ് നോർവെയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്.
ആദ്യ പകുതിയുടെ 42-ാം മിനിറ്റിൽ മാർക്കസ് പെഡേഴ്സൻ നേടിയ ഗോളിൽ നോർവെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം (47') മാർട്ടിൻ ഒഡെഗാർഡിന്റെ അസിസ്റ്റിൽ നിന്ന് ഹാലണ്ട് നോർവെയുടെ രണ്ടാം ഗോൾ നേടി. 52-ാം മിനിറ്റിൽ ഇസ്മയില സാറിലൂടെ ഒരു ഗോൾ മടക്കി സെനഗൽ ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 57-ാം മിനിറ്റിൽ ഹാലണ്ട് വീണ്ടും വലകുലുക്കിയതോടെ നോർവെ 3-1 ന് മുന്നിലെത്തി.
കളിയുടെ ഇൻജുറി ടൈമിൽ (92') ഇസ്മയില സാർ സെനഗലിനായി വീണ്ടുമൊരു ഗോൾ കൂടി നേടിയെങ്കിലും നോർവെയുടെ വിജയത്തെ തടയാൻ അതിനായില്ല (3-2). തുടർച്ചയായ രണ്ടാം തോൽവിയോടെ സെനഗലിന്റെ ലോകകപ്പ് പ്രതീക്ഷകൾ മങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications