സൂറിച്ച്: ഇരുപതാം ലോകകപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട ജര്‍മനി ഇരുപതു വര്‍ഷത്തിനുശേഷം ഇതാദ്യമായി ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളെല്ലാം റാങ്കിങ്ങില്‍ മുന്നേറിയപ്പോള്‍ ബ്രസീല്‍ ഇംഗ്ലണ്ട് പോര്‍ച്ചുഗല്‍ ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ പിന്നോട്ടടിച്ചു.
ലോകകപ്പിനു മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്ന ജര്‍മനി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഫൈനലിലെത്തിയ അര്‍ജന്റീന അഞ്ചാം സ്ഥാനത്തുനിന്നും രണ്ടാസ്ഥാനത്തെത്തി. മികച്ച പ്രകടനം നടത്തിയ ഹോളണ്ടാണ് മൂന്നാം സ്ഥാനത്ത്. 15ാം സ്ഥാനത്തായിരുന്ന ഹോളിണ്ട് വന്‍ കുതിപ്പാണ് റാങ്കിങ്ങില്‍ കാഴ്ചവെച്ചിരിക്കുന്നത്. സൂപ്പര്‍ താരം റോഡ്രിഗസിന്റെ ടീം കൊളംബിയ നാലാം സ്ഥാനത്തെത്തി.

ബെല്‍ജിയം, ഉറുഗ്വേ എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. സെമി ഫൈനലില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിനും ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് 3-0 എന്ന സ്‌കോറിനും നാണംകെട്ട ബ്രസീല്‍ എഴാംസ്ഥാനത്തായി. എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ യഥാക്രമം സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സ് എന്നീ ടീമുകള്‍ ഇടം പിടിച്ചു. ഏഴു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഫ്രാന്‍സ് ആദ്യ പത്തില്‍ ഇടം നേടിയത്.
അതേസമയം, പത്താം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട് ഇരുപതാം സ്ഥാനത്തായി. ലോകകപ്പില്‍ ഒരു ജയംപോലും നേടാനാകാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇറ്റലി പതിനാലാം സ്ഥാനത്താണ്. ഏഷ്യന്‍ ടീമുകളില്‍ മുമ്പന്‍ 45ാം സ്ഥാനത്തുള്ള ജപ്പാനാണ്, തൊട്ടുപിന്നില്‍ 49ാം റാങ്കുമായി ഇറാനുണ്ട്. ഫുട്‌ബോള്‍ ലോകത്തെ ശിശുക്കളായ ഇന്ത്യയുടെ റാങ്കിങ് 151 ആണ്.