അടിക്ക് തിരിച്ചടി, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ചെക്കിയ വീണു! യൂറോപ്യൻ പ്രതിരോധ മതിൽ തകർത്ത് ദക്ഷിണ കൊറിയ
2026 ഫിഫ ലോകകപ്പിൽ ചെക്കിയൻ പ്രതിരോധ കോട്ട തകർത്ത് ദക്ഷിണ കൊറിയ. ആവേശം അണപൊട്ടിയൊഴുകിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയൻ പട വിജയം കൊയ്തത്. അടിക്ക് തിരിച്ചടി എന്ന നിലയിലായിരുന്നു ഇരു ടീമുകളും മത്സരത്തെ സമീപിച്ചത്. എങ്കിലും ഫൈനൽ ലാഫ് ദക്ഷിണ കൊറിയയ്ക്കൊപ്പമായിരുന്നു.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ദക്ഷിണ കൊറിയയും ചെക്കിയയും തമ്മിൽ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ കനത്ത പോരാട്ടമായിരുന്നു നടന്നത്. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ദക്ഷിണ കൊറിയ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും ഗോൾരഹിതമായി പിരിയുകയായിരുന്നു. കൊറിയൻ ക്യാപ്റ്റൻ സൺ ഹെയുങ്-മിൻ നയിച്ച മുന്നേറ്റങ്ങളെല്ലാം ചെക്ക് പ്രതിരോധ നിരയും ഗോൾകീപ്പർ കോവറും ചേർന്ന് മികച്ച ബ്ലോക്കുകളിലൂടെയും സേവുകളിലൂടെയും പ്രതിരോധിച്ചു നിർത്തി. 73 ശതമാനത്തോളം പന്തടക്കം കൈവശം വെച്ചിട്ടും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ കൊറിയയ്ക്ക് സാധിച്ചില്ല.

PC: FIFA World Cup Twitter
രണ്ടാം പകുതി ആരംഭിച്ചതോടെ കളി കൂടുതൽ ആവേശകരമായി മാറി. 48-ാം മിനിറ്റിൽ കൊറിയൻ താരം ഹ്വാങ്ങിന്റെ ഷോട്ട് കോവർ തടുത്തതിന് പിന്നാലെ ലഭിച്ച റീബൗണ്ടിൽ ലീ ജേ-സുങ്ങിന് ഗോൾ നേടാൻ സാധിക്കാതെ പോയത് കൊറിയയ്ക്ക് വലിയ തിരിച്ചടിയായി. കളിയിൽ കൊറിയ നിരന്തരം സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് 59-ാം മിനിറ്റിൽ കളിഗതിക്ക് വിപരീതമായി ചെക്കിയ ആദ്യ ഗോൾ നേടിയത്. ചെസിയയുടെ കോഫാൽ എറിഞ്ഞ ഒരു ലോങ് ത്രോ ലക്ഷ്യം വച്ച് ഉയർന്നു ചാടിയ ക്യാപ്റ്റൻ ലാഡിസ്ലാവ് ക്രെച്ചി ഉഗ്രനൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു (1-0).
എന്നാൽ കളി തോൽക്കാൻ മനസ്സില്ലാതിരുന്ന ദക്ഷിണ കൊറിയൻ പട കനത്ത ആക്രമണമാണ് പിന്നീട് അഴിച്ചുവിട്ടത്. ഒടുവിൽ ചെക്ക് പ്രതിരോധ കോട്ട തകർത്ത് കൊറിയ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. കൊറിയൻ നിരയുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ മത്സരത്തിൽ സമനില ഗോൾ (1-1) പിറന്നു. ഹ്വാങ് ഇൻ-ബിയോമാണ് കൊറിയയ്ക്കായി സമനില ഗോൾ നേടിയത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നതോടെ മത്സരത്തിന്റെ ബാക്കി മിനിറ്റുകൾ പ്രവചനാതീതമായി മാറിയിരിക്കുകയാണ്.
എഴുപത്തിയാറാം മിനിറ്റിൽ ചെസിയ വീണ്ടും സ്കോർ ചെയ്തെന്നാണ് ഏവരും കരുതിയത്. പക്ഷെ സംഭവിച്ചത് വിപരീതമായിട്ടായിരുന്നു. ബോക്സിലേക്ക് വന്ന അപകടകരമായ ഫ്രീ-കിക്കിൽ നിന്ന് ലഭിച്ച അവസരം അവർ വലയിലേക്ക് തൊടുത്തു. മൈതാനത്ത് കളിക്കാർ വിജയം ആഘോഷമാക്കിയെങ്കിലും ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. അസിസ്റ്റന്റ് റഫറി അത് ഓഫ്‌സൈഡ് (Offside) വിളിച്ചതോടെ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ, ചെസിയയുടെ ഗോൾ നിഷേധിക്കപ്പെട്ട് മിനിറ്റുകൾക്കകം സൗത്ത് കൊറിയ തിരിച്ചടിച്ചു. ബോക്സിനുള്ളിൽ ലഭിച്ച അതിമനോഹരമായ അവസരം ഒ ഹിയോൻ ഗ്യു ഗോളാക്കി മാറ്റി. അതോടെ മത്സരത്തിൽ ആദ്യമായി സൗത്ത് കൊറിയ ലീഡ് നേടി. അതിന് ശേഷം ചെക്കിയയുടെ ഭാഗത്ത് നിന്നും നിരന്തമായ മുന്നേറ്റങ്ങൾ നടന്നു. പക്ഷെ അതൊന്നും ലക്ഷ്യം കണ്ടില്ല. അവസാനം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വിജയം സൗത്ത് കൊറിയ അങ്ങെടുക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications