അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന്റെ മത്സരക്രമം തെളിഞ്ഞിരിക്കുകയാണ്. മൂന്നു രാജ്യങ്ങളിലായാണ് കാല്‍പന്തുകളി ഉല്‍സവം നടക്കാനിരിക്കുന്നത്. 12 ഗ്രൂപ്പുകളിലായാണ് ടീമുകളെ വേര്‍തിരിച്ചിട്ടുള്ളത്. ഇതില്‍ ആറു ഗ്രൂപ്പുകളുടെ ചിത്രം സമ്പൂര്‍ണമായി വ്യക്തമാകണമെങ്കില്‍ ആറ് പ്ലേഓഫ് മത്സരങ്ങളുടെ ഫലം കൂടി വരണം.
ഗ്രൂപ്പ് എ പൂര്‍ത്തിയാവണമെങ്കില്‍ നാലാമനായി വരേണ്ടത് യുവേഫ പ്ലേഓഫ് എയില്‍ നിന്നുള്ള ടീമാണ്. അതിലുള്ളത് ഇറ്റലി, വെയ്ല്‍സ്, ബോസ്‌നിയ ഹെര്‍സഗോവിന, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ ടീമുകളാണ്. ഇറ്റലിയെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി നോക്കേണ്ടത് മറ്റ് ടീമുകളുടെ സാധ്യതകളാണ്.
വെയ്ല്‍സ് എന്ന പേര് നമുക്ക് ഏറ്റവും പരിചിതമായിട്ടുള്ളത് ബ്രിട്ടീഷ് രാജവംശവുമായി ബന്ധപ്പെട്ടാണ്. ചാള്‍സ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മില്‍ 1981ല്‍ വിവാഹതരായപ്പോഴാണ് ആ പേര് കൂടുതല്‍ ജനപ്രിയമായതും. വെയ്ല്‍സ് രാജകുമാരനും രാജകുമാരിയും.
പക്ഷേ അതിനും വര്‍ഷങ്ങള്‍ മുമ്പ് തന്നെ ലോകകപ്പ് ഫുട്‌ബോളില്‍ വെയ്ല്‍സ് എത്തിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1950 മുതല്‍. പക്ഷേ നാളിതുവരെയായി യോഗ്യത നേടി ഫൈനല്‍ റൗണ്ടിലെത്തിയത് രണ്ട് തവണ. 1958ലും പിന്നെ കഴിഞ്ഞ തവണ ഖത്തറിലും.

ആദ്യമായി ലോകകപ്പ് വേദിയില്‍ എത്തിയപ്പോള്‍ വെയ്ല്‍സ് മോശമാക്കിയില്ല. 1958ല്‍ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. 2022ല്‍ ഇംഗ്ലണ്ടും അമേരിക്കയും ഇറാനും ഉള്‍പെട്ട ഗ്രൂപ്പില്‍ നിന്ന് ആദ്യം തന്നെ പുറത്തായി. ഇപ്പോള്‍ യോഗ്യതമത്സരങ്ങളില്‍ നോര്‍ത്ത് മാസിഡോണിയക്ക് എതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ സ്വന്തം നാട്ടില്‍ നടക്കുന്ന പ്ലേ ഓഫില്‍ ബോസ്‌നിയ ഹെര്‍സഗോവിനയെ നേരിടാന്‍ പോകുന്നത്. ഒന്നിന് എതിരെ ഏഴു ഗോളുകളുടേതായിരുന്നു ആ വിജയം.
ഗരെത് ബെയ്ല്‍ എന്ന വന്‍മരം വിരമിച്ചെങ്കിലും ഇപ്പോഴത്തെ വെയ്ല്‍സ് ടീം മോശമല്ല. യുവത്വത്തിന്റെ തിളപ്പും പരിചയസമ്പത്തിന്റെ പക്വതയും കൃത്യമായി ഇഴ ചേര്‍ന്ന ടീം ആരണ്‍ റാംസെയെന്ന നല്ല ക്യാപ്റ്റന്റെ കീഴില്‍ അണിനിരക്കുന്നു.
പ്രതിരോധത്തിലും ആക്രമണത്തിലും ടീം ഒറ്റക്കെട്ടാണ്. കോച്ച് ക്രെയ്ഗ് ബെല്ലമിയാകട്ടെ തന്ത്രങ്ങളുടെ ആശാനും. ഫുള്‍ സപ്പോര്‍ട്ടുമായി നാടും ഒപ്പമുണ്ട്. വെയ്ല്‍സ് മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മറികടന്ന് തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് വേദിയില്‍ എത്തുമോ എന്ന് നോക്കാം ?
വെയ്ല്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ബോസ്‌നിയ ഹെര്‍സഗോവിന യുദ്ധങ്ങളും വിഭജിക്കലും ഒക്കെ കഴിഞ്ഞുള്ള മുറിപ്പാടുകളുമായി എത്തുന്ന ടീമാണ്. ഇതിന് മുമ്പ് 2014ലെ ലോകകപ്പില്‍ മാത്രമാണ് അവര്‍ യോഗ്യത നേടിയത്. യുഗോസ്ലാവിയയുടെ പിന്‍ഗാമികളായി ഫിഫ സെര്‍ബിയയെ തെരഞ്ഞെടുത്തപ്പോള്‍ സെര്‍ബിയയില്‍ നിന്നുള്ള മിടുക്കന്‍ കളിക്കാര്‍ ലോകകപ്പില്‍ കളിച്ചതിന്റെ ഓര്‍മകളും അവര്‍ക്ക് കൂട്ടായിട്ടുണ്ട്.
92ല്‍ സ്വതന്ത്ര രാഷ്ട്രമായ ശേഷം അവര്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ആദ്യമായി കിട്ടിയത് 98ലായിരുന്നു. പിന്നീട് കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ കളിക്കാനുള്ള കാത്തിരിപ്പ് പിന്നെയും തുടര്‍ന്നു. 2014ല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി യോഗ്യത നേടുംവരെ.
അര്‍ജന്റീനയും നൈജീരിയയും ഇറാനും ഉള്‍പെട്ട ടീമില്‍ കളിച്ച് അരങ്ങേറ്റം കുറിച്ച് മടങ്ങി. ഇപ്പോഴിതാ രണ്ടാമതൊരു അവസരം അവരുടെ മുന്നില്‍ വന്ന് നില്‍ക്കുന്നു. ഗ്രൂപ്പ് ഒല്‍ ഒന്നാമതായി ഓസ്ട്രിയ ആദ്യം ടിക്കറ്റെടുത്തപ്പോള്‍ രണ്ടാം സ്ഥാനക്കാരായി ബോസ്‌നിയ. രണ്ടേ രണ്ട് പോയിന്റ് വ്യത്യാസത്തിന്.
സെര്‍ഗെ ബര്‍ബറാസെന്ന പുതിയ കോച്ചിന് കീഴില്‍ പുതിയ ആവേശത്തിലാണ് ടീം. തികഞ്ഞ മത്സരവീര്യം, കീഴടങ്ങാന്‍ തയ്യാറല്ലാത്ത മനസ്സ്. യോഗ്യതാമത്സരങ്ങളില്‍ 5 ഗോളടിച്ച് ടീമിന്റെ ടോപ് സ്‌കോറര്‍ ആയ ക്യാപ്റ്റന്‍ എഡിന്‍ ഡെക്കോക്ക് 39 വയസ്സ് കൂടുതല്‍ വേഗത്തില്‍ കുതിക്കാനുള്ള പ്രവര്‍ത്തനപരിചയം കുറിക്കുന്ന നമ്പര്‍ മാത്രം.
തബാക്കോവിച്ചും കൊലസാനിച്ചും ഒക്കെ വേണ്ട പിന്തുണയുമായി ഒപ്പമുണ്ട്. കാര്‍ഡിഫില്‍ എതിരാളികള്‍ക്ക് വേണ്ടി ആര്‍ത്തുവിളിക്കുന്ന കാണികളുടെ സമ്മര്‍ദം ഉള്ളിലെത്താതെ മാറ്റിനിര്‍ത്താനുള്ള വീര്യം അവരുടെ സിരകളിലുണ്ട്. നോക്കാം. രണ്ടാം ഊഴം അവര്‍ക്കുണ്ടാകുമോ എന്ന്.
അയല്‍ക്കാരായ വെയ്ല്‍സിനെ പോലെ വടക്കന്‍ അയര്‍ലന്‍ഡും 1958ലാണ് ആദ്യം ലോകകപ്പിന് എത്തുന്നത്. അന്ന് അവരും ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. പിന്നീട് അവര്‍ ലോകകപ്പിന് എത്തുന്നത് 1982ലാണ്. തൊട്ടടുത്ത തവണ അതായത് 1986ല്‍ വീണ്ടും എത്തി. 82ല്‍ ആദ്യഘട്ടം കടന്നാണ് പുറത്തായതെങ്കില്‍ 86ല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. നീണ്ട ഇടവേളക്ക് ശേഷം ഇക്കുറി ലോകകപ്പില്‍ പന്ത് തട്ടാന്‍ എത്തുമോ എന്നറിയാന്‍ മാര്‍ച്ച് എത്തണം.
യോഗ്യതാമത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ മൂന്നാമതായിരുന്നു വടക്കന്‍ അയര്‍ലന്‍ഡ്. ജര്‍മനിയായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ആദ്യം ലോകകപ്പിന് ടിക്കറ്റ് എടുത്തത്. നേഷന്‍സ് ലീഗിലെ റാങ്കിങ്ങിന്റെ ബലത്തിലാണ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയത്. ബെര്‍ഗാമോയില്‍ ഇറ്റലിയാണ് പ്ലേ ഓഫ് സെമിയില്‍ എതിരാളികള്‍.
കോണര്‍ ബ്രാഡ്‌ലി ടീമിനെ ഒത്തിണക്കത്തോടെ നയിക്കുന്ന ക്യാപ്റ്റനാണ്. ഡാനിയെല്‍ ബല്ലാര്‍ഡ്, പാഡി മക്‌നെയര്‍, ജേമി ഡോണ്‍ലി തുടങ്ങിയവരാണ് മറ്റ് പ്രമുഖര്‍. തന്ത്രങ്ങള്‍ മെനയുന്നത് മൈക്കിള്‍ ഓ നീല്‍. പ്രതിരോധത്തിലും പ്രത്യാക്രമണത്തിലും ഊന്നി കളിക്കുന്നതാണ് പൊതു ശൈലി.
ഒരു ഗോളടി വീരന്റെ കുറവുള്ളത് എങ്ങനെ മറികടക്കും എന്നതാണ് പ്രധാന വെല്ലുവിളി. നോക്കാം. ഈ പ്ലേ ഓഫ് മത്സരങ്ങളുടെ തീരുമാനം വന്നാലെ ഗ്രൂപ്പ് എയുടെ മത്സരചിത്രം പൂര്‍ണമായും പൂര്‍ണമാവുകയുള്ളു. ഗ്രൂപ്പ് എയില്‍ ഇടം പിടിച്ച മൂന്ന് ടീമുകളെ പറ്റി ഇനി നാളെ നോക്കാം.