FIFA WC 2026: ഇതു ഉറുഗ്വേ 2.0!! ബിയെല്‍സയുടെ പിള്ളേരെ സൂക്ഷിക്കണം, അട്ടിമറിക്കൊരുങ്ങി സൗദി
ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ ഉറുഗ്വെയില്‍ നിന്നാണെന്ന് പറയാം. 1930ലെ ആദ്യ ടൂര്‍ണമെന്റിലെ ചാമ്പ്യന്‍മാരായിരുന്നു അവര്‍. 1950ലും ഉറുഗ്വേ കിരീടം നേടി. ആദ്യം കലാശപ്പോരാട്ടത്തില്‍ തോല്‍പിച്ചത് അര്‍ജന്റീനയെ. പിന്നീട് 50ല്‍ ബ്രസീലിനെ. മൂന്ന് തവണ അവര്‍ നാലാംസ്ഥാനക്കാരായി. രണ്ട് തവണക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മൂന്ന് തവണ പ്രീക്വാര്‍ട്ടറിലും. ആകെ 14 തവണയാണ് ലോകകപ്പില്‍ ഉറുഗ്വെ പങ്കെടുത്തത്.
കഴിഞ്ഞ കുറി ആദ്യഘട്ടത്തില്‍ തന്നെ പുറത്തായ അവസ്ഥ ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ചാണ് ഉറുഗ്വെ എത്തുന്നത്. അതിന് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന ഘടകം കോച്ചും. കിറുക്കന്‍ എന്ന് വിളിപ്പേരുള്ള, ലോകത്തെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള പരിശീലകരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന മാര്‍സെലോ ബിയെല്‍സയാണ് ഉറുഗ്വെയെ ഇക്കുറി പരിശീലിപ്പിക്കുന്നത്.

Photocredit/ /instagram/aufoficial
2023ല്‍ ചുമതലയേറ്റെടുത്തിന് പിന്നാലെ ബിയെല്‍സ ടീമിന്റെ കളിയെ ഉടച്ചുവാര്‍ത്തു. പ്രതിരോധത്തിലൂന്നിയുള്ള പരമ്പരാഗത ശൈലിക്ക് പകരം ആക്രമിച്ച് കളിക്കുന്ന, നിമിഷനേരം കൊണ്ട് കളിക്കളത്തിലെ പൊസിഷനുകള്‍ മാറ്റിമറിക്കുന്ന ഉശിരന്‍ കളിയിലേക്ക് ടീമിലേക്ക് മാറ്റി.
ടീമിന്റെ പുത്തനുണര്‍വ് കണ്ട രണ്ട് ഫലങ്ങള്‍ ബിയെല്‍സക്കും ടീമിനും, പിന്നെ നാടിനാകെയും ഉഷാറ് നല്‍കുകയും ചെയ്തു. അര്‍ജന്റീനയെയും ബ്രസീലിനെയും തോല്‍പ്പിച്ചതായിരുന്നു ആ രണ്ട് മത്സരങ്ങള്‍. ലോകകപ്പ് നേടിയെത്തിയ ശേഷമുള്ള അര്‍ജന്റീനയുടെ തോല്‍വി 2-0ന്. ബ്രസീലിന് എതിരെയുള്ള ജയവും അതേ സ്‌കോറിന്.
CONMEBOL യോഗ്യതാമത്സരങ്ങളില്‍ മികച്ച പ്രകടനവുമായി പ്ലേഓഫ് സമ്മര്‍ദമില്ലാതെ നേരിട്ട് ലോകകപ്പിനെത്തുകയും ചെയ്തുക.കായികോര്‍ജം പരമാവധി പ്രയോജനപ്പെടുത്തി ആഞ്ഞ് ആക്രമിക്കുകയാണ് ഉറുഗ്വെ ഇപ്പോള്‍ ചെയ്യുന്നത്. പന്തിന്റെ കയ്യടക്കം പെട്ടെന്ന് സ്വന്തമാക്കും. കണ്‍ചിമ്മിത്തുറക്കും മുമ്പ് കളിയുടെഗതി മാറ്റും, അതാണ് ലൈന്‍.
പിന്നെ എതിര്‍ടീം ആരായാലും പേടിയുമില്ല. എന്ന് മാത്രവുമല്ല അവരെ മാനസികമായി ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതിനിടയില്‍ പിന്‍നിര ദുര്‍ബലമാകാതെ പോകാനും ഗോള്‍ വഴങ്ങാതിരിക്കാനും ശ്രദ്ധിക്കണമെന്നും മാത്രം. കോച്ചിന്റെ തന്ത്രങ്ങളുടെ കരുത്ത് നായകന്‍ ഫെഡെറികോ വല്‍വെര്‍ദേ ആണ്.
മധ്യനിരയില്‍ നല്ല മികവ്. ലോങ് റേഞ്ചില്‍ ആഞ്ഞടിച്ച് ഗോള്‍ വീഴ്ത്താന്‍ കഴിവ്. ഇതാണ് നായകനെ ടീമിന്റെ നട്ടെല്ലാക്കുന്നത്. അവിടെ നായകന് കൂട്ടായി പ്രതിരോധത്തിലൂന്നി മധ്യനിര നോക്കാന്‍ റൊണാള്‍ഡ് അരുഹോയും ജോസ് മരിയ ഗിമെനസും ഉണ്ട്.
പോരാഞ്ഞ് മാനുവല്‍ ഉഗാര്‍ട്ടെയും റോഡ്രിഗോ ബെന്റന്‍ക്കൂറും. ഡാര്‍വിന്‍ നുനെസ് ആണ് ആക്രമണത്തിന്റെ കുന്തമുന. യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതും നുനെസ് ആണ്. ടീമും സുസജ്ജം, കോച്ചും തയ്യാര്‍.
അന്ന് അര്‍ജന്റീന, ഇനിയാര് ?
ആദ്യമത്സരത്തില്‍ ഉറുഗ്വെ നേരിടുക സൗദി അറേബ്യയെ ആണ്. ഖത്തറില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പിച്ച് ലോകത്തെ തന്നെ ഞെട്ടിച്ച ടീമാണത്. ആകെ ആറു തവണയെ ലോകകപ്പില്‍ കളിച്ചിട്ടുള്ളു എന്ന ചരിത്രത്തില്‍ കാര്യമില്ല എന്നര്‍ത്ഥം.

photocredit/ /instagram/saudint
1994ല്‍ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയെത്തിയപ്പോള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം. പിന്നെ തുടര്‍ച്ചയായി വന്ന മൂന്ന് ലോകപ്പിലും രണ്ട് ടൂര്‍ണമെന്റുകളുടെ ഇടവേളക്ക് ശേഷം 2018ലും 2022ലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
പ്ലേഓഫ് വരെ നീണ്ട നാടകീയതക്ക് ശേഷമാണ് സൗദി ഈ ലോകകപ്പിനെത്തുന്നത്. അര്‍ജന്റീനക്ക് എതിരെ ഖത്തറില്‍ വിജയഗോള്‍ അടിച്ച സലീം അല്‍ ദൗസരിയാണ് ഇപ്പോള്‍ നായകന്‍. ടീമിന്റെ മികവിന്റെ അച്ചുതണ്ട് നായകനാണ്. ഗോളടിക്കാന്‍ കൂട്ടിനുള്ളത് ഫിറാസ് അല്‍ ബുരൈകന്‍.
മധ്യനിരയില്‍ മുഹമ്മദ് കന്നോ, അലി അല്‍ ബുലാഹി. ഇവര്‍ക്കെല്ലാം സൗദി ക്ലബ്ബുകളില്‍ കളിച്ച് നല്ല പരിചയം. ടീം ഒത്തിണക്കത്തില്‍ അത് വളരെ പ്രധാനവും. അവര്‍ക്ക് വേണ്ട തന്ത്രമോതുന്നത് യാര്‍ജിയസ് ഡോണിസ്.
സൗദി ക്ലബ്ബുകളിലെ പരിശീലകനായിട്ടുള്ള ഡോണിസിന് ടീമിനെ നല്ല പരിചയം. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രമാണ് ചുമതലയേറ്റതെങ്കിലും ടീമിന് പുത്തനുണര്‍വ് നല്‍കാന്‍ ഡോണിസിന് കഴിഞ്ഞിട്ടുണ്ട്.
ലോകകപ്പിലും കോപ്പ അമേരിക്കയിയും ഒളിമ്പിക്‌സിലുമെല്ലാം ചാമ്പ്യന്‍മാരായിട്ടും എന്തു കൊണ്ടോ പക്ഷേ ബ്രസീലിന്റെയോ അര്‍ജന്റീനയുടെയോ പെരുമ ഫുട്‌ബോളില്‍ ഉറുഗ്വെക്ക് ചാര്‍ത്തിക്കിട്ടിയില്ല. ഇക്കുറി അത് മാറ്റാന്‍ ഉറുഗ്വെക്ക് കഴിയുമോ? ആദ്യമത്സരത്തില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ടീമിനെ വീണ്ടും തോല്‍പിച്ച് സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുമോ? നോക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications