ഇബ്രയുടെ നാട്ടുകാര്‍ റെഡിയാണ്, ഖത്തറില്‍ ഫ്രാന്‍സിനെ തീര്‍ത്ത ടുണീഷ്യയുടെ അടുത്ത 'ഇരയാര്?
പ്ലേഓഫിന്റെ ടെന്‍ഷനും മറികടന്നാണ് സ്വീഡന്‍ പതിമൂന്നാമത്തെ ലോകകപ്പിന് എത്തുന്നത്. ആദ്യം ഉക്രെയ്‌നെയും പിന്നെ സാക്ഷാല്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടിനെയും തോല്‍പ്പിച്ചാണ് ആ വരവ്. ചരിത്രത്തില്‍ അല്‍പം ഗമയൊക്കെ പറയാമെങ്കിലും തുടര്‍ച്ചയായി രണ്ടാമത്തെ ലോകകപ്പിലും കളിക്കാതിരിക്കുക എന്ന അവസ്ഥ നാലാമതും വരാതിരിക്കാന്‍ സ്വീഡന്‍ ഇത്തിരി വിയര്‍ത്തു എന്ന് ചുരുക്കം.
സ്വീഡന്‍ ആദ്യം ലോകകപ്പിനെത്തുന്നത് 1934ലാണ്. അന്ന് ക്വാര്‍ട്ടറിലെത്തി. 38ല്‍ നാലാം സ്ഥാനക്കാരായി. പിന്നെ ടൂര്‍ണമെന്റ് നടന്നത് 1950ല്‍. അന്ന് മൂന്നാം സ്ഥാനക്കാരായി. തൊട്ടടുത്ത തവണ അതായത് 1954ല്‍ യോഗ്യത നേടിയില്ല.
ആ ക്ഷീണം സ്വന്തം നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ നാട്ടുകാര്‍ക്കുമുന്നില്‍ കലാശപ്പോരാട്ടത്തിലെത്തി തീര്‍ത്തു. ബ്രസീലിനോടാണ് തോല്‍വി വഴങ്ങിയത്. 5-2 എന്നതായിരുന്നു സ്‌കോര്‍. അന്ന് മുതല്‍ ഫുട്‌ബോളിലെ ക്ലാസിക് വൈരികളായി കണക്കാക്കുന്ന കോംബോ ആണത്.

photocredit/instagram/swemnt
പിന്നെ 74ല്‍ ക്വാര്‍ട്ടറില്‍. 94ല്‍ മൂന്നാംസ്ഥാനം. 2002ലും 2006ലും പ്രീ ക്വാര്‍ട്ടര്‍. 2018ല്‍ ക്വാര്‍ട്ടറില്‍ ഇതിനിടിയില്‍ ചിലത് യോഗ്യത നേടാതെയും ആദ്യ റൗണ്ടില്‍ കാലിടറിയും. അങ്ങനെ ആകെ 12 തവണയാണ് സ്വീഡന്‍ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ളത്. ഖത്തറിന് പിന്നാലെ ഇത്തവണ ത്രിരാഷ്ട്ര ആതിഥേയത്വവും കൈവിട്ടു പോകുമോ എന്ന ആശങ്കയില്‍ നിന്നാണ് സ്വീഡന്‍ ജീവവായു വീണ്ടെടുത്തത്.
യോഗ്യതാ മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും കൊസോവക്കും സ്ലോവേനിയക്കും പിന്നാലെ അവസാന സ്ഥാനക്കാരായപ്പോള്‍ യോന്‍ ദാന്‍ തൊമാസ്സന്റെ കോച്ച് സ്ഥാനം തെറിച്ചു. പകരം വന്ന ഗ്രഹാം പോട്ടര്‍ ആഞ്ഞു പണിയെടുത്തു. പരമ്പരാഗതമായി പിന്തുടര്‍ന്ന് വന്ന 4-4-2 എന്ന രീതിയില്‍ നിന്ന് ടീമിനെ പുതുക്കിപ്പണിയാന്‍ പോട്ടര്‍ക്ക് കഴിഞ്ഞു. പൊസിഷനുകള്‍ മാറ്റിമറിച്ചും കയ്യടക്കത്തിലൂന്നിയും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയും ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കി കോച്ച്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞ വിക്ടര്‍ ഗ്യോകെറെസും അലക്‌സാണ്ടര്‍ ഇസാക്കുമാണ് ആക്രമണനിരയിലെ കേമന്‍മാര്‍. പ്രതിരോധത്തിന്റെ നട്ടെല്ലായ വിക്റ്റര്‍ ലിന്‍ഡലോഫ് പരിചയസമ്പത്തു കൊണ്ട് മികച്ച നായകനുമാണ്.
തന്ത്രങ്ങള്‍ മെനയാന്‍ കേമനായ ദേജന്‍ കുലുസെവെസ്‌കി നായകന്റെ പിന്‍ബലമാണ്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ പോലെയുള്ള പ്രഗത്ഭ താരങ്ങളെ നല്‍കിയ സ്വീഡന്റെ പുത്തന്‍ താരോദയമുണ്ടാകുമോ ഇക്കുറി കാത്തിരിക്കണം. അതിന്റെ ആദ്യസൂചനകള്‍ ആദ്യമത്സരത്തില്‍ തന്നെ കാണുമോ എന്നും നോക്കണം.
സ്വീഡന്റെ ആദ്യ എതിരാളികളായ ടുണീഷ്യ ഖത്തറില്‍ ഉള്‍പെടെ ആറ് തവണയാണ് ഇതിന് മുമ്പ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. ആറ് തവണയും അവര്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി. ഖത്തറില്‍ പക്ഷേ അവര്‍ ഒരു ഞെട്ടിക്കല്‍ വിജയം നേടിയിട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഗ്രൂപ്പ് മത്സരത്തില്‍ ഒരൊറ്റ ഗോളിന് തോല്‍പിച്ചു.
അന്ന് വിജയഗോള്‍ നേടിയ നായകന്‍ വഹ്ബി ഖസ്രി രാജ്യത്തിന്റെ മുഴുവന്‍ ഹീറോ ആയി. ഇക്കുറി അവര്‍ എത്തുന്നത് വരുന്നത് യോഗ്യതാ മത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയാണ്. ഒറ്റ ഗോള്‍ വഴങ്ങാതെ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്ന ആദ്യത്തെ ടീം എന്ന റെക്കോഡും അവര്‍ക്ക് സ്വന്തം. അവര്‍ ഒരുങ്ങിത്തന്നെയാണ് ഏഴാം വേദിയിലെത്തുന്നത് എന്ന് ചുരുക്കം.
പ്രതിരോധക്കരുത്തില്‍ ടുണീഷ്യ
ടുണീഷ്യയുടെ പ്രതിരോധനിര തീര്‍ക്കുന്നത് കോട്ട തന്നെയാണ് വ്യക്തമാക്കുന്നതാണ് യോഗ്യതാ മത്സരങ്ങളില്‍ അവര്‍ക്കെതിരെ ആരും ഗോളടിച്ചില്ല എന്ന വസ്തുത. മൊണ്ടാസര്‍ തല്‍ബി പ്രതിരോധനിരയുടെ കരുത്താകുമ്പോള്‍ അതിന് പിന്തുണക്കുകയും അതേസമയം ആക്രമണനിരക്ക് പന്തെത്തിച്ചു കൊടുക്കുകയും ചെയ്യുന്ന മധ്യനിരയും ഉഷാറാണ് നായകന്‍ എല്ലിസ് സിഖ്രി.

photocredit/ instagram/tunisia_foot
ടീമിന്റെ തന്ത്രങ്ങളുടെ നെടുംതൂണായ ഹാനിബല്‍ മെജ്ബ്രി, വേണ്ടപ്പോള്‍ മുന്നിലിറങ്ങി കളിച്ച് ഗോളടിക്കുന്ന മുഹമ്മദ് റോംദാനെ, അനിസ് സ്ലിമാന്‍ അങ്ങനെ നിരവധി പേര്‍. ആക്രമണത്തിന് ഏലിയാസ് സാദും ഏലിയാസ് അച്ചൂരിയും. ടുണീഷ്യ ടീം നല്ല കോംബോ ആണ്.
അനുഭവസമ്പത്തും പുത്തന്‍ ഊര്‍ജവും കോര്‍ത്തിണക്കി പണിത ടീമിന് അച്ചടക്കവും വീര്യവും പകര്‍ന്ന് മധ്യനിരയില്‍ പണിഞ്ഞും മാറ്റിപ്പണിഞ്ഞുമുള്ള തന്ത്രങ്ങളില്‍ ഊന്നി കളിക്കാനാണ് കോച്ച് സാബ്രി ലമൗച്ചി പഠിപ്പിച്ചിരിക്കുന്നത്. അഫ്‌കോണ്‍ ടൂര്‍ണമെന്റിലെ നിരാശപ്പെടുത്ത പ്രകടനത്തിന് പിന്നാലെ ഇക്കൊല്ലം ആദ്യമാണ് സാമി ട്രബേയ്‌സിക്ക് പകരം ലമൗച്ചിയെ ടൂണിഷ്യ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചായി നിയമിച്ചത്.
ഫ്രാന്‍സിന് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ലമൗച്ചിക്ക് ലോകകപ്പ് പരിശീലനകമായും പരിചയമുണ്ട്. 2014ല്‍ ലോകകപ്പില്‍ കളിച്ച ഐവറി കോസ്റ്റ് ടീമിന്റെ കോച്ചായിരുന്നു ലമൗച്ചി. ടുണീഷ്യയും ഒരുങ്ങിയാണ് വരുന്നത്. സ്വീഡനും അങ്ങനെ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രൂപ്പ് എഫിലെ ടീമുകളുടെ ആദ്യമത്സരം തന്നെ നല്ല ഉഷാറാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications