ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയില്‍ ഇടം ഉറപ്പിച്ച മൂന്നാമത്തെ ടീം ദക്ഷിണ കൊറിയയാണ്. ഏഷ്യയുടെ കരുത്ത് അറിയിച്ച് തുടര്‍ച്ചയായി 11ാം തവണയാണ് കൊറിയ ലോകകപ്പിന് മത്സരിക്കാനെത്തുന്നത്. അതെ, 1986 മുതല്‍ അവര്‍ ലോകകപ്പ് വേദിയില്‍ പന്ത് തട്ടുന്നുണ്ട്. 2002ല്‍ ജപ്പാനുമായി കൈ കോര്‍ത്ത് ലോകകപ്പിന് ആതിഥ്യമരുളിയ തവണ,
2002ല്‍ സെമി വരെ എത്തിയതാണ് അവരുടെ ഏറ്റവും വലിയ നേട്ടം. കളിയിലെ മികവിനും നിതാന്ത പരിശ്രമത്തിനും അവസാന നിമിഷം വരെ പോരാടാനുള്ള വീര്യത്തിനും ഒപ്പം കളിക്കളത്തിലും പുറത്തും പുലര്‍ത്തുന്ന അച്ചടക്കവും വിനയവും ദക്ഷിണ കൊറിയക്ക് നാടിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറവും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.
1954ലാണ് ആദ്യമായി ദക്ഷിണ കൊറിയ ലോകകപ്പിന് എത്തുന്നത്. അന്ന് രണ്ട് മത്സരം തോറ്റ് ഗ്രൂപ്പില്‍ അവസാനക്കാരായി പുറത്ത് പോയി. 58ല്‍ യോഗ്യത നേടാനുള്ള അവസരം ഫിഫ നല്‍കിയില്ല. അപേക്ഷാ നടപടിക്രമങ്ങളിലെ സാങ്കേത്തിക തകരാര്‍ ആയിരുന്നു കാരണം. 62ല്‍ യോഗ്യത നേടിയില്ല.

66ല്‍ യോഗ്യതക്കായി പോരാടാനിറങ്ങി അവസാന നിമിഷം പിന്‍മാറി. അവസാന നിമിഷം വേദി മാറ്റിയതിലെ (കംബോഡിയയിലേക്ക് ) ബുദ്ധിമുട്ടുകള്‍ ആണ് അന്ന് ഒഴിവായിക്കൊണ്ട് പറഞ്ഞ ഔദ്യോഗിക വിശദീകരണം. ഫിഫയുടെ ചില ചട്ടങ്ങളിലെ വിയോജിപ്പ്, രാഷ്ട്രീയ എതിരാളികളായ ഉത്തര കൊറിയയെ നേരിടേണ്ടി വരുമോ എന്ന ആശങ്ക എന്നിവയൊക്കയും കാരണങ്ങളായി അന്ന് പറഞ്ഞ് കേട്ടിരുന്നു. പിന്നെ 1970, 74, 78, 82 എന്നീ നാല് ലോകകപ്പിലും യോഗ്യത നേടാന്‍ കഴിഞ്ഞില്ല.
1986ലാണ് ദക്ഷിണ കൊറിയ പിന്നെ കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ തിരിച്ചെത്തുന്നത്. പിന്നീടിങ്ങോട്ട് , ഇപ്പോള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ് വരെ, എല്ലാ തവണയും യോഗ്യത നേടി ദക്ഷിണ കൊറിയ ലോകകപ്പില്‍ മത്സരിക്കാനെത്തി. 86, 90, 94, 98, 2006, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി.
2018ല്‍ പക്ഷേ അതൊരു ഒന്നൊന്നര പുറത്താവലായിരുന്നു എന്ന് മാത്രം. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുക എന്ന നാണക്കേട് ഒഴിവാക്കാന്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പിക്കണമായിരുന്നു. പക്ഷേ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ വിജയമായിരുന്നു അന്ന് ദക്ഷിണ കൊറിയ നേടിയത്.
ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോളാണ് ദക്ഷിണ കൊറിയ ജര്‍മനിക്ക് എതിരെ നേടിയത്. ഗോളി ജോ ഹ്യൂന്‍ വൂവിന്റെ ഗംഭീര സേവുകളും ടീമിനെ രക്ഷിക്കാന്‍ ഗോള്‍ വലയം ഉപേക്ഷിച്ച് മധ്യനിരയിലേക്ക് ഇറങ്ങി കളിച്ച ജര്‍മനിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറും എക്കാലത്തേയും ഓര്‍മചിത്രങ്ങളാണ്.
2010ലും പിന്നെ ഖത്തറില്‍ 2022ല്‍ നടന്ന ലോകകപ്പിലും പ്രീക്വാര്‍ട്ടറിലെത്തി. 2010ല്‍ സാക്ഷാല്‍ അര്‍ജന്റീനക്ക് പിന്നാലെ ഗ്രൂപ്പ് ബിയില്‍ രണ്ടാമത് എത്തിയാണ് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറിലെത്തിയത്. നൈജീരിയയും ഗ്രീസുമായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഗ്രീസിനെ മറുപടി ഇല്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു, നൈജീരിയയോട് സമനില വഴങ്ങി, അര്‍ജന്റീനയോട് 4-1ന് തോറ്റു. ഇതായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം. പ്രീ ക്വാര്‍ട്ടറില്‍ ഉറുഗ്വെയോട് പൊരുതി തോറ്റ് നാട്ടിലേക്ക് മടങ്ങി.
ഫുട്‌ബോളില്‍ കേമത്തം കൂടുതലുള്ള ടീമിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ സമാധാനത്തോടെ. 2022ല്‍ ഖത്തറില്‍ ഏഷ്യന്‍ മണമുള്ള മൈതാനത്ത് അതേ ഉറുഗ്വെയെ പിന്തള്ളിയാണ് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.
പോര്‍ച്ചുഗലും ഘാനയുമായിരുന്നു മറ്റ് രണ്ട് ടീമുകള്‍. ഉറുഗ്വെയോട് ഗോള്‍രഹിത സമനില വഴങ്ങിയും ഘാനയോട് 3-2ന് തോറ്റും നിന്ന കൊറിയക്കു തുണയായത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് എതിരെ നേടിയ 2-1ന്റെ വിജയം. ഗോള്‍ ശരാശരിയില്‍ ഉറുഗ്വെയെ പിന്നിലാക്കി ഗ്രൂപ്പില്‍ രണ്ടാമതായി പ്രീ ക്വാര്‍ട്ടറില്‍ . അവിടെ എതിരാളികള്‍ കാല്‍പന്തുകളിയുടെ പര്യായമായി വാഴ്ത്തിപ്പാടുന്ന ബ്രസീല്‍. 4-1ന് തോറ്റ് മടക്കം.
ലോകകപ്പിലെ ഏറ്റവും മിന്നുന്ന പ്രകടനം കൊറിയ കാഴ്ച വെച്ചത് 2002ലാണെന്ന് ആദ്യമേ പറഞ്ഞല്ലോ. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സും എക്കാലത്തും ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയ ടീമായ അര്‍ജന്റീനയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന്റെ ഞെട്ടല്‍ കണ്ട ലോകകപ്പായിരുന്നു അത്. ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായാണ് ദക്ഷിണ കൊറിയ ഗ്രൂപ്പ് ഘട്ടം കടന്നത്.
പോര്‍ച്ചുഗലിനെ ഒരൊറ്റ ഗോളിനും പോളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനും തോല്‍പിച്ചും അമേരിക്കയെ സമനിലയില്‍ തളച്ചുമാണ് അവര്‍ ആ ഒന്നാം സ്ഥാനം നേടിയത്. രണ്ടാമത് എത്തിയത് അമേരിക്കയും. പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത് ലോകകപ്പിന്റെ കണക്കുപുസ്തകത്തില്‍ ബഹുദൂരം മുന്നിലുള്ള ഇറ്റലിയെ.
ആവേശം നിറഞ്ഞ് നിന്ന മത്സരത്തിന്റെ അവസാന നിമിഷത്തിലായിരുന്നു ദക്ഷിണ കൊറിയ സമനില ഗോള്‍ നേടിയത്. അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിലാണ് വിജയഗോള്‍ പിറന്നത്. സ്‌പെയിന് എതിരായ ക്വാര്‍ട്ടര്‍ കണ്ടത് പെനാല്‍റ്റിയുടെ ആവേശവും സമ്മര്‍ദവും. ഒടുവില്‍ ജയവും.
സെമിയില്‍ കരുത്തരായ ജര്‍മനിയോട് കട്ടക്ക് നിന്നു അവര്‍, പക്ഷേ എഴുപത്തി അഞ്ചാം മിനിറ്റില്‍ ബല്ലാക്ക് വിജയഗോള്‍ അടിച്ചു. മൂന്നാംസ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ തുര്‍ക്കി തോല്‍പിച്ചു. അന്ന് ടീമിനെ നയിച്ച, മികച്ച മൂന്നാമത്തെ കളിക്കാരനുള്ള വെങ്കല പന്ത് നേടിയ, ഏഷ്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന ഹോങ് മ്യുങ് ബോ ആണ് ഇന്ന് ടീമിനു തന്ത്രങ്ങളോതുന്നത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദക്ഷിണ കൊറിയ പുരുഷ ഫുട്‌ബോളില്‍ വെങ്കലം നേടിയത് അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലായിരുന്നു. ദക്ഷിണ കൊറിയയുടെ ആദ്യമായിട്ടായിരുന്നു ഒളിമ്പിക് ഫുട്‌ബോള്‍ മെഡല്‍ നേടുന്നത്. ഒരു ഏഷ്യന്‍ രാജ്യം ആ നേട്ടം സ്വന്തമാക്കുന്നത് 44 വര്‍ഷത്തിന് ശേഷവും.
ഇക്കുറി മികച്ച പ്രകടനം ടീം കാഴ്ച വെക്കുമെന്ന് ദക്ഷിണ കൊറിയയിലെ ഫുട്‌ബോള്‍ പ്രേമികള്‍ വെറുതെയങ്ങ് വിചാരിക്കുകയല്ല എന്നര്‍ത്ഥം. അവര്‍ക്കതിന് കാരണങ്ങളുണ്ട്. 2014ല്‍ ഹോങ് മ്യുങ് ബോക്ക് മാജിക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ഇക്കുറി യോഗ്യതാമത്സരങ്ങളിലെ മിന്നും പ്രകടനത്തിന്റെ മികവില്‍ അവര്‍ മാറ്റിവെക്കുന്നു.
അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് മൈതാനത്ത് കരുത്താകാന്‍ അവര്‍ക്ക് പ്രിയപ്പെട്ട സുന്‍ ഹ്യുങ് മിന്‍ ഉണ്ട്. മികച്ച ഏഷ്യന്‍ കളിക്കാരനാണ് എന്ന ചോദ്യത്തിനും ഹോങ് മ്യുങ് ബോയുടെ പിന്‍ഗാമിയാണ് സുന്‍ ഹ്യുങ് മിന്‍. പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഏറ്റവും ഗോളടിച്ച ഏഷ്യക്കാരന്‍. പിന്നെ കിം മിന്‍ ജേ, ലീ കാങ് ഇന്‍. ഹ്വാങ് ഹി ചാന്‍, ഹ്വാങ് ഇന്‍ ബോം തുടങ്ങി വിശ്വസ്തരുടെ നീണ്ട നിര.
ലോകകപ്പ് വേദിയില്‍ രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുമ്പോള്‍ കൊറിയയുടെ കളിക്കാര്‍ക്ക് കാലില്‍ ചിറക് വെക്കാറുണ്ട്. തോല്‍ക്കുമെന്ന് ഉറപ്പായ മത്സരങ്ങളിലും അവസാന നിമിഷത്തിലും അവര്‍ പോരാടും. നോക്കാം, മെക്‌സിക്കോയിലെ കാലാവസ്ഥയോട് പൊരുതി അവര്‍ എത്ര ദൂരം പോകുമെന്ന്. ഒന്ന് ഉറപ്പിക്കാം, അവര്‍ വെറുതെ പോവില്ല.