Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Fifa World Cup 2026: വമ്പന്‍മാരെ കട പുഴക്കുമോ മെക്‌സിക്കന്‍ തിരമാല? ഖത്തറിലെ കടം തീര്‍ക്കണം!!

ഇതാദ്യമായാണ് മൂന്ന് രാജ്യങ്ങള്‍ കൂട്ടായി നിന്ന് ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്നത്. അതു കൊണ്ട് തന്നെ ഇതാദ്യമായി യോഗ്യതാ മത്സരങ്ങളുടെ കാഠിന്യമറിയാതെ ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് മൂന്ന് ടീമുകളും യോഗ്യത നേടിയിരിക്കുന്നു. അതില്‍ തന്നെ ഒരു ഗ്രൂപ്പില്‍ ഉള്‍പെടുന്ന രണ്ട് രാജ്യങ്ങളുണ്ട്.

CONCACAF അഥവാ Confederation of North, Central America and Caribbean Association Football അഥവാ വടക്കന്‍ അമേരിക്കയും മധ്യ അമേരിക്കയും കരീബിയന്‍ നാടുകളും ഉള്‍പെട്ട ഗ്രൂപ്പിലാണ് അമേരിക്കയും മെക്സിക്കോയും ഉള്‍പെടുന്നത്. ഈ ഗ്രൂപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്ബോളില്‍ കളിച്ചിട്ടുള്ള രണ്ട് ടീമുകളും അമേരിക്കയും മെക്സിക്കോയും തന്നെ.

MEXICO TEAM

കൂട്ടത്തില്‍ ഇത്തിരി തലപ്പൊക്കം കൂടുക മെക്‌സിക്കോക്കാണ്. ഫിഫ ഏറ്റവും പ്രധാനപ്പെട്ടതായി അംഗീകരിച്ചിരിക്കുന്ന മൂന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ രണ്ടെണ്ണത്തിലും ചാമ്പ്യന്‍മാരായിട്ടുള്ള എട്ട് രാജ്യങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ. 2012ലെ ഒളിമ്പിക് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മെക്‌സിക്കോ 99ല്‍ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയിരുന്നു. ചിരവൈരികളായ അമേരിക്കക്ക് ആകട്ടെ കിരീടമൊന്നും ഇല്ല താനും.

മധുരപ്പതിനേഴ്‌

17 തവണ പങ്കെടുത്ത പരിചയവുമായാണ് ആതിഥേയരുടെ നിറപ്പകിട്ട് അധികച്ചന്തവുമായി മെക്‌സിക്കോ ഈ ലോകകപ്പിനു എത്തുന്നത്. 1930ലെ ആദ്യ ലോകകപ്പ് ടൂര്‍ണമെന്റ് മുതല്‍ മെക്‌സിക്കോ പങ്കെടുക്കുന്നുണ്ട്. അന്നും പിന്നീട് 1950, 1954, 1958, 1962, 1966, 1978 തുടങ്ങി കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ വരെ പ്രാഥമിക റൗണ്ടില്‍ തന്നെ മെക്‌സിക്കോ പുറത്തുപോയി. 1994മുതല്‍ 2018വരെ തുടര്‍ച്ചയായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയ ടീമാണ് മെക്‌സിക്കോ. 1934ലും പിന്നെ 74ലും 1982ലും മെക്‌സിക്കോക്ക് യോഗ്യതാമത്സരങ്ങളില്‍ കാലിടറി. 1990ല്‍ നിരോധനം കാരണം കളിക്കാനായില്ല.

മുമ്പ് രണ്ട് തവണ ആതിഥേയരായിരുന്നപ്പോഴാണ് മെക്‌സിക്കോ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ക്വാര്‍ട്ടറില്‍ എത്തിയതും. 1970ലും 86ലും. ഇപ്പോള്‍ വീണ്ടും ആതിഥേയരുടെ റോളിലെത്തുന്ന മെക്‌സിക്കോ മൂന്നാംതവണ കൂടുതല്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ്. രണ്ടൊത്താല്‍ മൂന്നൊത്തുവെന്ന പഴമൊഴിയില്‍ വിശ്വാസമര്‍പ്പിക്കുക കോച്ച് കൂടിയാണ്.

ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ ഹാവിയര്‍ അഗ്വിറെ എത്തുന്നതും ഇത് മൂന്നാംതവണ. മുമ്പ് 2002ലും 2010ലും കോച്ചായിരുന്നു അഗ്വിറെ. 2009ലും പിന്നെ ഇക്കൊല്ലവും CONCACAF ഗോള്‍ഡന്‍ കപ്പ് കിരീടം മെക്‌സിക്കോ നേടിയത് അഗ്വിറെയുടെ കീഴിലായിരുന്നു. 2002ല്‍ കോപ്പ അമേരിക്ക ഫൈനലില്‍ മെക്‌സിക്കോ എത്തിയതും അഗ്വിറെയുടെ തന്ത്രങ്ങളില്‍.

അണിയറയില്‍ മാര്‍ക്വെസും!

പുതിയ തന്ത്രങ്ങള്‍ ഇക്കുറി മെനയാന്‍ അഗ്വിറോക്ക് കൂട്ടായി എത്തുന്നത് മെക്‌സിക്കോയുടെ സ്വന്തം കൈസര്‍ ആണ്. തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുള്ള നാലേ നാല് താരങ്ങളില്‍ ഒരാളായ, മെക്‌സിക്കോയുടെ എക്കാലത്തേയും മികച്ച പ്രതിരോധമായി വാഴ്ത്തപ്പെടുന്ന റാഫെല്‍ മാര്‍ക്വെസ് എന്ന റാഫെല്‍ അല്‍വേര മാര്‍ക്വെസ് ആണ് അസിസ്റ്റന്റ് കോച്ച്.

1986ല്‍ റണ്ണേഴ്‌സ് അപ്പായ പശ്ചിമ ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ക്വാര്‍ട്ടറില്‍ മെക്‌സിക്കോ തോറ്റത്. നിരാശരായ കാണികള്‍ക്ക് പക്ഷേ എന്നും ഓര്‍മിക്കാന്‍ ഒന്നുണ്ടായിരുന്നു. ഒരു സുവര്‍ണ സ്മരണ. ബള്‍ഗേറിയക്ക് എതിരായ മത്സരത്തില്‍ മാനുവല്‍ നെഗ്രെറ്റെ അടിച്ച അതിമനോഹരമായ സിസര്‍കിക്ക് ഗോള്‍.

MARQUEZ

ആ ടൂര്‍ണമെന്റിലെ തന്നെ മനോഹരമായ ഗോള്‍. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ അസ്‌ടെക സ്റ്റേഡിയത്തില്‍ അതിന്റെ സ്മരണികയുമുണ്ട്. ഇക്കുറി പുതിയ സ്മരണികകള്‍ നാടിന്റെ കാല്‍പന്തുകളി താത്പര്യത്തോട് ചേര്‍ത്തു വെക്കാനാകുമെന്ന് മെക്‌സിക്കോ കരുതുന്നു.

ഹ്യൂഗോ സാഞ്ചെസ്, ബ്ലാങ്കോ, മാര്‍ക്വെസ്, ഹാവിയര്‍ ഹെര്‍ണാണ്ടസ് കാംപോസ് , ബോര്‍ഗെറ്റി, ഗ്വാര്‍ഡെദോ, ലൂയി ഹെര്‍ണാണ്ടസ്, ഒച്ചാവോ അങ്ങനെ അങ്ങനെ മിടുക്കന്‍മാരായ നിരവധി ഫുട്‌ബോള്‍ കളിക്കാരെ തന്ന, മികച്ച പ്രകടനം കാഴ്ച വെച്ച മെക്‌സിക്കോ മൂന്നാംവട്ടം ആതിഥേയരാകുമ്പോള്‍ എന്ത് മാജിക്ക് ആകും കാണിക്കുക? ചിരവൈരികളായ അമേരിക്കയെ അവര്‍ എങ്ങനെ ഞെട്ടിക്കും? കാത്തിരിക്കാം.

വാല്‍ക്കഷ്ണം: റാഫെല്‍ മാര്‍ക്വെസ് 2002, 2006, 2010, 2014, 2018 ലോകകപ്പുകളിലാണ് തുടര്‍ച്ചയായി കളിച്ചത്. അഞ്ച് ലോകകപ്പുകളില്‍ തുടര്‍ച്ചയായി കളിച്ച മറ്റ് താരങ്ങള്‍ മെക്‌സിക്കോയുടെ തന്നെ ഗോള്‍കീപ്പറായിട്ടുള്ള അന്റോണിയോ കര്‍ബജാല്‍, ജര്‍മനിയുടെ ഇതിഹാസ താരം ലോതല്‍ മത്തേയൂസ്, ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണ്‍ എന്നിവരാണ്.

Story first published: Wednesday, September 24, 2025, 19:09 [IST]
Other articles published on Sep 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+