FIFA WC 2026: വീണ്ടും വരുമോ ജര്‍മന്‍ സുവര്‍ണകാലം? കുഞ്ഞന്‍മാരെങ്കിലും കളിയില്‍ കുറസാവോ കലക്കും!!
ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഇയില്‍ ജര്‍മനിയും കുറസാവോയും തമ്മിലാണ് ആദ്യമത്സരം. നാലുതവണ ലോകകപ്പ് നേടിയ ഗരിമയുള്ള ടീമാണ് ജര്‍മനി. രണ്ടാമതും മൂന്നാമതും എത്തിയ കണക്ക് വേറെ. 2014ല്‍ ലോകകപ്പ് നേടിയ ശേഷം പക്ഷെ ജര്‍മനിയുടെ കാര്യം കുറച്ച് കഷ്ടമാാണ്. ലോകകപ്പ് നിലനിര്‍ത്താനെത്തിയപ്പോള്‍ 2018ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
ആദ്യമത്സരത്തില്‍ മെക്‌സിക്കോ തോല്‍പിച്ചു. പിന്നെ സ്വീഡനോട് കഷ്ടി ജയിച്ച് പ്രതീക്ഷ നിലനിര്‍ത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ദക്ഷിണകൊറിയയോട് തോറ്റു.

Photocredit/instagram/dfb_team
അന്ന് ടീമിനെ എങ്ങനെയും ജയിപ്പിക്കാന്‍ പോസ്റ്റ് വിട്ട് കൊറിയന്‍ കളത്തിലേക്കിറങ്ങി കളിച്ച ഇതിഹാസതാരം മാനുവല്‍ നോയര്‍ എല്ലാകാലലത്തും ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലെ ഓര്‍മയാണത്.
2022ല്‍ ഖത്തറിലും അതുതന്നെയായിരുന്നു സ്ഥിതി. ഒരു ഏഷ്യന്‍ രാജ്യം ജര്‍മനിയെ ഞെട്ടിച്ചു, ജപ്പാന്‍. ആദ്യമത്സരത്തിലെ തോല്‍വി ജര്‍മനിയുടെ വീര്യം തളര്‍ത്തി. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ വീഴ്ചകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റോ, അതോ മൂന്നാംവട്ടം തുടര്‍ച്ചയായി നിരാശ തരുമോ എന്നറിയാനുള്ള വേദി കൂടിയാണ് ഇക്കൊല്ലത്തെ ലോകകപ്പ്.
യോഗ്യതാ മത്സരങ്ങളുടെ തുടക്കത്തില്‍ സ്ലോവാക്യയോട് തോറ്റപ്പോള്‍ ജര്‍മന്‍കാര്‍ ഒന്ന് ഞെട്ടി. പക്ഷേ അവിടെ നിന്ന് ഉഷാറായി കളിച്ച് തുടര്‍ച്ചയായി ജയിച്ച് .യുവേഫ യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഒന്നാമതായി ലോകകപ്പിലേക്ക് ടിക്കറ്റെടുത്തു. രണ്ടാമതും ഏറ്റുമുട്ടിയപ്പോള്‍ സ്ലോവാക്യയെ തകര്‍ത്തത് ഇരട്ടിമധുരവുമായി.
മുസിയാലയേയും ഫ്‌ലോറിയന്‍ വിര്‍ട്‌സിനെയും പോലെയുള്ള മിടുക്കന്‍മാരുള്ള മധ്യനിരയാണ് ടീമിന്റെ നട്ടെല്ല്. ഒരേ സമയം തന്ത്രങ്ങള്‍ മെനയാനും ആഞ്ഞടിക്കാനും കെല്‍പുള്ളവര്‍. കൈ ഹാവെര്‍ട്‌സ്, നിക്ക് വോള്‍ട്ടെമേഡ് തുടങ്ങിയ മിടുക്കന്‍മാരും അവര്‍ക്കൊപ്പം ചേരുമ്പോള്‍ ടീം ഭദ്രം.
പിള്ളേര്‍ക്കൊപ്പം അനുഭവസമ്പത്തിന്റെ കരുത്തുള്ള മാനുവല്‍ നോയര്‍ ഗോള്‍കീപ്പറായി തിരിച്ചെത്തിയിട്ടുണ്ട്. ഒപ്പം മാര്‍ക്ക് ആന്‍ഡ്രെ ടെര്‍ സ്റ്റെഗനുമുണ്ട്. ഇവരെയെല്ലാവരെയും നയിക്കാനുള്ളത് ജോഷ്വ കിമ്മിച്ച്.
31 വയസ്സേയുള്ളൂ. പഴയ ജര്‍മന്‍ നായകന്‍ ഫിലിപ്പ് ലാമുമായി പലപ്പോഴും ആരാധകര്‍ തുലനം ചെയ്യാറുണ്ട് കിമ്മിച്ചിനെ. കിറുകൃത്യം പാസിങ്ങ്, വേഗത, തന്ത്രജ്ഞത ഒപ്പം ഒന്നാന്തരം നായകഗുണവും. അതാണ് കിമ്മിച്ച്.
രണ്ട് ലോകകപ്പുകളിലെ തിരിച്ചടി മാറ്റാനുള്ള ദൗത്യമേറ്റെടുത്ത് ടീമിനെ പരിശിലീപ്പിക്കുന്നത് ജൂലിയന്‍ നാഗെല്‍സ്മാന്‍. ഏറ്റവും പ്രായം കുറഞ്ഞ ജര്‍മന്‍ കോച്ച് എന്ന റെക്കോഡ് എഴുതിച്ചേര്‍ത്താണ് മുപ്പത്തിയെട്ടുകാരനായ നാഗെല്‍സ്മാന്‍ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ കാലനേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞിരിക്കാതെ ഉഷാറായി പുതിയ ലക്ഷ്യത്തിനായി പോരാടാനാണ് നാഗെല്‍സ്മാന്‍ ടീമിനോട് പറഞ്ഞിരിക്കുന്നത്. തന്ത്രങ്ങളില്‍ ഫ്‌ലെക്‌സിബിലിറ്റിയും ടീമിന് പുത്തന്‍ ഉണര്‍വും നല്‍കിയാണ് കോച്ച് വീര്യം പകര്‍ന്നിരിക്കുന്നത്.
കുറസാവോ വരവറിയിക്കുമോ?
ആദ്യ മത്സരത്തില്‍ ജര്‍മനി നേരിടുന്നത് ലോകകപ്പില്‍ ആദ്യമായെത്തുന്ന ഒരു കുഞ്ഞന്‍ രാജ്യത്തെ ആണ്. ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യമായ കുറസാവോ. ആകെ ജനസംഖ്യ രണ്ട് ലക്ഷത്തില്‍ താഴെ. വിസ്തൃതി 444 ചതുരശ്ര കിലോമീറ്റര്‍.

photocredit/ instagram/curacao_football
സ്വപ്‌നങ്ങളുടെ വിസ്തൃതി അതിലും എത്രയോ കൂടുതലായിരുന്നതിനാല്‍ കുറസാവോ ലോകകപ്പില്‍ പന്ത് തട്ടും. കോണ്‍കകാഫ് യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത് എത്തിയാണ് കുറസാവോ ചരിത്രം കുറിച്ചത്. തോല്‍വിയറിയാതെയുള്ള മുന്നേറ്റമായിരുന്നു അത്.
ഏറ്റവും കുഞ്ഞന്‍ രാജ്യത്തിന്റെ കോച്ച് ഇക്കുറി ലോകകപ്പിനെത്തുന്ന ഏറ്റവും പ്രായമേറിയ പരിശീലകനാണ്. 78 കാരനായ ഡിക്ക് അഡ്വക്കേറ്റ്. 1994ല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ നെതര്‍ലന്‍ഡ്‌സ് ടീമില്‍ അംഗമായിരുന്നു ഇദ്ദേഹം. കുറസാവോയുടെ കോച്ചാകുന്നത് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍. കോച്ച് മാത്രമല്ല ടീമിലെ കളിക്കാരെല്ലാവരും നെതര്‍ലന്‍ഡുകാരാണ് എന്നത് മറ്റൊരു കൗതുകം.
നെതര്‍ലന്‍ഡ്‌സിന്റെ ഓറഞ്ച് കുപ്പായം വേണ്ടെന്ന് വെച്ച് നീല ജഴ്‌സിയിടുന്നവരുടെ നായകന്‍ ലിയാന്‍ഡ്രോ ബകുന. മധ്യനിരയുടെ ഹൃദയതാളം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച് നല്ല തഴക്കവും പഴക്കവും. സഹോദരന്‍ ജുനിഞ്യോ ബകുന ഒപ്പമുണ്ട്. നല്ല തന്ത്രങ്ങള്‍ പെട്ടെന്ന് മെനയുന്നതില്‍ നല്ല മിടുക്ക്.
പ്രതിരോധത്തില്‍ അര്‍മാന്‍ഡോ ഒപിസ്‌പോക്കും യൂറോപ്യന്‍ ഫുട്‌ബോളിന്റെ കരുത്തുണ്ട്. യെര്‍ഗന്‍ ലൊകാഡിയ, തഹിത് ചോങ് എന്നിവരും ഉള്‍പെട്ടതാണ് പ്രധാന താരനിര. മികച്ച പ്രതിരോധവും ആത്മവീര്യവും യൂറോപ്യന്‍ ഫുട്‌ബോളിന്റെ കണിശതയും പ്രായോഗിക പരിചയവും ആണ് കുറസാവോയുടെ കരുത്ത്. ജര്‍മനിക്ക് എതിരെ അവരെങ്ങനെ കളിക്കുമെന്ന് കാത്തിരിക്കാം.
ചരിത്രത്തിലെ കരുത്തിന് ആദ്യ മത്സരത്തില്‍ കാലിടറിയ കഥ നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളതാണല്ലോ. അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദി അറേബ്യ, ഫ്രാന്‍സിനെ തോല്‍പിച്ച സെനഗല്‍. നോക്കാം, കറുത്ത കുതിരകളാകുമോ കുറസാവോ എന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications