FIFA WC 2026: സ്‌പെയിനും ഉറുഗ്വേയും 'സുല്ലിട്ടു'!! കാബോ വെര്‍ദ കോട്ട തകര്‍ക്കുമോ മെസ്സിപ്പട?
ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടാണ് അര്‍ജന്റീന ആദ്യറൗണ്ട് കടന്ന് നോക്കൗട്ടിലേക്ക് എത്തിയത്. നിലവിലെ ചാമ്പ്യന്‍മാര്‍ എതിരാളികളുടെ ഗോള്‍വല നിറച്ചിരുന്നു. ഹാട്രിക്കും ഡബിളുമൊക്കെയായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു ലയണല്‍ മെസ്സി. നോക്കൗട്ടില്‍ അര്‍ജന്റീനക്ക് ആദ്യം നേരിടാനുള്ളത് പക്ഷേ സ്വന്തം ഗോള്‍വല കോട്ട പോലെ സൂക്ഷിക്കുന്ന ടീമിനെയാണ്.
ഈ ലോകകപ്പിലെ ഞെട്ടിക്കല്‍ ടീമായ കാബോ വെര്‍ദെ. ജൂലൈ മൂന്നിവ് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് അര്‍ജന്റീനയുമായുള്ള അവരുടെ അങ്കം. ലോകകപ്പിലെ ആദ്യ വരവില്‍ കാബോ വെര്‍ദെ നോക്കൗട്ടില്‍ എത്തിയത് രണ്ട് മുന്‍ ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ചിട്ടാണ്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ എത്തുന്ന ഏറ്റവും ചെറിയ രാജ്യമാണ് അഞ്ച് ലക്ഷം പേര്‍ മാത്രമുള്ള കാബോ വെര്‍ദെ.

സ്‌പെയിന്‍, ഉറുഗ്വെ, സൗദി അറേബ്യ എന്നിവര്‍ ഉള്‍പെട്ട ഗ്രൂപ്പ് എച്ചില്‍ നിന്ന് മൂന്ന് പോയിന്റുമായി രണ്ടാംസ്ഥാനക്കാരായിട്ടാണ് കുഞ്ഞന്‍ ദ്വീപ് രാജ്യം അരങ്ങേറ്റ ലോകകപ്പിലെ ആദ്യഘട്ടം കടന്നിരിക്കുന്നത്. രണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ ഉള്‍പെട്ട ഗ്രൂപ്പില്‍ കാബോ വെര്‍ദെക്ക് വലിയ ഭാവിയൊന്നും ആരും കല്‍പിച്ചിരുന്നില്ല. കാര്യം ഫുട്‌ബോളിന്റെ ഭംഗി തന്നെ അതിന്റെ അവിചാരിതകളാണെങ്കിലും.
ആദ്യമത്സരത്തില്‍ ഇക്കുറി ടൂര്‍ണമെന്റിലെ ഫേവറിറ്റുകളും മുന്‍ ചാമ്പ്യന്‍മാരുമായ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കാബോ വെര്‍ദെ ലോകത്തെ തന്നെ ഞെട്ടിച്ചു. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടിക്കലുകളില്‍ ഒന്ന്. സ്‌പെയിന്റെ എണ്ണം പറഞ്ഞ ഷോട്ടുകള്‍ പലകുറി തടഞ്ഞിട്ട ഗോള്‍കീപ്പര്‍ വൊസിഞ്ഞോ സ്വന്തം നാടിന്റെ മാത്രമല്ല ലോകത്തെ ഫുട്‌ബോള്‍ ആരാധകരുടെ ആകെ ഹീറോ ആയി.
പിന്നെ രണ്ട് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ഉറുഗ്വെക്ക് എതിരെ. പ്രതിരോധത്തിന് മാത്രമല്ല, ഗോളടിക്കാനും കഴിവുണ്ടെന്ന് ടീം തെളിയിച്ച മത്സരം. 2-2ന് സമനില. വിജയത്തോളം വരില്ല സമനില, പോയിന്റ് നിലയിലും. പക്ഷേ ഈ രണ്ട് സമനിലകളും അങ്ങനെയായിരുന്നില്ല. വിജയത്തേക്കാള്‍ തിളക്കമുണ്ടായിരുന്നു ആ സമനിലകള്‍ക്ക്. കന്നിയങ്കക്കാരോട് ഏറ്റുമുട്ടിയവരുടെ ഗരിമ തന്നെ കാരണം.
പുതുമുഖങ്ങളുടെ പരിഭ്രമമായിരുന്നില്ല മറിച്ച് മുന്‍പിന്‍ നോക്കാതെ പോരാടാനും പ്രതിരോധിക്കാനുമുള്ള ഊര്‍ജമാണ് കാബോ വെര്‍ദയുടെ ശക്തി. ലോകകപ്പിലേക്കുള്ള അവരുടെ വരവും അങ്ങനെ തന്നെയായിരുന്നു. ആഫ്രിക്കന്‍ മേഖലയിലെ യോഗ്യതാമത്സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ കരുത്തരായ കാമറൂണിനെ പിന്നിലാക്കി ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായിട്ടാണ് അവര്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്.
10 മത്സരങ്ങളില്‍ ഏഴ് ജയം, രണ്ട് തോല്‍വി, ഒരു സമനില. വരവ് രാജകീയമായിരുന്നു എന്ന് ചുരുക്കം. അത് വെറുതെയായിരുന്നില്ല എന്ന് ഗ്രൂപ്പ് മത്സരങ്ങളിലെ മികവ് വ്യക്തമാക്കി. നാടിനകത്ത് നിന്ന് മാത്രമല്ല നാടിനു പുറത്തുള്ള നാട്ടുകാരെ കൂടി ഉള്‍പെടുത്താനുള്ള കാബോ വെര്‍ദെ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം വളരെ നിര്‍ണായകമായിരുന്നു.
14 രാജ്യങ്ങളിലായുള്ള 26 ക്ലബ് ടീമുകളില്‍ കളിച്ചവരാണ് ടീമിലുള്ളത്. ഇങ്ങനെ പല നാടുകളില്‍ ജനിച്ചവരും വളര്‍ന്നവരും ഒക്കെയുള്ള ടീമില്‍ കെട്ടുറപ്പ് ഉണ്ടാക്കിയെടുത്ത കോച്ച് പെഡ്രോ ബുബിസ്റ്റ ബ്രിറ്റക്ക് വലിയ റോളുണ്ട് ടീമിന്റെ മുന്നേറ്റത്തില്‍.
2020 മുതല്‍ ടീമിന്റെ പരിശീലകനാണ് ബുബിസ്റ്റ. സ്വന്തം ജന്മനാടിന് വേണ്ടി കളിക്കുന്നതിന്റെ അന്തസ്സ്, പിന്നെ അച്ചടക്കം, തന്ത്രപരമായ നീക്കങ്ങള്‍. ഇങ്ങനെയായിരുന്നു ബുബിസ്റ്റ തന്റെ ടീമിനെ ഉഗ്രന്‍ ടീമാക്കി വളര്‍ത്തിയെടുത്തത്.
വൊസീഞ്ഞോ ആണ് പ്രതിരോധത്തിന്റെ കാതല്‍. സംശയമില്ല. അപ്പോഴും ഗോള്‍ ബോക്‌സില്‍ വല കെട്ടുന്ന പ്രതിരോധ താരങ്ങളും മോശമല്ല എന്നോര്‍ക്കണം. അയര്‍ലന്‍ഡില്‍ ജനിച്ച് കുടുംബവേരുകളുള്ള നാടിന് വേണ്ടി കളിക്കാനെത്തിയ റോബര്‍ട്ടോ പിക്കോ ലോപസ് എന്ന പിക്കോയെ പോലെ. കണക്കുകളും വ്യക്തമാക്കും അത്.

സ്‌പെയിന് എതിരെ കളിക്കുമ്പോള്‍ ഒരൊറ്റ ഫൗള്‍ ആണ് ടീമിന് മേല്‍ ചാര്‍ത്തപ്പെട്ടത് എന്ന് ഓര്‍ക്കണം. ടീമിനെ നയിക്കുന്നത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ രാജ്യത്തിന് സമ്മാനിച്ച റയാന്‍ മെന്‍ഡസ്. യാമിറോ മെണ്ടേയ്‌റോ, കെവിന്‍ പിണ, ഡെയ്‌ലന്‍ ലിവ്രമെന്റോ, ഹെല്ലോ വരേല.. കുഞ്ഞന്‍ രാജ്യത്തിന്റെ ടീമിന് കരുത്തേറെ.
കാല്‍പനികതയുടെ സൗന്ദര്യം കൂടിയുണ്ട് ലാറ്റിനമേരിക്കയില്‍ നിന്നുള്ള ടീമുകള്‍ പന്തിന് പുറകെ പായുമ്പോള്‍. കണക്ക്പുസ്തകങ്ങളിലെ പെരുമ കൂട്ടലിനേക്കാള്‍ അതൊരു വികാരവും ആത്മാവിഷ്‌കാരവും ഒക്കെയാണ് അവര്‍ക്ക്. കാബോ വെര്‍ദെ പന്തിന് പുറകെ പായുമ്പോഴും കാണാം അങ്ങനെയൊരു സൗന്ദര്യം.
പോര്‍ച്ചുഗലിന്റെ കോളനി എന്ന നിലയില്‍ നിന്ന് ലോകം ഏറ്റുപാടുന്ന രാജ്യമായി മാറുമ്പോള്‍, ഫുട്‌ബോളിന്റെ പര്യായമായി വാഴ്ത്തപ്പെടുന്ന ടീമുകളില്‍ ഒന്നായ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍, കാല്‍പന്തുകളിയുടെ മിശിഹ ആയ മെസ്സിയെ പൂട്ടാന്‍ തയ്യാറെടുക്കുമ്പോള്‍ കുഞ്ഞന്‍ രാജ്യത്തിന് തലപ്പൊക്കം ഏറെ.
മയാമിയില്‍ ആഫ്രിക്കയുടെ വിജയതാളം മുഴങ്ങുമോ? അട്ടിമറികളുടെ പുതിയ പേജ് എഴുതിച്ചേര്‍ക്കപ്പെടുമോ? അതോ അവര്‍ മടങ്ങുമോ? ഉത്തരം എന്തായാലും ഒന്നുറപ്പാണ്. ഈ ലോകകപ്പിന്റെ മുഖമായിരുന്നു കാബോ വെര്‍ദെ. നീല സ്രാവുകള്‍ എന്ന് വിളിപ്പേരുള്ള ടീം അത്ലാന്റിക്കിലെ ഭൗമശാസ്ത്ര സാന്നിദ്ധ്യം കൊണ്ടു മാത്രമല്ല, കാല്‍പന്തുകളിയുടെ ആരാധകമനസ്സുകളിലും ഓളങ്ങളുണ്ടാക്കിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications