FIFA WC 2026: മെസ്സിക്കാര് 'മണി' കെട്ടും? അര്‍ജന്റീന കടക്കാതെ ആരും കപ്പടിക്കില്ല!! അതുറപ്പ്
ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഉള്‍പെട്ടിരിക്കുന്നത് ഗ്രൂപ്പ് ജെയിലാണ്. 2021ലും 2024ലും കോപ്പ അമേരിക്ക കപ്പ്, 2022ല്‍ ലോകകപ്പ്. ഫുട്‌ബോള്‍ ജീവവായുവായി കൊണ്ടുനടക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ അമരന്‍മാരാണ് ഇപ്പോള്‍ തന്നെ ലയണല്‍ മെസ്സി നയിക്കുന്ന ടീം.
ആ അമരത്വത്തിന് തുടര്‍ച്ചയായ ലോകകിരീടം എന്ന അജയ്യതയുടെ തിളക്കം കൂടി നല്‍കാനാണ് ടീം ആഗ്രഹിക്കുന്നത്. അതിന് അവര്‍ക്ക് പ്രാപ്തിയുണ്ട് താനും. ഖത്തറില്‍ കപ്പേന്തിയ ടീമിലെ കേമന്‍മാര്‍ എല്ലാവരും ഇക്കുറിയും എത്തിയിട്ടുണ്ട്. നായകന്‍ മെസ്സിക്ക് ഇത് ആറാം ലോകകപ്പ്. സാധാരണ ഗതിയില്‍ ഫുട്‌ബോളിന്റെ മിശിഹയുടെ അവസാന ലോകകപ്പ്.

ഖത്തറില്‍ മിന്നുന്ന സേവുകളുമായി തകര്‍പ്പന്‍ പ്രകടനം നടത്തി മികച്ച ഗോള്‍ കീപ്പറായ എമിലിയാനോ മാര്‍ട്ടിനെസും മികച്ച യുവതാരമായ എന്‍സോ ഫെര്‍ണാണ്ടസും പിന്നെ അലക്‌സിസ് മക് അലിസ്റ്ററും അല്‍വാരെസും റൊമേരോയും ലോറെറ്റോ മാര്‍ട്ടിനെസും ലിസാന്‍ഡ്രോ മാര്‍ട്ടിനെസും ഒട്ടമെന്‍ഡിയും തുടങ്ങി മിന്നുന്ന താരങ്ങളുടെ നീണ്ട നിര.
എല്ലാവരും തമ്മില്‍ നല്ല ഐക്യം. സമ്മര്‍ദത്തില്‍ വീണ് പോകാതിരിക്കാനുള്ള മനസ്ഥൈര്യം. ആര് എപ്പോള്‍ എങ്ങനെ നീങ്ങിയാലും എല്ലാവരും അതിനൊപ്പം നീങ്ങിയെത്തുന്ന ടീം സ്പിരിറ്റ്. ഗോളടിക്കാന്‍ മാത്രമല്ല ഗോളടിപ്പിക്കാനും മധ്യനിരയില്‍ തന്ത്രങ്ങള്‍ പണിയാനും കരുത്തുറ്റ പ്രതിരോധം തീര്‍ക്കാനും താരങ്ങളുടെ നീണ്ട നിര. വലിയ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസം.
എതിരാളിയെ അറിഞ്ഞ് തന്ത്രങ്ങള്‍ മാറ്റിപ്പണിയാന്‍ മിടുക്ക് കാണിക്കുന്ന കോച്ച് ലയണല്‍ സ്‌കലോനി. പിന്നെ ലോകമെമ്പാടുമുള്ള ആരാധകരുടെ പിന്തുണ. അര്‍ജന്റീന പുപ്പുലിയായി തന്നെയാണ് കിരീടം നിലനിര്‍ത്താന്‍ എത്തുന്നത്.
CONMEBOL ഗ്രൂപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി തന്നെയാണ് യോഗ്യത തെളിയിച്ചത്. ഗോളടിക്കാന്‍ മാത്രമല്ല പ്രതിരോധത്തിലും മികവ് തെളിയിച്ചാണ് വരവ്. മെസ്സിക്ക് പ്രായമായോ, മെസ്സിയെ തളച്ചാല്‍ അര്‍ജന്റീനയെ തകര്‍ക്കാമോ എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് അര്‍ജന്റീനക്കാര്‍ പറയുന്നു. ഇക്കുറിയും തകര്‍ക്കുമെന്നും.

ഇതുവരെ നടന്ന ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ നാലെണ്ണത്തില്‍ ഒഴികെ എല്ലാത്തിലും പങ്കെടുത്ത, മൂന്ന് വട്ടം കപ്പ് നേടിയ, മൂന്ന് വട്ടം രണ്ടാംസ്ഥാനക്കാരായ, കാല്‍പന്തുകളിയുടെ പര്യായം തന്നെയായി ആരാധകര്‍ കൊണ്ടാടുന്ന, ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് മഹാരഥന്‍മാരെ തന്നെ ടീമാണത്. ഗരിമയുടെ തലപ്പൊക്കം കുറച്ചധികം കൂടുതലുള്ള അര്‍ജന്റീനക്ക് ഇക്കുറി ആദ്യ എതിരാളികള്‍ അള്‍ജീരിയ ആണ്.
അള്‍ജീരിയക്ക് അഞ്ചാമൂഴം
അഞ്ചാമത്തെ ലോകകപ്പ് ആണ് അള്‍ജീരിയക്ക് ഇത്. 1982ലും 86ലും 2010ലും 2014ലുമാണ് ഇതിന് മുമ്പ് അവര്‍ പങ്കെടുത്തിട്ടുള്ളത്. 2014ല്‍ പ്രീക്വാര്‍ട്ടറിലെത്തി. ഇക്കുറി ആഫ്രിക്കന്‍ കരുത്തറിയിക്കാന്‍ ഉറച്ചാണ് ടീം എത്തുന്നത്. പത്തില്‍ എട്ട് യോഗ്യതാ മത്സരങ്ങളും വിജയിച്ചിട്ട്. ഗൂപ്പില്‍ ഒന്നാമതായിട്ട്.
ബോസ്‌നിയക്കാരനായ കോച്ച് വ്‌ലാദിമീര്‍ പെറ്റ്‌കോവിച്ച് 2024ലാണ് അള്‍ജീരിയയുടെ കോച്ചാകുന്നത്. ആക്രമണത്തിലൂന്നിക്കളിക്കുന്ന, മെയ് വഴക്കമുള്ള കരുത്തുറ്റ ടീമായി മാറ്റിപ്പണിഞ്ഞിരിക്കുന്നു ടീമിനെ. സ്വിറ്റ്‌സര്‍ലന്‍ഡിലെ 2022ലെ യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ച പെറ്റ്‌കോവിച്ച് ഇക്കുറി ടീമിന് തിളക്കമുണ്ടാക്കിത്തരുമെന്ന് അള്‍ജീരിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മാത്രമല്ല നാടാകെ തന്നെയും കരുതുന്നുണ്ട്.
റിയാദ് മഹ്‌രെസ് ആണ് ക്യാപ്റ്റന്‍. ടീമിന്റെ മൊത്തം തന്ത്രങ്ങളുടെയും കാതല്‍. ഇടംകാലടിയുടെ കരുത്ത് ടീമിന്റെ മൊത്തം ആവേശമേറ്റാന്‍ പോന്നതാണ്. റയാന്‍ ഐത് നൗറിക്ക് ഏത് പ്രതിരോധത്തെയും വെല്ലുവിളിക്കാന്‍ കരുത്തുണ്ട്. സാമര്‍ത്ഥ്യമുള്ള മുന്നേറ്റമാണ് അമീന്‍ ഗൗയ്രിയുടേത്.
വേഗമേറിയ മുഹമ്മദ് അമൗറയുമുണ്ട് കൂട്ടിന്. ഇവരാണ് പെറ്റ്‌കോവിച്ചിന്റെ മുന്നേറ്റ നിരക്കുള്ള തന്ത്രങ്ങളുടെ കാവലാളുകള്‍. മധ്യനിരയുടെ അച്ചുതണ്ട് ഇസ്മായില്‍ ബെന്നസെര്‍. പരിചയസമ്പന്നരായ ഐസ മന്‍ഡിയും റേമി ബെന്‍സെബൈനിയുമാണ് പ്രതിരോധം സൂക്ഷിക്കുന്നത്. ലൂക്ക സിദാന്‍ ആണ് ഗോള്‍വലയം കാക്കുന്നത്. യൂറോപ്യന്‍ മത്സര പരിചയയമുള്ള മിടുക്കന്‍. ശ്രദ്ധാപൂര്‍വം തന്നെയാണ് പെറ്റ്‌കോവിച്ച് ടീം സെറ്റ് ആക്കിയിരിക്കുന്നത്.
ഖത്തറില്‍ ആദ്യ മത്സരത്തില്‍ ഫുട്‌ബോളിന്റെ കാര്യത്തില്‍ അര്‍ജന്റീനയുടെ ഏഴലയത്തില്ലാത്ത സൗദി അറേബ്യ അവരെ ഞെട്ടിച്ചിരുന്നു. ഇക്കുറി അതിന്റെ ആഫ്രിക്കന്‍ പതിപ്പുണ്ടാകുമോ എന്നതാണ് ഗ്രൂപ്പ് ജെയിലെ ആദ്യമത്സരത്തെ രസമുള്ളതാക്കുന്ന ഘടകം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications