FIFA WC 2026: കന്നവാരോയും പിള്ളേരും റെഡിയാണ്!! ഖത്തറിലെ ക്ഷീണം തീര്‍ക്കാന്‍ കൊളംബിയ
ഇതാദ്യമായാണ് ഫിഫ ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥാന്‍ കളിക്കുന്നത്. ആദ്യത്തെ എതിരാളികളോ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചാരുതയുള്ള കൊളംബിയയും. വെളുത്ത ചെന്നായ്ക്കള്‍ എന്ന് വിളിപ്പേരുള്ള ടീമിന്റെ സുവര്‍ണകാലമാണ് ഇപ്പോള്‍. ഇറ്റലിയുടെ എക്കാലത്തെയും വലിയ താരങ്ങളില്‍ ഒരാളും ഇറ്റലി ഏറ്റവും അവസാനം(2006) ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനുമായിരുന്ന ഫാബിയോ കന്നവാരോ ആണ് കോച്ച്.
പ്രതിരോധച്ചട്ടക്കൂട് ശക്തിപ്പെടുത്താനും അച്ചടക്കവും വീര്യവും ഇളക്കിച്ചേര്‍ക്കാനും മത്സരവീര്യം ആഞ്ഞുറപ്പിക്കാനും കന്നവാരോക്ക് കഴിഞ്ഞിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ ടീമിന് വന്ന അധിക ഊര്‍ജം കന്നവാരോയുടെ തന്ത്രങ്ങളുടെ ഫലമാണ്.

photocredit/ instagram /uzbekistanfa
ടീമിനായി ഏറ്റവും കൂടുതല്‍ ഗോളടിച്ച എല്‍ദോര്‍ ഷോമുറോദോവ് ആണ് നായകന്‍. യൂറോപ്യന്‍ ഫുട്‌ബോളിന്റെ പ്രായോഗിക പരിചയവും കായികശേഷിയും തന്ത്രജ്ഞതയും കൈമുതലായുള്ള കളിക്കാരനാണ് അയാള്‍. ടീമിന്റെ തലച്ചോറായി മധ്യനിരയിലുള്ളത് അബ്ബോസ്‌ബെക് ഫയ്‌സുല്ലേവ്.
വേഗതയും ഡ്രിബ്ലിങ് മിടുക്കും പ്രയാസമെന്ന് തോന്നുന്നിടത്ത് നിന്നും ഗോളടിക്കാനുള്ള വിരുതും ഫ്യസുല്ലേവിനെ കോച്ചിന്റെ പ്രിയങ്കരനാക്കുന്നു. പ്രതിരോധത്തിലെ താരം അബ്ദുകോദിര്‍ ഖുസനോവ് ആണ്. തികഞ്ഞ സംയമനത്തോടെ കളിക്കളം വായിച്ചെടുത്ത് പ്രതിരോധവലയം ശക്തമാക്കും ഖുസനോവ്.
ഗോള്‍ വലയം കാക്കുന്നത് ഉത്കിര്‍ യുസുപോവ്. ഗോള്‍പോസ്റ്റിന് മുന്നില്‍ മതില്‍ തീര്‍ത്ത് കളയും യുസുപോവ്. യോഗ്യതാ മത്സരങ്ങളില്‍ ആ മികവ് വളരെ പ്രകടമായിരുന്നു. കന്നവാരോ കോച്ചാകുമ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയുന്ന പോലെ ടീമിന്റെ പ്രതിരോധം ഉരുക്കുകോട്ടയാണ്.
സമ്മര്‍ദം താങ്ങാനും എതിരാളികളുടെ മുന്നേറ്റ ശ്രമങ്ങള്‍ക്ക് തടയിടാനും കെല്‍പുള്ള കരുത്ത്. എതിരാളികളെ സമ്മര്‍ദമേറ്റാന്‍ പോന്ന യുവനിരയാണ് ആക്രമണത്തിന് മുന്നില്‍. ആരാണ് മറുവശത്ത് എന്ന് നോക്കാതെ, അവസാനനിമിഷം വരെയും പോരാടാനുള്ള മനസ്സുമുണ്ട് ഇപ്പോള്‍ ടീമിന്. യോഗ്യതാ മത്സരങ്ങളില്‍ ടീം ഉണര്‍ന്നെഴുന്നേറ്റെന്ന് വ്യക്തമായിരുന്നു.
ലോകകപ്പില്‍ ആദ്യമായി കളിക്കുമ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചുള്ള ശീലം ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ടീമിനെ അലട്ടാതിരിക്കാനാകും ഉസ്‌ബെക്കിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ചും എതിരാളികള്‍ക്ക് അതുള്ളപ്പോള്‍. ആദ്യ എതിരാളികളായ കൊളംബിയ ഇത്
2014 ആവര്‍ത്തിക്കുമോ കൊളംബിയ?
ഏഴാം തവണയാണ് കൊളംബിയ ലോകകപ്പില്‍ എത്തുന്നത്. 2014ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് വലിയ നേട്ടം. കഴിഞ്ഞ തവണ ഖത്തറില്‍ കളിക്കാന്‍ യോഗ്യത നേടാന്‍ കഴിയാതെ പോയത് ടീമിനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. ആ സങ്കടത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റാണ് ഇക്കുറി വരവ്.
അര്‍ജന്റീനയില്‍ നിന്നുള്ള നെസ്റ്റര്‍ ലോറെന്‍സോക്ക് ആണ് അതിന്റെ ക്രെഡിറ്റ്. പറന്ന് പറന്ന് ആക്രമിക്കുന്ന പതിവ് ശൈലിയിലേക്ക് അച്ചടക്കവും തന്ത്രങ്ങളും കൂടി ചേര്‍ത്ത് വിട്ടാണ് ലോറെന്‍സോ പുനരുജ്ജീവന ടോണിക്ക് പരുവപ്പെടുത്തിയത്. 2024 കോപ്പ അമേരിക്ക ഫൈനല്‍ വരെ ടീമിനെ എത്തിച്ചു ലോറെന്‍സോ.
ആക്രമിച്ച് കളിക്കുന്ന, അതിവേഗം പൊസിഷനുകള്‍ മാറ്റുന്ന, മധ്യനിരയില്‍ തന്ത്രങ്ങള്‍ വിരിയിക്കുന്ന ഗെയിം പ്ലാനാണ്് കോച്ചിന്റേത്. അതിന് ശക്തി പകര്‍ന്ന് പരിചയസമ്പന്നരുടെയും പുതുമുഖങ്ങളുടെയും മിശ്രണമായ ഒരു ടീമുമുണ്ട്. 2014ലെ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്ന ഹാമിഷ് റോഡ്രിഗസ് ആണ് ക്യാപ്റ്റന്‍.

ഇടക്ക് മങ്ങിയ ഫോം വീണ്ടെടുത്ത റോഡ്രിഗസ് തന്നെയാണ് മധ്യനിരയിലെ തന്ത്രങ്ങളുടെ കാതല്‍. ആക്രമണത്തിന്റെ കുന്തമുന ലൂയിസ് ഡയസ്. ലോകോത്തര നിലവാരമുള്ള ഡ്രിബ്ലിങ്, ഇടതുവശത്ത് നിന്ന് ചാട്ടുളി പോലെ പാഞ്ഞെത്തി ഗോളടിക്കാനുള്ള കഴിവ്, ഇതെല്ലാമാണ് ഡയസിനെ കുന്തമുനയാക്കുന്നത്.
പ്രതിരോധത്തിന്റെ കാവല്‍ ഡേവിന്‍സണ്‍ സാഞ്ചെസിന്. ആ സാന്നിദ്ധ്യം തന്നെ കരുത്ത് പകരുന്നത്. ഗോള്‍ വലയം കാക്കുന്നത് കാമിലോ വര്‍ഗാസ്. യോഗ്യതാ മത്സരങ്ങളിലെ മിന്നുന്ന സേവുകള്‍ എന്തുകൊണ്ട് ഓസ്പിനക്ക് പകരം വര്‍ഗാസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്.
കോര്‍ണറുകളും ഫ്രീകിക്കും എടുക്കുമ്പോഴും കൊളംബിയയെ കുറച്ചധികം കരുതണം. പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് കടക്കാന്‍ നിമിഷനേരം മതി. മധ്യനിരയിലെ ക്രോസിങ് തെല്ലും പാളിച്ചയുണ്ടാകില്ല. യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനത്തിലൂടെ കൊളംബിയ ടീം ഇതൊക്കെ തെളിയിച്ചതാണ്.
ലോകകപ്പെന്ന വിശ്വവേദിയിലും തികഞ്ഞ വീര്യത്തോടെയാണ് കൊളംബിയ എത്തുന്നത്. നോക്കാം, ആദ്യവട്ടക്കാര്‍ ഞെട്ടിക്കലുകള്‍ നടത്തുന്ന ഈ ലോകകപ്പില്‍ ഉസ്‌ബെക്കിസ്ഥാന്‍ ആ വീര്യത്തിനുമേല്‍ നിഴല്‍ വീഴ്ത്തുമോ എന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications