FIFA WC 2026: അമേരിക്കയ്ക്ക് അഭിമാനപ്പോര്, നാട്ടില്‍ പൊട്ടിയാല്‍ പണിയാവും!! ഓസീസ് ഒരുങ്ങിത്തന്നെ
ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലുള്ളത് അമേരിക്ക, പരാഗ്വെ, ഓസ്‌ട്രേലിയ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍. ആതിഥേയരായ അമേരിക്കക്ക് ലോകകപ്പിലേക്കുള്ള വരവ് എളുപ്പമായിരുന്നു. മുന്നോട്ടുള്ള പോക്ക് അത്ര അനായാസമാകുമോ എന്ന് കണ്ടറിയണം.
കാര്യം അമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ കായികരംഗത്ത് ഓര്‍മ വരിക അത്‌ലറ്റിക്‌സും ബാസ്‌കറ്റ് ബോളും ഒക്കെയാണ്. പക്ഷേ ഫുട്‌ബോളിനെയും അവര്‍ ഒപ്പം കൂട്ടിയിരുന്നു എന്നുള്ളതാണ് സത്യം. അതും തുടക്കം തൊട്ടുതന്നെ.

Photocredit/ /instagram/usmnt
1930ല്‍ ഉറുഗ്വെയില്‍ നടന്ന ആദ്യ ലോകകപ്പില്‍ പങ്കെടുത്തിട്ടുണ്ട് അമേരിക്ക. അന്ന് ഉറു?ഗ്വെക്കും അര്‍ജന്റീനക്കും പിന്നാലെ മൂന്നാംസ്ഥാനക്കാരുമായി. പിന്നെ കളിച്ചത് 1950ല്‍. ഒന്നാംഘട്ടത്തില്‍ തന്നെ പുറത്തുപോയെങ്കിലും ആ പോക്ക് ഒരു ചലനമുണ്ടാക്കിയിട്ടായിരുന്നു. കേമന്‍മാരെന്ന തലപ്പൊക്കവുമായി എത്തിയ ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു അമേരിക്ക ഞെട്ടിച്ചത്.
പിന്നെ അവര്‍ കളിച്ചത് 1990ല്‍ മാത്രമാണ്. അന്നും ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി. തൊട്ടടുത്ത തവണ സ്വന്തം നാട്ടുകാരുടെ മുന്നില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്രീ ക്വാര്‍ട്ടറിലെത്തി. 2014 വരെ തുടര്‍ച്ചയായി ലോകകപ്പില്‍ കളിച്ചു. 2018ല്‍ യോഗ്യത നേടിയില്ല.
ഖത്തറിലെത്തി. ഇപ്പോള്‍ ആതിഥേയരാജ്യമായത് കൊണ്ട് നേരിട്ട് ഒരിക്കല്‍ കൂടി എത്തിയിരിക്കുന്നു. 2002ല്‍ ക്വാര്‍ട്ടറിലെത്തിയതാണ് അമേരിക്കയുടെ ഏറ്റവും വലിയ നേട്ടം. ഇക്കുറി സ്വന്തം നാട്ടില്‍ വെച്ച് അത് തിരുത്തിക്കുറിക്കണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു.
തന്ത്രങ്ങളൊരുക്കി പോച്ചെറ്റീനോ
അര്‍ജന്റീനക്കാരനായ കോച്ച് മൗറീസ്യോ പോച്ചെറ്റീനോ ആണ് ഇക്കുറി ടീമിനെ പരിശീലിപ്പിക്കുന്നത്. അര്‍ജന്റീനക്ക് വേണ്ടി ലോകകപ്പിലും കോപ്പ അമേരിക്കയിലും കളിച്ചിട്ടുണ്ട് പോച്ചെറ്റീനോ. പിന്നെ പോരാഞ്ഞ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ചെല്‍സി,പിഎസ്ജി തുടങ്ങി വിവിധ ലീഗുകളിലായുള്ള വിവിധ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വ്യക്തിഗത മികവുകളുടെ സ്ഫുരണങ്ങളല്ല, ടീമിന്റെ ആകത്തുകയിലാണ് കോച്ചിന് വിശ്വാസം. വീറുള്ള, വാശിയുള്ള ടീമിനെയാണ് പോച്ചെറ്റീനോ ഒരുക്കിയിരിക്കുന്നതും.ക്യാപ്റ്റന്‍ ആകുന്നത് ടീമില്‍ ഏറ്റവും എക്‌സ്പീരിയന്‍സുള്ള ആക്രമണവീര്യം ആവോളമുള്ള ക്രിസ്റ്റ്യന്‍ പുലിസിച്ച്.
നിലവില്‍ അമരേിക്കയിലെ ഏറ്റവും മികച്ച പന്തുകളിക്കാരനായി തെരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്തം പേറുന്ന ക്രിസ് റിച്ചാര്‍ഡ്‌സ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് പരിചിതനായ മിടുക്കന്‍ ലെഫ്റ്റ് ബാക്ക് ആന്റണി ജെഡി റോബിന്‍സണ്‍, മധ്യനിരയുടെ നട്ടെല്ലായ വെസ്റ്റണ്‍ മക്കെനി, ജിയോ റെയ്‌ന, ടിം വിയ എന്നിവരാണ് ടീമിന്റെ പതാകവാഹകര്‍.
ഇവര്‍ക്കെല്ലാം വിവിധ ലീഗുകളില്‍ പ്രമുഖ ക്ലബ്ബുകള്‍ക്കൊപ്പം കളിച്ചതിന്റെ തഴക്കവും പഴക്കവുമുണ്ട്. ടിം ഹൊവാര്‍ഡിനെ പോലെയൊരു ഗോള്‍ കീപ്പറെയാണ് ടീം മിസ് ചെയ്യുന്നത്, മാറ്റ് ടെര്‍ണര്‍ അത്ര മോശക്കാരനല്ലെങ്കിലും.
ലാറ്റിനമേരിക്കന്‍ കാല്‍പന്തുകളിയുടെ സൗന്ദര്യം അറിയാവുന്ന കോച്ച് പോച്ചെറ്റീനോയുടെ വിരുതും കളിക്കാരുടെ വീര്യവും ചേര്‍ന്നുള്ള കോംബോ കലക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അവരുടെ കണക്കുകൂട്ടലുകളുടെ സാമ്പിള്‍ വെടിക്കെട്ടാകും ഓസ്‌ട്രേലിയക്ക് എതിരെയുള്ള ആദ്യമത്സരം.
ഓസീസിന് ഏഴാമൂഴം
ഏഴാംതവണയാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. 1974ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2006ല്‍ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റു. 2010ലും 14ലും 18ലും ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ തവണ ഖത്തറില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സിന് പിന്നാലെ രണ്ടാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി.

photocredit/instagram/socceroos
ഇക്കുറി ഈ റെക്കോഡ് മെച്ചപ്പെടുത്താന്‍ ഒരുങ്ങിതന്നെയാണ് ഓസ്‌ട്രേലിയ വരുന്നത്. യോഗ്യതാമത്സരങ്ങളില്‍ ആദ്യം കാലിടറി. പിന്നാലെ കോച്ച് മാറി. ഗ്രഹാം ആര്‍ണോള്‍ഡിന് പകരം ടോണി പൊപോവിച്ച് വന്നു. ഓസ്‌ട്രേലിയയുടെ പ്രതിരോധതാരമായിരുന്നു പോപോവിച്ച്.
പിന്നെ ടീമില്‍ കണ്ടത് ഒരുഗ്രന്‍ തിരിച്ചുവരവ് ആയിരുന്നു. പ്ലേഓഫ് ടെന്‍ഷന് നില്‍ക്കാതെ തന്നെ ലോകകപ്പിന് ടിക്കറ്റെടുത്തു. പ്രായോഗികമതിയാണ് പോപോവിച്ച്. ടീം സ്പിരിറ്റിലും കരുത്തിലും അഴിച്ചുപണി നടത്തിയാണ് പോപോവിച്ച് ടീമിനെയും കൊണ്ടെത്തുന്നത്
കോച്ചിന്റെ വിശ്വസ്തനും വലംകൈയുമാണ് നായകന്‍ മാത്യു റയാന്‍. ഗോള്‍വലയം മാത്രമല്ല റയാന്‍ കാക്കുക, ടീമിന്റെ വീര്യം കൂടിയാണ്. റയാന്റെ കൈകള്‍ പന്ത് തട്ടിക്കളയും മുമ്പ് പ്രതിരോധിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ കോട്ട തീര്‍ക്കാന്‍ കഴിയുന്ന താരമാണ് ഹാരി സൗട്ടര്‍. ആറടി ഏഴ് ഇഞ്ച് ഉയരമുള്ള സൗട്ടര്‍ പരിക്കുകളോട് പടവെട്ടി കരുത്ത് വീണ്ടെടുത്ത് എത്തിയത് പോപോവിച്ചിനും ടീമിനും വലിയ ആവേശമായിരുന്നു.
പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം ചേരാന്‍ ഒരു കൗമാരക്കാരന്‍ പ്രതിഭയുമുണ്ട്. നെസ്റ്റോറി ഇരന്‍കുന്‍ഡ.എതിര്‍നിരയുടെ പ്രതിരോധനിര ചാട്ടുളി പോലെ ഭേദിക്കാന്‍ ശേഷിയുള്ള മിടുക്കന്‍ ഫോര്‍വേഡ്. ജാക്‌സണ്‍ ഇര്‍വിന്‍ ആണ് മധ്യനിരയുടെ നട്ടെല്ല്. പിന്നെ ക്രെയ്ഗ് ഗുഡ്വിന്‍, മിച്ച് ഡ്യൂക്, നിക് ഡി അഗോസ്റ്റിനോ തുടങ്ങിയവരും ചേരുന്നതാണ് ഓസ്‌ട്രേലിന്‍ താരനിര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications