ലോകകപ്പ് ഫുട്‌ബോളിന് എത്തുന്ന ടീമുകളുടെ ചിത്രം പൂര്‍ത്തിയാക്കാന്‍ നമുക്ക് ഇനി നോക്കേണ്ടത് പ്ലേഓഫ് സിയിലെ ടീമുകളെയാണ്. തുര്‍ക്കി, സ്ലോവാക്യ, കൊസോവോ, റൊമാനിയ ടീമുകളാണ് അവസരം കാത്ത് നില്‍ക്കുന്നത്. ഗ്രൂപ്പ് ഡി പൂര്‍ത്തിയാകണമെങ്കില്‍ നാലില്‍ ഒരു ടീം എത്തണം. അവിടെ ആ വിജയിയെ കാത്ത് നില്‍ക്കുന്നത് ആതിഥേയരായ അമേരിക്കയും പരാഗ്വെയും ഓസ്‌ട്രേലിയയും.
തുര്‍ക്കി ഇതിന് മുമ്പ് രണ്ട് തവണയാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. 1954ലും 2002ലും. ആദ്യത്തെ തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. അന്ന് ഗ്രൂപ്പ് രണ്ടില്‍ കരുത്തരായ ഹംഗറിക്കും പടിഞ്ഞാറന്‍ ജര്‍മനിക്കും ദക്ഷിണ കൊറിയക്കും ഒപ്പമായിരുന്നു കളിക്കാന്‍ ഊഴം. ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് തോല്‍പിച്ചതായിരുന്നു അന്നത്തെ തിളക്കം. പക്ഷേ മറ്റ് മത്സരങ്ങളില്‍ എല്ലാം തോല്‍വി വഴങ്ങി തുര്‍ക്കി നാട്ടിലേക്ക് മടങ്ങി.

പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. അന്ന് തോല്‍പിച്ച ദക്ഷിണ കൊറിയയും ജപ്പാനും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിച്ച 2002ലെ ലോകകപ്പിന് തുര്‍ക്കി എത്തി. അതേ കൊറിയയെ തോല്‍പിച്ച് മൂന്നാംസ്ഥാനവും നേടി. രണ്ട് രാജ്യങ്ങളും അക്കുറി അതാദ്യമായാണ് ലോകകപ്പിന്റെ സെമിയില്‍ എത്തിയത്.
ബ്രസീലും കോസ്റ്റാറിക്കയും ചൈനയും ഉള്‍പെട്ട ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് തുര്‍ക്കി ആദ്യ കടമ്പ കടന്നത്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചു. ഫ്രാന്‍സിനെ തോല്‍പിച്ച് ലോകത്തെ ആകെ ഞെട്ടിച്ച സെനഗലിനെയാണ് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലേതു പോലെ സെമിയിലും ബ്രസീല്‍ തുര്‍ക്കിയെ വീഴ്ത്തി.
പിന്നാലെ സെമി ഫൈനലില്‍ കാലിടറിയവരുടെ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ നേരിട്ടു. അന്ന് ആ മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ ഒരു റെക്കോഡും പിറന്നു. കളി തുടങ്ങി വെറും 10.8 സെക്കന്റായപ്പോള്‍ തന്നെ ഗോള്‍. ഏറ്റവും വേഗത്തില്‍ പിറന്ന ആഗോള്‍ കുറിച്ചത് ഹാകന്‍ സുകൂര്‍. ഇന്നും തുര്‍ക്കിക്കാര്‍ക്ക് അഭിമാനമായി ആ നേട്ടം തുടരുന്നു. അന്ന് മൂന്നാംസ്ഥാനം അവര്‍ ഉറപ്പിച്ചത് 2ന് എതിരെ മൂന്ന് ഗോളുകള്‍ക്ക്.
പിന്നെ വീണ്ടും കാത്തിരിപ്പിന്റെ നാളുകള്‍. 2002ലെ തിളക്കമേറിയ പ്രകടനത്തിന്റെ ഓര്‍മ പുതുക്കിയും വിശേഷങ്ങള്‍ പങ്കുവെച്ചും നെടുവീര്‍പ്പിട്ടിരിക്കാനായിരുന്നു വിധി. ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരു അവസരം മുന്നില്‍ വന്ന് നില്‍ക്കുന്നു. യോഗ്യതാ മത്സരങ്ങളില്‍ സ്‌പെയിന് പിന്നാലെ ഗ്രൂപ്പ് ഇയില്‍ രണ്ടാമത് എത്തിയാണ് തുര്‍ക്കി പ്ലേഓഫിന് യോഗ്യത നേടിയത്.
റൊമാനിയ ആണ് ആദ്യം എതിരാളികള്‍. അത് കഴിഞ്ഞാല്‍ സ്ലൊവാക്യ -കൊസാവോ മത്സരത്തിലെ വിജയിയും. ഇപ്പോള്‍ ടീമിന് പുത്തന്‍ ഉണര്‍വ് ഉണ്ടെന്ന തിരിച്ചറിവാണ് തുര്‍ക്കിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഇറ്റലിക്കാരനായ കോച്ച് വിന്‍സെന്‍സോ മോണ്‍ടെല്ല പ്രതിരോധത്തിനും ആക്രമണത്തിനും ഊന്നിയുള്ള പുതിയ തന്ത്രങ്ങളാണ് പയറ്റുന്നത്. ആവശ്യത്തിന് പരീക്ഷണങ്ങളും തയ്യാറെടുപ്പുകളും നടത്തിയാണ് ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത്.

തുര്‍ക്കിയുടെ മെസ്സി എന്ന് അറിയപ്പെടുന്ന 20കാരന്‍ ആര്‍ഡ ഗ്വെള്ളര്‍ ആണ് കോച്ചിന്റെ തന്ത്രങ്ങളുടെ മുഖ്യ നടത്തിപ്പുകാരന്‍. റെയല്‍ മാഡ്രിഡിന്റെ താരമാണ് ഗ്വെള്ളര്‍. ഹാകന്‍ സുകറിന് ശേഷം കൃത്യതയുള്ള വേഗമേറിയ ഗോളടിക്കാരന്‍ ഇല്ല എന്ന ദുഃഖം മാറ്റിയത് കേനന്‍ യില്‍ദിസ് വന്നപ്പോഴാണ്.
ഫെര്‍ഡി കഡിയോഗുലു കൂടി ചേര്‍ന്നതാണ് തുര്‍ക്കിയുടെ യുവ ത്രയം. പിള്ളേരെ നിയന്ത്രിക്കാനും ഉഷാറാക്കാനും പ്രാപ്തനാണ് ക്യാപ്റ്റന്‍ ഹേകന്‍ കന്‍ഹനഗൊലു. ക്യാപ്റ്റന്റേയും ഒപ്പം കാന്‍ അയ്ഹാന്‍, ഉഗുര്‍കന്‍ സാകിര്‍ എന്നിവരുടേയും പരിക്ക് കോച്ചിന് കുറച്ച് തലവേദനയാണ്. പക്ഷേ എല്ലാവരും മാര്‍ച്ചിലെ മത്സരത്തിന് മുമ്പ് പൂര്‍ണമായും ഉഷാറായി തിരിച്ചെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.
കഴിഞ്ഞ സെപ്തംബറില്‍ യോഗ്യതാ മത്സരങ്ങളില്‍ ആദ്യം സ്‌പെയിനോട് മറുപടിയില്ലാത്ത ആറ് ഗോളിന് തോറ്റിരുന്നു തുര്‍ക്കി. എന്നാല്‍ രണ്ടാം തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്‌പെയിനെ 2-2ന് സമനിലയില്‍ തളക്കാന്‍ തുര്‍ക്കിക്ക് കഴിഞ്ഞു. എന്ന് വെച്ചാല്‍ തോല്‍ക്കാന്‍ മനസ്സില്ലെന്ന മട്ടില്‍ പോരാടാനുള്ള മനസ്സുണ്ട് ടീമിന് എന്ന് വ്യക്തം. നോക്കാം, ആ വീര്യത്തിലും ഊര്‍ജത്തിലുമേറി തുര്‍ക്കി 24 വര്‍ഷത്തിന് ശേഷം ലോകകപ്പ് വേദിയിലെത്തുമോ എന്ന്.