FIFA WC 2026: നീണ്ട കാത്തിരിപ്പ് തീര്‍ന്നു, മടങ്ങിവരവ് ഗ്രാന്റാക്കുമോ തുര്‍ക്കിയും പരാഗ്വേയും?
പ്ലേഓഫ് ആശങ്കകളെ ചെറുത്ത് തോല്‍പിച്ചാണ് 24 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് തുര്‍ക്കി വീണ്ടുമൊരു ഫുട്‌ബോള്‍ ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ സ്‌പെയിന് പിന്നാലെ രണ്ടാംസ്ഥാനക്കാരായിരുന്നു തുര്‍ക്കി.
ആദ്യ പ്ലേഓഫില്‍ റൊമാനിയയെും രണ്ടാം പ്ലേഓഫില്‍ കൊസോവയെയും തോല്‍പിച്ച് തുര്‍ക്കി ലോകകപ്പില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് എടുത്തപ്പോള്‍ ആ നാട് മുഴുവന്‍ ആഘോഷിച്ചു. കാരണം ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള തുര്‍ക്കി ഇത് മൂന്നാം തവണ മാത്രമാണ് ലോകകപ്പില്‍ കളിക്കുന്നത്.

Photocredit//instagram/millitakimlar
മുമ്പ് 1954ലും 2002ലുമാണ് തുര്‍ക്കി ലോകകപ്പില്‍ പങ്കെടുത്തത്. 54ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 48 വര്‍ഷമെന്ന നീണ്ട ഇടവേളക്ക് ശേഷം 2002ല്‍ ലോകകപ്പില്‍ കളിക്കാനെത്തിയ തുര്‍ക്കി അന്ന് മൂന്നാംസ്ഥാനക്കാരായി ലോകത്തെ തന്നെ ഞെട്ടിച്ചു. സെമിയില്‍ ബ്രസീലിനോടാണ് തുര്‍ക്കിക്ക് കാലിടറിയത്.
മൂന്നാംസ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ എതിരാളികള്‍ ദക്ഷിണ കൊറിയ ആയിരുന്നു. അന്ന് തുര്‍ക്കിയുടെ വകയായി ചരിത്രപുസ്തകത്തില്‍ ഒരു റെക്കോഡും കുറിക്കപ്പെട്ടു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ പിറന്ന ഗോളിന്റെ അവകാശിയായി ഹാകന്‍ സുകൂര്‍. കളി തുടങ്ങി 10.8 സെക്കന്‍ഡില്‍ പിറന്ന ആ ഗോള്‍ അന്നും ഇന്നും തുര്‍ക്കിയുടെ അഭിമാനം.
അന്നത്തെ കലക്കന്‍ പ്രകടനം മാത്രം പറഞ്ഞ് സന്തോഷിച്ചിരുന്ന തുര്‍ക്കിക്കാര്‍ക്ക് പിന്നെ അത്, ഇനി എപ്പോള്‍ എന്ന് നെടുവീര്‍പ്പിടാനുള്ള അവസരമായി മാറുകയും ചെയ്തു. അത് മാറാനും പിന്നെ പറഞ്ഞിരിക്കാന്‍ മറ്റൊരു ഗംഭീര പ്രകടനം നടത്താനുമുള്ള വേദിയാകും ഇത്തവണ കിട്ടുകയെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് തുര്‍ക്കിക്കാര്‍.
ടീമിന് കൈവന്നിരിക്കുന്ന പുത്തന്‍ ഉണര്‍വ് ആ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കുന്നു. ഇറ്റലിക്കാരനാണ് കോച്ച് വിന്‍സെന്‍സോ മോണ്‍ടെല്ല. പ്രതിരോധത്തിനും ആക്രമണത്തിനും ഒരു പോലെ ഊന്നല്‍ നല്‍കിയുള്ളതാണ് തന്ത്രങ്ങള്‍.
അതിന്റെ കുന്തമുനയാകട്ടെ കൗമാരം കടന്നെത്തി വന്ന ആര്‍ദ ഗുലര്‍. തുര്‍ക്കിയുടെ മെസ്സി എന്നാണ് ഗുലറിന്റെ വിളിപ്പേര്. റയല്‍ മാഡ്രിഡ് താരമായ ഗുലറിന് ഏത് പ്രതിരോധനിരയും അതിഗംഭീരമായി മറികടക്കാനുള്ള സിദ്ധിയുണ്ട്. ഹാരി പോട്ടര്‍ എന്നാണ് കെറെം അക്തുര്‍കോഗ്ലുവിന്റെ വിളിപ്പേര്. പന്ത് കൊണ്ട് കാട്ടുന്ന മാജിക് ആണ് വിളിപ്പേരിന് അടിസ്ഥാനം.
കേനന്‍ യില്‍ദിസ് വന്നപ്പോള്‍ സുകറിന് ശേഷം വേഗത്തില്‍ ഗോളടിക്കാന്‍ പറ്റുന്ന ആളെത്തി എന്ന ആശ്വാസമായി. ലോകത്തെ തന്നെ ഏറ്റവും മികച്ച യുവനിരയാണ് തുര്‍ക്കിക്ക് വേണ്ടി ഇറങ്ങുന്നത്.
പിള്ളേരെയൊക്കെ നിയന്ത്രിച്ച് നിര്‍ത്താന്‍ പോന്ന ക്യാപ്റ്റനാണ് കന്‍ ചന്‍ഹനൊഗ്ലു. ടീമിന്റെ ഹൃദയതാളം ഭദ്രമായി നോക്കുന്നയാള്‍. പിന്നെയുമുണ്ട് താരങ്ങള്‍, ഫെര്‍ഡി കഡിയോഗ്ലുവിനെ പോലെ. തുര്‍ക്കിക്കാര്‍ വെറുതെ ആശിക്കുന്നതല്ല എന്ന് ചുരുക്കം. ആദ്യ മത്സരത്തില്‍ അവര്‍ക്ക് നേരിടാനുള്ളത് പരാഗ്വെയെ ആണ്.

photocredit/instagram/albirroja
ഇത് ഒമ്പതാം ലോകകപ്പിനാണ് പരാഗ്വെ ടീം എത്തുന്നത്. ആദ്യം അവര്‍ മത്സരിച്ചത് 1930ലെ പ്രഥമ ലോകകപ്പിലാണ്. ഏറ്റവും അവസാനം മത്സരിച്ചത് 2010ലും. അന്ന് ആദ്യമായി അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. അതിനിടയില്‍ അവര്‍ മൂന്ന് തവണ ആദ്യറൗണ്ട് എന്ന കടമ്പ കടന്ന് പ്രീ ക്വാര്‍ട്ടറിലും എത്തി. 1986ലും 98ലും 2002ലും.
16 വര്‍ഷത്തിന് ശേഷം പരാഗ്വെയും പ്രതീക്ഷകളോടെ തന്നെയാണ് വരുന്നത്. യോഗ്യതാ മത്സരങ്ങളില്‍ വലിയ തിളക്കമില്ലാതെ തുടരുമ്പോഴാണ്, കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് പരിശീലകനായി അര്‍ജന്റീനയില്‍ നിന്നുള്ള ഗുസ്താവോ അല്‍ഫാറോ എത്തുന്നത്. 2024 ഓഗസ്റ്റില്‍.
പ്രതിരോധത്തില്‍ മികവുണ്ടാക്കുന്ന കാര്യത്തിലാണ് അല്‍ഫറോക്ക് പേര് കൂടുതലുള്ളത്. അത് എന്തുകൊണ്ടാണ് പരാഗ്വെയുടെ പ്രതിരോധനിരയെ ഉടച്ചുവാര്‍ത്ത് അല്‍ഫാറോ തെളിയിക്കുകയും ചെയ്തു. ഒപ്പം എന്ത് സംഭവിച്ചാലും വിട്ടുകളയരുത്, പൊരുതണം എന്നൊരു മട്ടുണ്ടാക്കി കൊടുക്കുകയും ചെയ്തു.
പ്രതിരോധനിരയുടെ നട്ടെല്ലാണ് ക്യാപ്റ്റനായ ഗുസ്താവോ ഗോമസ്. നേതൃഗുണം ആവോളം. മധ്യനിരയിലെ കേമന്‍ ജൂലിയോ എന്‍സിസോ. കൂട്ടിന് വളര്‍ന്ന് വരുന്ന താരമായ ഡീഗോ ഗോമസ്. ഒമര്‍ ആല്‍ഡെറെറ്റ്, മിഗ്വെല്‍ അല്‍മിറോണ്‍, റാമോണ്‍ സോസ, അന്റോണിയോ സനബ്രിയ, ഗബ്രിയേല്‍ അവലോസ് തുടങ്ങി പ്രതിഭയുള്ള കളിക്കാര്‍ വേറെയുമുണ്ട്.
ആരെയും ഗോളടിക്കാന്‍ വിടാത്ത പിഴവില്ലാത്ത പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും കൂടി പരാഗ്വെ മിന്നിച്ചാല്‍ അവരെ പിടിച്ചുകെട്ടുക പ്രയാസമാവും. നോക്കാം, ഏത് കാത്തിരിപ്പാണ് ഏറ്റവും ഊര്‍ജവും വീര്യവും ടീമിന് പകര്‍ന്ന് നല്‍കിയതെന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications