Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Fifa World Cup 2026: 3 തവണയും അതിനായില്ല, നാലാമത് ഭാഗ്യം കനിയുമോ? ദക്ഷിണാഫ്രിക്ക ഉറച്ചുതന്നെ

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയെ നേരിടാന്‍ തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കക്ക് ലോകകപ്പ് വേദിയില്‍ ഇത് നാലാം ഊഴം. ഇതിന് മുമ്പ് 1998ലും തൊട്ടുപിന്നാലെ 2002ലും ലോകകപ്പിന് യോഗ്യത നേടി എത്തിയ അവര്‍ 2010ല്‍ ആതിഥേയ രാജ്യമെന്ന നിലക്ക് 2010ലും ലോകകപ്പില്‍ പങ്കെടുത്തു. മൂന്ന് തവണയും പ്രാഥമിക റൗണ്ടിന് അപ്പുറം കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ഘട്ടത്തിലേക്ക് ചുവടുവെക്കാത്ത ആദ്യ (ഏക) ആതിഥേയ രാജ്യവും ദക്ഷിണാഫ്രിക്ക തന്നെ.

വര്‍ണവെറിയുടെ വിവേചന നാളുകള്‍ അവസാനിച്ച ശേഷം 1994ലാണ് ആദ്യമായി ദക്ഷിണാഫ്രിക്ക ലോകകപ്പിന് യോഗ്യത നേടാനായി ശ്രമിച്ചത്. അന്ന് നടന്നില്ല. നൈജീരിയ ദക്ഷിണാഫ്രിക്കയെ മറികടന്ന് പോയി. പിന്നെ 98ല്‍ ഫ്രാന്‍സില്‍ ദക്ഷിണാഫ്രിക്ക ആദ്യമായി ലോകകപ്പ് വേദിയിലെത്തി. ആതിഥേയരോട് മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോറ്റും ഡെന്‍മാര്‍ക്കിനോടും സൗദി അറേബ്യയോടും സമനില വഴങ്ങിയും ഗ്രൂപ്പില്‍ മൂന്നാംസ്ഥാനക്കാരായി മടങ്ങി.

SOUTH AFRICA

ഡെന്‍മാര്‍ക്കിന് എതിരെ ഗോളടിച്ച ബെന്നി മക് കാര്‍ത്തി, രാജ്യത്തിന് വേണ്ടി ലോകകപ്പില്‍ ആദ്യമായി ഗോളടിച്ച താരമായി ചരിത്രത്തിലിടം നേടി. 2002ലും അതായിരുന്നു അവസ്ഥ. ഗ്രൂപ്പില്‍ കൂടെയുണ്ടായിരുന്നത് കരുത്തരായ സ്‌പെയിനും പരാഗ്വെയും സ്ലോവേനിയയും.

ആകെ ഒരു സമാധാനം, ലോകകപ്പിലെ ആദ്യത്തെ വിജയം നേടി എന്നത്. സ്ലോവേനിയക്ക് എതിരെ ഒരൊറ്റ ഗോള്‍ ജയം. പോയിന്റ് നിലയില്‍ ഒരുമിച്ചായിരുന്ന പരാഗ്വെ മുന്നേറിയതും ദക്ഷിണാഫ്രിക്ക വീണ്ടും മൂന്നാം സ്ഥാനത്തായതും ഗോള്‍ ശരാശരിയുടെ മികവില്‍ 2006ല്‍ യോഗ്യത നേടാനാകാത്ത നിരാശ.

2010ല്‍ ആതിഥേയത്വം വഹിക്കാനുള്ള നറുക്ക് വീണതോടെ മൂന്നാമത്തെ അവസരം കൈവെള്ളയിലെത്തി. അന്ന് കന്നി ലോകകപ്പ് മത്സരത്തില്‍ തോല്‍പിച്ച , കാല്‍പന്തുകളിയിലെ പരിചയത്തിലും വൈഭവത്തിലും ഏറെ മുന്നിലുള്ള ഫ്രാന്‍സിനെ 2-1ന് തോല്‍പിച്ച് നാടിനെയും ലോകത്തെ തന്നെയും ഞെട്ടിച്ചു. മെക്‌സിക്കോയെ സമനിലയിലും തളച്ചു.

പക്ഷേ ഉറുഗ്വെയോടുള്ള മറുപടിയില്ലാത്ത മൂന്ന് ഗോള്‍ തോല്‍വി കാരണം, ഗോള്‍ ശരാശരിയുടെ കണക്കുകള്‍ കാരണം അവര്‍ വീണ്ടും ഒന്നാംഘട്ടത്തില്‍ തന്നെ തോറ്റു. മെക്‌സിക്കോ അവരെ മൂന്നാം സ്ഥാനത്താക്കി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. സ്വന്തം നാട്ടില്‍, സ്വന്തം നാട്ടുകാരുടെ മുന്നില്‍ പിറക്കുന്ന നിരാശക്ക് കനമേറും. അതിന് മറുപടി പറയാന്‍ മെക്‌സിക്കോയെ സ്വന്തം നാട്ടില്‍ തോല്‍പിക്കാനുള്ള അവസരമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ജൂണ്‍ 11ന് തുറന്ന് കിട്ടിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്ക ഒരുങ്ങി തന്നെയാണ് വന്നിരിക്കുന്നത്. CAF വിഭാഗത്തിലെ ഗ്രൂപ്പ് സിയില്‍ ഒന്നാമത് എത്തിയാണ് അവര്‍ ലോകകപ്പിന് യോഗ്യത നേടിയത്. അതും ആദ്യത്തെ തവണ പിന്നിലാക്കിയ നൈജീരിയയെ രണ്ടാമതാക്കിക്കൊണ്ട്. 2023 ലെ അഫ്‌കോണ്‍ ടൂര്‍ണമെന്റിലെ പ്രകടനം വെറുതെയായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു യോഗ്യതാ മത്സരങ്ങളിലെ മികവ്.

SOUTH AFRICA

പുതിയ കോച്ച് ഹ്യൂഗോ ബ്രൂസ് ടീമിനെ നന്നായി ഉടച്ച് വാര്‍ത്ത് മിനുക്കിയിരിക്കുന്നു. പ്രതിരോധവും പ്രത്യാകമണവും കോര്‍ത്തിണക്കിയുള്ള തികച്ചും പ്രായോഗികമായ തന്ത്രങ്ങളാണ് ബ്രൂസ് പയറ്റുന്നത്. അല്ലാതെ ഗിമ്മിക്കുകള്‍ക്കോ താരപരിവേഷങ്ങള്‍ക്കോ പ്രാധാന്യം കൊടുത്തല്ല.

റോണ്‍വെന്‍ വില്യംസിന് ഗോള്‍വല കാക്കാന്‍ മാത്രമല്ല മിടുക്ക്. നേതൃഗുണവും വേണ്ടുവോളമുണ്ട്. പെനല്‍റ്റി കിക്കുകള്‍ തടഞ്ഞിടാന്‍ നല്ല മിടുക്കുള്ള വില്യംസിന് കഴിഞ്ഞ വര്‍ഷത്തെ CAF ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കിട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ഗോളിയെ തന്നെ തെരഞ്ഞെടുത്ത കോച്ചിന് മധ്യനിരയില്‍ തന്ത്രങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കിട്ടിയതും രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറെ തന്നെ.

തെബോഹോ മൊകോയ്‌ന. ഇവര്‍ക്കൊപ്പം ലൈല്‍ ഫോസ്റ്റര്‍, തെംബ സ്വെന്‍, ഓസ്‌വിന്‍ അപ്പോല്ലിസ് എന്നിവര്‍ കൂടി ചേരുന്നതാണ് ടീമിന്റെ പ്രധാന കുന്തമുനകള്‍. നോക്കാം, ദക്ഷിണാഫ്രിക്ക ഇത്തവണ ഒന്നാംഘട്ടത്തില്‍ തന്നെ മടക്ക യാത്രക്ക് ടിക്കറ്റ് എടുക്കുന്ന പതിവ് അവസാനിപ്പിക്കുമോ എന്ന്.

Story first published: Wednesday, December 10, 2025, 17:24 [IST]
Other articles published on Dec 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+