Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഖത്തറിലെ ക്ഷീണം തീര്‍ക്കണം!! പക്ഷെ സ്വീഡന് 2 ചാലഞ്ച്, കടക്കുമോ?

ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടാനായി ടിക്കറ്റ് എടുക്കണോ എന്ന് തീരുമാനിക്കാന്‍ പ്ലേ ഓഫ് ബിയില്‍ ഉക്രെയ്‌നെ നേരിടാന്‍ തയ്യാറെടുക്കുകയാണ് സ്വീഡന്‍. മാര്‍ച്ച് 26നാണ് മല്‍സരം. അവിടെ വിജയിച്ചാല്‍ മാര്‍ച്ച് 31ന് അടുത്ത കടമ്പ. അല്‍ബേനിയയോ, പോളണ്ടോ ആകും കാത്തിരിക്കുന്നത്. അതും കടന്നു കിട്ടിയാല്‍ പിന്നെ ലോകകപ്പ് ഫുട്‌ബോളെന്ന വിശ്വവേദി. അവിടെ എതിരാളികളായി ഗ്രൂപ്പ് എഫില്‍ ആദ്യം എത്തി കാത്തിരിക്കുന്നത് നെതര്‍ലന്‍ഡ്‌സും ജപ്പാനും ടുണീഷ്യയുമാണ്.

ലോകകപ്പിന്റെ ചരിത്രം നോക്കുമ്പോള്‍ സ്വീഡന് അത്യാവശ്യം ഗമയൊക്കെ പറയാം. ഇതുവരെ നടന്ന 22 ലോകകപ്പുകളില്‍ 12ലും സ്വീഡന്റെ ടീം പങ്കെടുത്തിട്ടുണ്ട്. ആദ്യം കളിച്ചത് 1934ല്‍. അന്ന് തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. തൊട്ടടുത്ത തവണ അതായത് 1938ല്‍ നാലാം സ്ഥാനത്ത് എത്തി. പിന്നെ ടൂര്‍ണമെന്റ് നടന്ന 1950ലെത്തിയപ്പോള്‍ നില ഒന്ന് കൂടി മെച്ചപ്പെടുത്തി, മൂന്നാമത് എത്തി.

SWEDEN TEAM

1954ല്‍ യോഗ്യത നേടാനാകാതെ പോയ ക്ഷീണം അടുത്ത തവണ സ്വന്തം നാട്ടില്‍ നിന്ന ചാമ്പ്യന്‍ഷിപ്പില്‍ തീര്‍ത്തു, രണ്ടാം സ്ഥാനം. ബ്രസീല്‍ ആദ്യമായി ലോകകപ്പ് ഏന്തിയത് അക്കൊല്ലമായിരുന്നു. ആതിഥേയരെ 5-2ന് തോല്‍പിച്ച്. രണ്ട് ചരിത്രങ്ങള്‍ പിറന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്.

പെലെ എന്ന മാന്ത്രികന്‍ അവതരിച്ച ലോകകപ്പ് വേദി. പിന്നെ ജസ്റ്റിന്‍ ഫൊണ്ടേയ്‌ന്റെ ഇതുവരെ തകര്‍ക്കപ്പെടാത്ത റെക്കോഡ് പിറന്ന വേദിയും അതു തന്നെ. ആറ് മത്സരങ്ങളിലായി 13 ഗോളടിച്ച് ഒരു ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായി ഫൊണ്ടെയ്ന്‍.

പറഞ്ഞ് വന്നത് സ്വീഡനെ പറ്റിയാണല്ലോ. വെയ്ല്‍സ്, ഹംഗറി, മെക്‌സിക്കോ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് സ്വീഡന്‍ തുടങ്ങിയത്. പിന്നെ സോവിയറ്റ് യൂണിയനെയും സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന പടിഞ്ഞാറന്‍ ജര്‍മനിയെയും തോല്‍പ്പിച്ചാണ് സ്വീഡന്‍ കലാശപ്പോരാട്ടത്തിലെത്തിയത്.

അന്നത്തെ മികച്ച പ്രകടനത്തിന് ശേഷം 1962ലും 66ലും യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1970ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 1974ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 1978ല്‍ വീണ്ടും ഒന്നാംഘട്ടത്തില്‍ പുറത്തായി. 90ലും അതായിരുന്നു അവസ്ഥ. 1994ല്‍ മൂന്നാംസ്ഥാനത്ത് എത്തി വീണ്ടും സ്വീഡന്‍ തിളക്കം തിരിച്ചുപിടിച്ചു.

ചിരവൈരികളായ ബ്രസീലിനൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നേറിയത്. പക്ഷേ സെമിയില്‍ വീണ്ടും ബ്രസീല്‍ സ്വീഡനെ വീഴ്ത്തി. ബള്‍ഗേറിയയെ 4-0ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ സമാധാനത്തില്‍ സ്വീഡന്‍ മടങ്ങി. 2002ലും 2006ലും പ്രീ ക്വാര്‍ട്ടറിലെത്തി. 2018ല്‍ ക്വാര്‍ട്ടറിലും. ഖത്തറില്‍ സ്വീഡന്‍ ഉണ്ടായിരുന്നില്ല.

ഇനിയിപ്പോള്‍ തുടര്‍ച്ചയായി രണ്ടാമതും വീണ്ടും ഇല്ലാതിരിക്കുമോ എന്ന ആശങ്കയിലാണ് നാട്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍. കാരണം യോഗ്യതാ മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡും കൊസോവയും സ്ലൊവേനിയയും ഉള്‍പെട്ട ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായിരുന്നു സ്വീഡന്‍. മോശം പ്രകടനത്തിന് പിന്നാലെ യോന്‍ ദാല്‍ തൊമാസ്സന് കോച്ചിന്റെ പണി പോയി. പകരമെത്തിയത് ഗ്രഹാം പോട്ടര്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ക്ക് അദ്ദേഹമായിരുന്നു പരിശീലകന്‍.

യോഗ്യതാമത്സരങ്ങളില്‍ ഇഴഞ്ഞിട്ടും പ്ലേ ഓഫ് എന്ന രണ്ടാം അവസരം അവര്‍ക്ക് കിട്ടിയത് യുവേഫ നേഷന്‍സ് ലീഗിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ്. പ്രതിരോധം അത്ര മെച്ചമല്ല സ്വീഡന്റെ. അത് യോഗ്യതാ മത്സരങ്ങളില്‍ കണ്ടതുമാണ്. അത് തിരുത്താനും ശക്തിപ്പെടുത്താനും കോച്ചിന് കഴിഞ്ഞെങ്കിലേ പ്ലേ ഓഫില്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ.

ആക്രമണനിരയില്‍ സ്വീഡന് നല്ല കരുത്തുണ്ട്. അലക്‌സാണ്ടര്‍ ഇസാകും വിക്ടര്‍ ഗ്യോകെറെസും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പയറ്റിത്തെളിഞ്ഞവരാണ്. ഇസാക്കിന്റെ കാലിലെ പരിക്ക് നിര്‍ണായക മത്സരങ്ങള്‍ക്ക് മുമ്പ് പൂര്‍ണമായി ഭേദമാകുമോ എന്നതാണ് സംശയമെന്ന് മാത്രം. തന്ത്രങ്ങള്‍ മെനയാന്‍ കേമനായ ദേജന്‍ കുലുസെവ്‌സ്‌കിയാണ് നായകന്‍. പിന്‍ഗാമിയായി ലൂകാസ് ബെര്‍ഗ്‌വാള്‍ വളര്‍ന്ന് വരുന്നുണ്ട്.

പ്ലേ ഓഫിലെ ഭാഗ്യപരീക്ഷണത്തില്‍ ലോകചാമ്പ്യന്‍മാരായ, കാല്‍പന്തുകളിയില്‍ ചരിത്രത്തിന്റെ പെരുമ കൂടുതലുള്ള ഇറ്റലിയെ വീഴ്ത്തിയാണ് 2018ല്‍ സ്വീഡന്‍ ലോകകപ്പ് കളിക്കാനെത്തിയത്. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുകയും ചെയ്തു. ഇക്കുറി ഇറ്റലിയുടെ ഭൂതകാല പാരമ്പര്യം ഉക്രെയ്‌ന് അവകാശപ്പെടാനില്ല.

മാത്രമല്ല 2020 യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്വീഡനെ അവസാന മിനിട്ടില്‍ നേടിയ ഗോളില്‍ വീഴ്ത്തിയിട്ടുണ്ട് ഉക്രെയ്ന്‍. അതിന് പകരം വീട്ടാനുള്ള അവസരമാണ് സ്വീഡന്റെ മുന്നിലുള്ളത്. ചരിത്രത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് മറുപടി നല്‍കാനുള്ള കരുത്ത് സ്വീഡന്‍ നേടുമോ എന്നതിനുള്ള ഉത്തരം മാര്‍ച്ചില്‍ കിട്ടും.

Story first published: Tuesday, January 20, 2026, 16:50 [IST]
Other articles published on Jan 20, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+