Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശം വാനോളം, അട്ടിമറികൾ ഒട്ടേറെ! 48 ടീമുകളുടെ വിശ്വപോരാട്ടത്തിൽ ഒന്നാം റൗണ്ട് കഴിഞ്ഞപ്പോൾ കഥ ഇങ്ങനെ

ഫുട്ബോൾ ചരിത്രത്തിലാദ്യമായി 48 ടീമുകൾ അണിനിരക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ​ഗ്രൂപ്പ് സ്റ്റേജിലെആദ്യ ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ അപ്രതീക്ഷിത അട്ടിമറികളും റെക്കോർഡുകളും കൊണ്ട് ആവേശം കൊടുമുടിയിലാണ്. വടക്കേ അമേരിക്കയിലെ മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന മാമാങ്കത്തിൽ ഇതിനോടകം തന്നെ 24 മത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ രണ്ടു ഗോളുകൾക്ക് തകർത്ത് തുടങ്ങിയപ്പോൾ ഉദ്ഘാടന മത്സരത്തിൽ മൂന്ന് ചുവപ്പ് കാർഡുകൾ പിറന്നത് അച്ചടക്കമില്ലായ്മയുടെ ചരിത്രമായി മാറി.

ജർമ്മനി കുറസാവോയെ ഏഴേ ഒന്നിന് (7-1) തകർത്തുവിട്ടപ്പോൾ സ്വീഡൻ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും നാണംകെടുത്തി. ആതിഥേയരായ യുഎസ്എ പാരഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തുരത്തി തങ്ങളുടെ വരവറിയിച്ചു കഴിഞ്ഞു.

fifa-1

ലോകകപ്പ് റെക്കോർഡുകൾ

ലോകകപ്പിന്റെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കിരീട പ്രതിരോധം ആരംഭിച്ചത്. മത്സരത്തിൽ തകർപ്പൻ ഹാട്രിക് നേടിയ ക്യാപ്റ്റൻ ലയണൽ മെസ്സി ലോകകപ്പിലെ തന്റെ ആകെ ഗോൾ സമ്പാദ്യം 16 ആക്കി ഉയർത്തി ജർമ്മനിയുടെ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി.

എന്നാൽ മെസ്സിക്ക് കടുത്ത വെല്ലുവിളിയുമായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തൊട്ടുപിന്നാലെയുണ്ട്. സെനഗലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ 15 ലോകകപ്പ് ഗോളുകളുമായി മെസ്സിക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. ഹാരി കെയ്ൻ, ഏർലിങ് ഹാലണ്ട്, കൈ ഹാവെർട്സ് എന്നിവരും രണ്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ സജീവമായി രംഗത്തുണ്ട്.

വൻമരങ്ങളെ വീഴ്ത്തി കറുത്ത കുതിരകൾ; ഗ്രൂപ്പുകളിൽ വൻ അട്ടിമറി!

ഒന്നാം റൗണ്ടിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് വമ്പൻമാരായ സ്പെയിനും പോർച്ചുഗലും വഴങ്ങിയ അപ്രതീക്ഷിത സമനിലകളാണ്. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപോ വെർദെ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ ഗോൾരഹിത സമനിലയിലാണ് തളച്ചത്.

മത്സരത്തിൽ സ്പാനിഷ് മുന്നേറ്റങ്ങളെ നെഞ്ചുറപ്പോടെ നേരിട്ട കേപ് വെർദെയുടെ 40 വയസ്സുകാരനായ ക്ലബ്ബില്ലാ ഗോൾകീപ്പർ വൊസീഞ്ഞ ഏഴ് ഉജ്ജ്വല രക്ഷപ്പെടുത്തലുകളുമായി മത്സരത്തിലെ താരമായി മാറി.

മറ്റൊരു മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറ്റൊരു നവാഗതരായ ഡിആർ കോംഗോയും ഒന്നിനെതിരെ ഒരു ഗോളിന് സമനിലയിൽ തളച്ചു. ജോവാവോ നെവെസ് പോർച്ചുഗലിനായി ആദ്യം സ്കോർ ചെയ്തെങ്കിലും യോവാനെ വിസ്സയിലൂടെ കോംഗോ ചരിത്രപരമായ ഒരു പോയിന്റ് പിടിച്ചെടുക്കുകയായിരുന്നു.

ആവേശ സമനിലകൾ!

നെതർലൻഡ്‌സും ജപ്പാനും തമ്മിൽ നടന്ന പോരാട്ടം ഈ റൗണ്ടിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറി. ഇരുടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച് സമനിലയിലാണ് (2-2) പിരിഞ്ഞത്. ആദ്യ മത്സരങ്ങൾ അവസാനിച്ചതോടെ ഗ്രൂപ്പുകളിലെ പോരാട്ടം കൂടുതൽ കടുപ്പമേറിയതായി മാറിയിരിക്കുകയാണ്.

48 ടീമുകൾ മാറ്റുരയ്ക്കുന്നതിനാൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്ക് പുറമെ മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശനം ലഭിക്കുമെന്നത് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശം ഇരട്ടിയാക്കുന്നു. രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ കൂടുതൽ ഗോളുകളും നാടകീയ മുഹൂർത്തങ്ങളും പ്രതീക്ഷിച്ചാണ് ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്നത്.

Story first published: Thursday, June 18, 2026, 17:44 [IST]
Other articles published on Jun 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+