Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ടിക്കി ടാക്കയില്ല, ഇതു പുതിയ സ്‌പെയിന്‍!! കളി മാറ്റിയ ചെമ്പട കപ്പ് തൂക്കുമോ?

ലോകകപ്പ് കിരീടം 2010ല്‍ കൈയിലേന്തിയ ശേഷം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിട്ടില്ല സ്‌പെയിന്‍. 2014ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെയും 2018ലും 2022ലും പ്രീ ക്വാര്‍ട്ടറിലും മടങ്ങി. പതിനേഴാം തവണ ലോകകപ്പില്‍ കളിക്കാനെത്തുമ്പോള്‍ ആ കണക്ക് ഒന്ന് മാറ്റിയെഴുതണമെന്നും രണ്ടാം കിരീടം ഉയര്‍ത്തണമെന്നും സ്പാനിഷ് പട കണക്കുകൂട്ടുന്നു.

2024ലെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാണ് അവര്‍. നാലാം തവണ യൂറോ കപ്പ് നേടി ചരിത്രമെഴുതിയ ടീമിന് രണ്ടാം ലോകകിരീടവും നേടി ആ ചരിത്രം പുതുക്കിയെഴുതണമെന്നുണ്ട്. അതിനുളള കരുത്തും ടീമിനുണ്ട്.

SPAIN TEAM

photocredit/ instagram/sefutbol

മുപ്പതാം പിറന്നാള്‍ ലോകകപ്പിനിടെ ആഘോഷിക്കാന്‍ പോകുന്ന റോഡ്രിഗോ ഹെര്‍ണാണ്ടസ് കാസ്‌കാന്റെ എന്ന റോഡ്രിയാണ് ടീമിന്റെ നായകന്‍. ലോകത്ത് ഇന്നുള്ള ഏറ്റവും പ്രഗത്ഭരായ ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍. ടീമിന്റെ ഹൃദയതാളം തെറ്റാതെ കൊണ്ടുപോകുന്ന താരം.

കൂട്ടിനുള്ളത് ലോകോത്തര പട്ടികയില്‍ ഒപ്പമുള്ള റോഡ്രി. രണ്ടുപേരും ചേരുമ്പോള്‍ മധ്യനിരയില്‍ കളിയുടെ തന്ത്രങ്ങള്‍ മാറിത്തിരിഞ്ഞ് വരും. ഉഷാറാകും. തീര്‍ന്നില്ല. ഗാവിയും ഫാബിയന്‍ റൂയിസും കൂടിയാകുമ്പോള്‍ സ്പാനിഷ് മധ്യനിര സമ്പന്നമെന്ന് പറഞ്ഞാല്‍ പോരാ. അതിസമ്പന്നമെന്ന് പറയേണ്ടി വരും.

പിന്നെ ആക്രമണ നിരയിലുള്ളത് രണ്ട് പിള്ളേരാണ്. ലമീന്‍ യമാലും നിക്കോ വില്യംസും. ബാഴ്‌സലോണയില്‍ മെസ്സിക്ക് ശേഷം കണ്ട പ്രതിഭാവിളയാട്ടമാണ് പതിനെട്ടുകാരന്‍ യമാല്‍. ഡ്രിബ്ലിങ്ങിലും ഏത് വേലിക്കെട്ടും തകര്‍ത്ത് മുന്നേറാനും വലതുവിങ്ങില്‍ നിന്ന് എങ്ങനെ വേണമെങ്കിലും ചാട്ടുളി പോലെ പന്ത് തട്ടാനും അപാര സിദ്ധിയുള്ള കളിക്കാരന്‍.

ഊര്‍ജവും കൃത്യതയും വേഗതയും ആവോളമുള്ള പാസുകളുമായി പിന്തുണക്കാന്‍ വില്യംസും. ലോകത്തെ തന്നെ ഞെട്ടിച്ച കോംബോ ആണത്. അവരെത്തിക്കുന്ന പന്ത് കൃത്യമായി ഗോള്‍ വലയിലെത്തിക്കാന്‍ രണ്ട് മൈക്കലുമാരുണ്ട്. മൈക്കല്‍ മെറീനോയും മൈക്കല്‍ ഒയാര്‍സബലും.

യൂറോ കപ്പ് നേടിയ ടീമിന് ഒത്തിണക്കം നല്ലതു പോലെയുണ്ട്. അതിനും വഴിയൊരുക്കിയ ലൂയി ഡെ ലാ ഫുവന്റെ തന്നെയാണ് ലോകകപ്പിനും ടീമിനെ പരിശീലിപ്പിക്കുന്നത്. പന്തിന്റെ കയ്യടക്കത്തിലൂന്നിയുള്ള ടിക്കി ടാക്കക്ക് പകരം പ്രായോഗികമായ ശൈലിയാണ് ഫുവന്റെ നടപ്പാക്കിയത്.

ടീനേജ് പ്രായം തൊട്ട് പരിശീലിപ്പിക്കുന്ന കളിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഫുവന്റെക്ക് ടീമില്‍ ആരു വേണം വേണ്ട എന്ന കാര്യത്തില്‍ നല്ല നിശ്ചയം. സ്പാനിഷ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ടീമില്‍ റെയല്‍ മാഡ്രിഡില്‍ കളിക്കുന്ന ആരുമില്ല എന്നത് തന്നെ അതിന് തെളിവ്.

സ്‌പെയിന്‍ ലോകകിരീടം നേടുമെന്ന് ഫുട്‌ബോള്‍ വിശാരദന്‍മാരില്‍ ഒരു വിഭാഗം ഉറപ്പിക്കുന്നത് വെറുതെയല്ല എന്ന് ചുരുക്കം. ആദ്യ മത്സരത്തില്‍ അവര്‍ക്ക് നേരിടാനുള്ളത് ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന ഒരു കുഞ്ഞന്‍ രാജ്യത്തെയാണ്. കേപ് വെര്‍ഡെ എന്ന ദ്വീപസമൂഹത്തില്‍ ആകെ അഞ്ചു ലക്ഷത്തില്‍ താഴെ ആളുകളേയുള്ളു. സ്വന്തം നാടിന്റെ ചരിത്ര അരങ്ങേറ്റത്തിന് മാറ്റുകൂട്ടണമെന്ന ആഗ്രഹത്തോടെയാണ് ടീം എത്തുന്നത്.

ബുബിസ്റ്റയുടെ കുട്ടികള്‍

ടീമിന്റെ യോഗ്യതയോടെ കേപ് വെര്‍ഡെയുടെ ഹീറോ ആയി മാറിയ ആളാണ് കോച്ച് പെേെഡ്രാ ബുബിസ്റ്റ ബ്രിറ്റ. മുമ്പ് ദേശീയ ടീമിന്റെ നായകായിരുന്നു ബുബിസ്റ്റ. 2020ലാണ് അദ്ദേഹം പരിശീലകനായി വരുന്നത്. കളിക്കാര്‍ക്കിടയില്‍ കെട്ടുറപ്പുള്ള സൗഹൃദം ഉണ്ടാക്കിയെടുത്തു ബുബിസ്റ്റ.

CAPE VERDE

photocredit/ cape verde national football team

പല നാടുകളില്‍ ജനിച്ചവരും വളര്‍ന്നവരും ഒക്കെയാണ് കളിക്കാര്‍ എന്നത് കൊണ്ട് ആ സാഹോദര്യം വളരെ അത്യാവശ്യമായിരുന്നു. നാടിന് വേണ്ടി കളിക്കുന്നതിന്റെ വീര്യം അവരില്‍ വളര്‍ത്തിയ ബുബിസ്റ്റ പിന്നെ അച്ചടക്കവും തന്ത്രപരമായ നീക്കങ്ങളും അവതരിപ്പിച്ചു. അങ്ങനെ അതൊരുഗ്രന്‍ ടീമായി.

രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടുള്ള റയാന്‍ മെന്‍ഡസ് ആണ് ക്യാപ്റ്റന്‍. പരിചയസമ്പത്തിന്റെ വര്‍ഷങ്ങള്‍ വേഗത്തിലോ മനോനിലയിലോ ഏശാത്ത മിടുക്കന്‍. അതുപോലെ തന്നെ പരിചയസമ്പത്തുള്ള ആളാണ് ഗോള്‍വലയം കാക്കുന്നതും. വോഴിഞ്ഞയുടെ ബലമാണ് പ്രതിരോധത്തിന്റെ കാതല്‍.

ഒപ്പം അയര്‍ലന്‍ഡില്‍ ജനിച്ച് വേരുകളുള്ള നാടിന് വേണ്ടി കളിക്കാനെത്തിയ റോബര്‍ട്ടോ പിക്കോ ലോപസും. ഏത് സമ്മര്‍ദവും താങ്ങാന്‍ ശേഷിയുള്ള പ്രതിരോധ താരമാണ് പിക്കോ. മധ്യനിരയിലെ ഊര്‍ജം യാമിറോ മെണ്ടേയ്‌റോയും കെവിന്‍ പിണയും ആക്രണത്തിന്റെ കുന്തമുന ഡെയ്‌ലന്‍ ലിവ്രമെന്റോ. ടീം ഭദ്രമാണ്.

ആദ്യമായി കളിക്കുന്നതിന്റെ പതറിച്ചയല്ല മറിച്ച് ആരെയും ഒന്നിനെയും പേടിക്കാനില്ലെന്ന ആത്മവിശ്വാസത്തിലാണ് കേപ് വെര്‍ഡെ കളിക്കാനിറങ്ങുക. ആ ആത്മവിശ്വാസത്തെ മാത്രമാണ് സ്‌പെയിന് നേരിടേണ്ടതും.

Story first published: Saturday, June 6, 2026, 12:57 [IST]
Other articles published on Jun 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+