FIFA WC 2026: മടങ്ങിവരവ് ഗംഭീരമാക്കുമോ സ്‌കോട്ടിഷ് പടയും ഹെയ്ത്തിയും? ബ്രസീല്‍ ജാഗ്രതൈ
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് സിയില്‍ ബ്രസീലും മൊറാക്കോയും കഴിഞ്ഞാല്‍ പിന്നെയുള്ളത് ഹെയ്തിയും സ്‌കോട്‌ലന്‍ഡുമാണ്. രണ്ട് ടീമുകള്‍ക്കും പൊതുവായിട്ടുള്ള ഒരു ഘടകം നീണ്ട ഇടവേളക്ക് ശേഷമാണ് ലോകകപ്പില്‍ കളിക്കാനെത്തുന്നത് എന്നുള്ളതാണ്. 52 വര്‍ഷത്തിന് ശേഷമാണ് ഹെയ്തി വരുന്നതെങ്കില്‍ 28 വര്‍ഷത്തിന് ശേഷമാണ് സ്‌കോട്‌ലന്‍ഡ് എത്തുന്നത്.
ഇംഗ്ലണ്ടിന് തൊട്ടുപിന്നാലെ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉണ്ടാക്കിയ രാജ്യമാണ് സ്‌കോട്‌ലന്‍ഡ്. പത്ത് വര്‍ഷത്തെ ഇടവേളയെ രണ്ട് അസോസിയേഷനുകളും തുടക്കം തമ്മിലുള്ളു. എന്ന് വെച്ചാല്‍ കാല്‍പന്തുകളിയുടെ തലതൊട്ടപ്പന്‍മാരുടെ കൂട്ടത്തിലാണ് സ്‌കോട്‌ലന്‍ഡും എന്നര്‍ത്ഥം.

photocredit/ instagram/scotlandnationalteam
സ്‌കോട്ടിഷിന് ഒമ്പതാമൂഴം
സ്‌കോട്‌ലന്‍ഡ് മുമ്പ് എട്ടുതവണ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. അതില്‍ 1974 മുതല്‍ 90 വരെ തുടര്‍ച്ചയായി കളിച്ച അഞ്ച് ടൂര്‍ണമെന്റുകളുമുണ്ട്. എട്ട് തവണയും ആദ്യ റൗണ്ടില്‍ തന്നെ അവര്‍ മടങ്ങി. പക്ഷെ ചില ഞെട്ടിക്കലുകള്‍ അതിനിടയില്‍ സമ്മാനിച്ചിട്ടുമുണ്ട്.
78ലെ ലോകകപ്പില്‍ പ്രശസ്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച പോലെ . ഇക്കുറി നീണ്ട ഇടവേളക്ക് ശേഷം സ്‌കോട്‌ലന്‍ഡ് ലോകകപ്പിനെത്തുന്നതും അങ്ങനെയൊരു ഞെട്ടിക്കല്‍ ജയത്തോടെയാണ്. ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചാണ് അവര്‍ എത്തുന്നത്.
യോഗ്യതാമത്സരങ്ങളില്‍ UEFA ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കിനും ഗ്രീസിനും ബെലാറൂസിനും ഒപ്പമായിരുന്നു സ്‌കോട്‌ലന്‍ഡ്. 4 ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സ്‌കോട്‌ലന്‍ഡ് വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
നിര്‍ണായക മത്സരത്തില്‍ പിന്നിട്ട് നിന്ന ശേഷമാണ് അവര്‍ ഡെന്‍മാര്‍ക്കിനെ 4-2ന് തോല്‍പിച്ചത്. അന്ന് ഒരു രാജ്യം മുഴുവന്‍ ഉത്സവാഘോഷത്തിലായി. അന്ന് ഗോളടിച്ച ലോറന്‍സ് ഷാങ്‌ലന്‍ഡ്, സ്‌കോട്ട് മക്ടൊമിനയ്, കീയരണ്‍ ടിയേര്‍ണി, കെന്നി മക്ലീന്‍ എന്നിവര്‍ തന്നെയാണ് ടീമിലെ പ്രമുഖര്‍.
ജോണ്‍ മക്ഗിന്‍, ചെ ആദംസ്, ബില്ലി ഗില്‍മോര്‍ എന്നിവരെ പോലെ പിന്നെയുമുണ്ട് താരങ്ങള്‍. എല്ലാത്തിനും പുറമെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് നയിക്കുന്ന നായകന്‍ ആന്‍ഡി റോബര്‍ട്ട്‌സണും.
സ്റ്റീവ് ക്ലാര്‍ക്ക് ആണ് മുഖ്യപരിശീലകന്‍. 2019ലാണ് ക്ലാര്‍ക്ക് ചുമതലയേറ്റെടുത്തത്. ടീം സ്പിരിറ്റ് ഉണര്‍ത്തിയെടുത്തും കൃത്യമായ തന്ത്രങ്ങളോതിയും ടീമിനെ മാറ്റിയെടുക്കാന്‍ ക്ലാര്‍ക്കിന് കഴിഞ്ഞു. അതിന്റെ ഏറ്റവും നല്ല തെളിവാണ് 28 വര്‍ഷത്തിന് ശേഷമുള്ള ലോകകപ്പ് പങ്കാളിത്തം.
ആ നിരാശ മായ്ക്കണം
സ്‌കോട്‌ലന്‍ഡ് ആദ്യമത്സരത്തില്‍ നേരിടുന്ന ഹെയ്തി ഇത് രണ്ടാംതവണയാണ് ലോകകപ്പിന് എത്തുന്നത്. ഇതിന് മുമ്പ് അവര്‍ വന്നത് 1974ലായിരുന്നു. അന്ന് ഇറ്റലിയും അര്‍ജന്റീനയും പോളണ്ടും ഉള്‍പെടുന്ന ഗ്രൂപ്പില്‍. അവസാനക്കാരായി ആദ്യറൗണ്ടില്‍ തന്നെ അവര്‍ മടങ്ങി.
ഇപ്പോള്‍ രണ്ടാംവട്ടം അവര്‍ എത്തുന്നത് CONCACAF ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ്. കരുത്തു കൂടുതലുള്ള കോസ്റ്റാറിക്കയും ഹോണ്ടുറാസും നിക്കരാഗ്വെയും ഉള്‍പെട്ട ഗ്രൂപ്പാണത്.
2024 മാര്‍ച്ചില്‍ മാത്രം കോച്ചായി ചുമതലയേറ്റെടുത്ത ഫ്രഞ്ചുകാരന്‍ സെബാസ്റ്റ്യന്‍ മിനെ ടീമിനെ അടിമുടി ഉടച്ച് വാര്‍ത്തു. ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം സ്വന്തം നാട്ടില്‍ കളിക്കാന്‍ കഴിയാത്തതിന്റെ വിഷമം മാറ്റാനും മാനസികമായി കരുത്ത് പകര്‍ന്ന് മുന്നോട്ട് നയിക്കാനും ഐക്യം കൊണ്ടുവരാനും കഴിഞ്ഞിടിത്ത് നിന്നാണ് മിനെയുടെ തുടക്കം. അവിടെ നിന്ന് ടീമിനെ ഉഷാറായി കളിക്കളത്തില്‍ പറത്തിവിട്ടു മിനെ.
ഗോള്‍വലയം കാക്കുന്ന ജോണി പ്ലാസിഡ് ആണ് ടീമിന്റെ നായകനും. മധ്യനിരയില്‍ യീന്‍ റിക്‌നെര്‍ ബെല്ലെഗാര്‍ദ്, പ്രതിരോധത്തില്‍ യീന്‍ കെവിന്‍ ഡുവെര്‍നെ, ആക്രമണനിരയില്‍ ഡക്കെന്‍സ് നേസണ്‍, ഫ്രാന്‍സ്ഡി പിയറെ, വില്‍സണ്‍ ഇസിഡോര്‍. പിന്നെ ഇവര്‍ക്ക് കൂട്ടായി ലെന്നി ജോസഫ്, ലൂഷ്യസ് ഡീഡ്‌സണ്‍. ഹെയ്തിയുടെ കളിക്കാര്‍ പോരാട്ടവീര്യമുള്ളവരാണ്.
രണ്ട് തവണ ലോകകപ്പില്‍ പങ്കെടുക്കുന്ന ആദ്യ കരീബിയന്‍ രാജ്യം എന്ന ബഹുമതിയുമായാണ് 52 വര്‍ഷത്തിന് ശേഷം ഹെയ്തി എത്തുന്നത്. ആ നേട്ടപ്പട്ടിക ഒന്ന് കൂടി വലുതാക്കണമെന്ന ആഗ്രഹമാണ് ഹെയ്തിക്കുള്ളത്.
ആഭ്യന്തര കലാപങ്ങളാല്‍ പൊറുതിമുട്ടുന്ന സ്വന്തം രാജ്യത്തിന് പുത്തനുണര്‍വ് നല്‍കണമെന്ന വാശിയും ടീമിനുണ്ട്. അവര്‍ക്ക് നേരിടാനുള്ളതോ പെരുമയെന്നത് ചില കലണ്ടര്‍ നേട്ടങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ ദുരവസ്ഥ മാറ്റണമെന്ന ചിന്തയുമായെത്തുന്ന സ്‌കോട്‌ലന്‍ഡും. നോക്കാം, ഏത് വീര്യത്തിനാണ് ഉശിര് കൂടുതലെന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications