ക്രൊയേഷ്യയോട് ജാവോ പറഞ്ഞ് പോർച്ചുഗൽ; ഇഞ്ച്വറി ടൈം ഗോളിൽ ജയം, ആദ്യ നോക്ക്ഔട്ട് ഗോളുമായി റൊണാൾഡോ
ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക്. ടൊറന്റോയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് പോർച്ചുഗൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങൾ വരെ ആവേശം നിറഞ്ഞ പോരാട്ടമാണ് ആരാധകർക്ക് കാണാനായത്.
കളിയുടെ ആദ്യ പകുതി ഇരുടീമുകളും സൂക്ഷ്‌മതയോടെയാണ് ആരംഭിച്ചത്. ഒരുവശത്ത് ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റഫായേൽ ലിയാവോ എന്നിവർ പോർച്ചുഗലിനായി അവസരങ്ങൾ സൃഷ്‌ടിച്ചപ്പോൾ, ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിൽ ക്രൊയേഷ്യയും മികച്ച പ്രതിരോധം കാഴ്‌ചവച്ചു. ആദ്യ 45 മിനിറ്റിലും ഗോൾ പിറന്നില്ല. എങ്കിലും നേരിയ മേൽക്കൈ ക്രൊയേഷ്യക്ക് തന്നെയായിരുന്നു.

ഒടുവിൽ അതിനെ ശരിവച്ചു കൊണ്ട് രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ ജോസിപ്പ് സ്‌റ്റാനിഷിച്ചിന്റെ ക്രോസിൽ നിന്ന് ഇവാൻ പെരിഷിച്ച് ഗോൾ നേടി ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ പോർച്ചുഗൽ തയ്യാറായിരുന്നില്ല. ആക്രമണം ശക്തമാക്കിയ പോർച്ചുഗലിന് 68-ാം മിനിറ്റിൽ വാർ പരിശോധനയ്ക്ക് പിന്നാലെ ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലെത്തിച്ചതോടെ മത്സരം 1-1 എന്ന നിലയിലായി.
ഇരുടീമുകളും വിജയഗോളിനായി അവസാന നിമിഷങ്ങളിൽ ശക്തമായി പോരാടിയപ്പോൾ ഇൻജുറി ടൈമിന്റെ 90+4-ാം മിനിറ്റിൽ റഫായേൽ ലിയാവോയുടെ കൃത്യമായ ക്രോസിൽ നിന്നാണ് ഗോൺസാലോ റാമോസ് ഹെഡറിലൂടെ പ്രോച്ചുഗലിന്റെ വിജയഗോൾ നേടിയത്. പിന്നാലെ അവസാന നിമിഷം ക്രൊയേഷ്യ സമനില ഗോൾ നേടിയെന്ന തോന്നൽ ഉണ്ടായെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡ് കണ്ടെത്തിയതോടെ ഗോൾ അനുവദിച്ചില്ല.
ഈ വിജയത്തോടെ പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. അടുത്ത ഘട്ടത്തിൽ കരുത്തരായ സ്പെയിനിനെയായിരിക്കും പോർച്ചുഗൽ നേരിടുക. അതേസമയം ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യയുടെ ലോകകപ്പ് യാത്ര റൗണ്ട് ഓഫ് 32ൽ അവസാനിച്ചു. മികച്ച പ്രകടനം നടത്തി തലയുയർത്തി തന്നെയാണ് മോഡ്രിച്ചും സംഘവും കളം വിടുന്നത്.
അതേസമയം, മത്സരത്തിൽ ഗോൾ നേടിയതോടെ ഈ ലോകകപ്പിലെ റൊണാൾഡോയുടെ ഗോൾ സമ്പാദ്യം മൂന്നായി ഉയർന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് പോർച്ചുഗലിന് വേണ്ടി താരം കാഴ്‌ചവച്ചത്. അടുത്ത മത്സരത്തിൽ സ്‌പെയിനിനെ നേരിടാൻ ഇരിക്കെ പക്ഷേ പോർച്ചുഗലിന് ആശങ്കകൾ ഏറെയാണ്. ക്രൊയേഷ്യക്ക് എതിരായ പോരാട്ട വീര്യം മതിയാവില്ല സ്പെയിനിനെ നേരിടാൻ എന്നതാണ് ഇതിന്റെ പ്രധാന കാരണം. ജൂലൈ ഏഴിനാണ് മത്സരം നടക്കുക.
കൂടാതെ ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു അപൂർവ നേട്ടം കൂടി റൊണാൾഡോ സ്വന്തമാക്കി. ക്രൊയേഷ്യക്കെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിർണായക ഗോൾ നേടി പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച താരം, തന്റെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് ഘട്ട ഗോൾ കുറിച്ചുകൊണ്ടാണ് റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചത്.
2006 മുതൽ ആറു ലോകകപ്പുകളിൽ കളിച്ചിട്ടുള്ള റൊണാൾഡോ, ഗ്രൂപ്പ് ഘട്ടത്തിൽ നിരവധി ഗോളുകൾ നേടിയിരുന്നെങ്കിലും നോക്കൗട്ട് മത്സരത്തിൽ ഇതാദ്യമായാണ് വല കുലുക്കുന്നത്. ഇതോടെ ആറ് വ്യത്യസ്‌ത ലോകകപ്പുകളിൽ ഗോൾ നേടിയ ഏക താരമെന്ന സ്വന്തം ലോക റെക്കോർഡും അദ്ദേഹം കൂടുതൽ ശക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications