FIFA WC 2026: വരുമോ ഓറഞ്ച് വസന്തം? ഇനിയും കാത്തിരിപ്പ് അസാധ്യം; ജപ്പാന്‍ 'ആള്' ജപ്പാനാവുമോ
ഇതിഹാസ താരങ്ങളുണ്ടായിരിക്കുക, ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളെന്ന് വാഴ്ത്തപ്പെടുക, ലോകോത്തര നിലവാരമുള്ള താരങ്ങള്‍എല്ലാക്കാലത്തും ടീമിലുണ്ടാവുക....എന്നിട്ടും ഒരൊറ്റ തവണ പോലും ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയാതിരിക്കുക- നെതര്‍ലന്‍ഡ്‌സ് എന്ന, ഹോളണ്ട് എന്ന് വിളിക്കപ്പെട്ടിരുന്ന ഡച്ച് ടീമിനുള്ളത് അങ്ങനെയൊരു ദുര്യോഗമാണ്.
എക്കാലത്തേയും മഹാനായ കളിക്കാരില്‍ ഒരാളാണ് യൊഹാന്‍ ക്രൈഫ്. മാര്‍ക്കോ വാന്‍ബാസ്റ്റന്‍, റൂഡ് ഗുള്ളിറ്റ്, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, ഡെന്നിസ് ബെര്‍്കാംപ് ആര്യന്‍ റോബെന്‍ തുടങ്ങി ലോക ഫുട്‌ബോളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കളിക്കാര്‍ കുറച്ചൊന്നുമല്ല.

photocredit/instagram/onsoranje
ടീമിന്റെ ചേരുവ നോക്കിയാല്‍, പ്രതിരോധമികവ് പരിഗണിച്ചാല്‍, ആക്രമണ മികവുള്ള സ്‌ട്രൈക്കര്‍മാരുടെ കാര്യമെടുത്താല്‍, മധ്യനിരയിലെ കേമന്‍മാരുടെ കണക്കെടുത്താല്‍ എല്ലാം നെതര്‍ലന്‍ഡ്‌സിനെ കുറ്റം പറയാനോ കുറവ് ചൂണ്ടിക്കാണിക്കാനോ ഒന്നുമുണ്ടാവില്ല. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം മൂന്ന് തവണയാണ് അവര്‍ക്ക് ലോകകിരീടം ഒരു കൈപ്പാടകലത്തില്‍ നഷ്ടപ്പെട്ട് പോയത്.
1974ല്‍ ഫൈനലില്‍ തോറ്റത് പടിഞ്ഞാറന്‍ ജര്‍മനിയോട്. തൊട്ടടുത്ത തവണ അര്‍ജന്റീനയോട്. പിന്നെ ഒരിടവേളക്ക് ശേഷം 2010ല്‍ ഇനിയേസ്റ്റയുടെ വൈകിയെത്തിയ ഗോളില്‍ സ്‌പെയിനും അവരെ രണ്ടാംസ്ഥാനത്ത് ഒതുക്കി. 98ല്‍ നാലാം സ്ഥാനത്തും 2014ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതും കിടപ്പുണ്ട്. ഭാഗ്യം എന്നത് ശരിയാണെങ്കില്‍ ഒരു ഘടകമാണെങ്കില്‍ അത് തീരെയില്ലാത്തവരാണ് നെതര്‍ലന്‍ഡ്‌സ് എന്ന് പറയേണ്ടിവരും ഈ കണക്ക് നോക്കിയാല്‍ എന്ന് ചുരുക്കം.
വേറൊരു കണക്കുമുണ്ട് നെതര്‍ലാന്‍ഡ്‌സിനെ കുഴപ്പിക്കുന്നത്. വാശി കൂടി കൈവിട്ട് കളിച്ചതിന് റഫറിമാര്‍ കാര്‍ഡുകള്‍ മാറി മാറി വീശിയതിന്റെ റെക്കോഡുകള്‍ പിറന്നുവീണ രണ്ട് മത്സരങ്ങളിലും കളിച്ചത് നെതര്‍ലന്‍ഡ്‌സ് ആണ്. ന്യൂറെംബെര്‍ഗ് യുദ്ധം എന്ന വിളിപ്പേര് വീണ മത്സരം നടന്നത് 2006ലെ ലോകകപ്പില്‍. പോര്‍ച്ചുഗലിന് എതിരെയുള്ള പ്രീക്വാര്‍ട്ടര്‍. അന്ന് റഫറി എടുത്തത് ആകെ നാല് ചുവന്ന കാര്‍ഡും 16 മഞ്ഞ കാര്‍ഡും.
ആ റെക്കോഡ് തിരുത്തപ്പെട്ടത് കഴിഞ്ഞ കുറി ഖത്തറില്‍. അര്‍ജന്റീനക്ക് എതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറി എടുത്തത് 18 മഞ്ഞക്കാര്‍ഡും ഒരു ചുവന്ന കാര്‍ഡും. അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള പോരിന്റെ ചരിത്രത്തില്‍ വേറിട്ടെഴുതി ചേര്‍ക്കപ്പെട്ട ഒരു മത്സരമായിരുന്നു അത്. രണ്ടിലും നെതര്‍ലന്‍ഡ്‌സ് തോറ്റു എന്നതും ഓര്‍ക്കണം.
എന്തായാലും ഇക്കുറി നേട്ടങ്ങളുടെ പേജ് എഴുതിച്ചേര്‍ത്തേ പറ്റൂ എന്ന് ഉറപ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് ടീം വരുന്നത്. ലോകോത്തരമാണ് അവരുടെ പ്രതിരോധനിര. വെര്‍ജില്‍ വാന്‍ഡൈക്ക് പ്രതിരോധനിരയുടെ നട്ടെല്ല് മാത്രമല്ല, ഏത് പ്രതിസന്ധിയിലും കൂള്‍ ആയി ടീമിനെ നയിക്കുന്ന നായകനുമാണ്.
വാന്‍ഡൈക്കിനൊപ്പം ചേരുന്നതും തലപ്പൊക്കമുള്ള പ്രതിരോധ പടയാളികള്‍ തന്നെ. മിക്കി വാന്‍ ഡി വെന്‍, നേതന്‍ അകെ, ജൂറിയന്‍ ടിംബര്‍, പിന്നെ ഡെന്‍സെല്‍ ഡംഫ്രീസും. മധ്യനിരയില്‍ കളിയുടെ താളം നിയന്ത്രിക്കാനും മാറ്റിമറിക്കാനും കഴിവുള്ള ഫ്രെങ്കി ഡി ജോംഗ്, പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിലെ പാലമാകാന്‍ കഴിവുള്ള ടിജാനി റെയ്ജന്‍ഡേഴ്സ്, ആക്രമണനിരയില്‍ കോഡി ഗാക്‌പോയും ഡോണെല്‍ മാലനും. ഒപ്പം മെംഫിസ് ഡീപെയ്യും വൗട്ട് വെ?ഗോര്‍സ്റ്റും. ടീം സജ്ജമാണ്.
പരിചയസമ്പത്തും പുതു പ്രതിഭയും സമന്വയിപ്പിക്കുന്ന ടീമിനെ വാര്‍ത്തെടുത്തിരിക്കുന്നത് പഴയ താരം റൊണാള്‍ഡ് കോമാന്‍. പ്രതിരോധ താരമായിരിക്കുമ്പോഴും 250ലധികം ഗോളുകളടിച്ച കോമാനെ എക്കാലത്തേയും മികച്ച അറ്റാക്കിങ് സെന്റര്‍ ബാക്കുകളില്‍ ഒരാളായിട്ടാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ വിലയിരുത്തിയിട്ടുള്ളത്.
ഖത്തറിലെ നിരാശയില്‍ നിന്ന് ടീമിനെ ഉയര്‍ത്തെഴുന്നേല്‍പിച്ച് 2024ലെ യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തിച്ചു കോമാന്‍. പരമ്പരാഗത ഡച്ച് ശൈലിയില്‍ വേണ്ടത്ര ആധുനികത കലര്‍ത്തിയാണ് കോമാന്‍ ടീമിനെ സജ്ജമാക്കിയിട്ടുള്ളത്. അത് യോഗ്യതാ മത്സരങ്ങളില്‍ പ്രകടവുമായിരുന്നു.

photocredit/ instagram/japanfootballassociation
ജയന്റ് കില്ലേഴ്‌സവാന്‍ ജപ്പാന്‍
ആദ്യമത്സരത്തില്‍ ഡച്ചുകാര്‍ക്ക് നേരിടേണ്ടത് ജപ്പാനെയാണ്. യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ആദ്യം ലോകകപ്പിലേക്ക് ടിക്കറ്റെടുത്തവരാണ് അവര്‍. ജയന്റ് കില്ലേഴ്‌സ് എന്ന് വിളിപ്പേരുണ്ട് ഏഷ്യന്‍ കരുത്തുമായി വരുന്ന ജപ്പാന്‍ ടീമിന്. ലോകകപ്പിന് മുമ്പായി നടന്ന സൗഹൃദ മത്സരങ്ങളില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എത്രയോ മുന്നിലുള്ള ബ്രസീലിനെയും ഇംഗ്ലണ്ടിനെയും തോല്‍പിച്ച് അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.
ഇത്തരം ഞെട്ടിക്കലുകള്‍ ജപ്പാന്‍ ഇപ്പോള്‍ തുടങ്ങിയതല്ല എന്നും ഓര്‍മിക്കണം. കഴിഞ്ഞ തവണ ഖത്തറില്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നത് ജര്‍മനിയെയും സ്‌പെയിനെയും ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പിച്ചിട്ടാണ്. 2018ല്‍ കൊളംബിയയെ തോല്‍പിച്ചു.
ജപ്പാന് പൊതുവെ ആരെയും പേടിയില്ല. നന്നായി കളിക്കുക. അവസാന നിമിഷം വരെയും പോരാടുക. അതാണ് ലൈന്‍. ഖത്തറില്‍ പ്രീക്വാര്‍ട്ടറില്‍ മടങ്ങിയെങ്കിലും ലോകത്തെ ഞെട്ടിച്ച പ്രകടനമായിരുന്നു ടീമിന്റെ . അന്നത്തെ കോച്ച് ഹാജിമെ മോറിയാസു തന്നെയാണ് ഇക്കുറിയും കോച്ചായി എത്തുന്നത്.
ടീമാണ് പ്രധാനം എന്നതാണ് മോറിയാസു ആദ്യം തന്റെ കളിക്കാരെ പഠിപ്പിച്ചത്. പിന്നെയാണ് തന്ത്രങ്ങള്‍ മാറ്റിയും മറിച്ചുമുള്ള പരീക്ഷണങ്ങളെല്ലാം മോറിയാസു നടത്തിയത്. ഇക്കുറി മോറിയാസുവിന് കൂട്ടായി സഹപരിശീലകനായി ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പെടുത്തിയിരിക്കുന്നത് ജപ്പാന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന ഷുന്‍സുകെ നകാമുറെയെ ആണ്. പഴയ കേമനൊപ്പം കളിക്കുമ്പോള്‍ പിള്ളേര്‍ക്ക് ഒരിത്തിരി എക്‌സ്ട്രാ ഉഷാര്‍ ആകട്ടെ എന്ന മട്ടില്‍.
കഴിഞ്ഞ ലോകകപ്പില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച കൗറോ മിതോമ ഇക്കുറി ടീമിലില്ല. പരിക്കാണ് കാരണം. അതൊരു കുറവാകാതിരിക്കാന്‍ മോറിയാസു പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് കോച്ചിന് തുണയായതും വ്യക്തിഗത മികവില്‍ ഊന്നിയല്ലാത്ത ഗെയിം പ്ലാനിങ് തന്നെ.
മധ്യനിരയുടെ മാത്രമല്ല ടീമിന്റെ ആകെ തന്നെ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ള ക്യാപ്റ്റന്‍ വട്ടാരു എന്‍ഡോ അതുറപ്പിക്കാന്‍ കോച്ചിന് തുണയാകുന്നുമുണ്ട്. തകേഫുസ കുബോ ആകും ആക്രമണത്തിന്റെ പ്രധാന കുന്തമുന. ഒപ്പം അയാസെ ഉഡ, റിറ്റ്‌സു ഡോവന്‍ എന്നിവരും. ഖത്തറില്‍ ജര്‍മനിക്കും സ്‌പെയിനും എതിരെ ഗോളടിച്ച താരമാണ് റിറ്റ്‌സു.
ജപ്പാന്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ നേട്ടങ്ങളുടെ പട്ടിക ഉണ്ടാക്കിയിട്ടുണ്ടാകില്ല. പക്ഷേ ഞെട്ടിക്കല്‍ വിജയങ്ങള്‍ നേടിയിട്ടുണ്ട്. കളിക്കളത്തിന് പുറത്തുള്ള പെരുമാറ്റത്തിനും അച്ചടക്കത്തിനും ലോകത്തിന്റെയാകെ കയ്യടി വാങ്ങിയിട്ടുണ്ട്. അവര്‍ നിസ്സാരക്കാരല്ല, നെതര്‍ലന്‍ഡ്‌സും അല്ല. അതുകൊണ്ട് ഗ്രൂപ്പ് എഫിലെ ആദ്യമത്സരം പൊടിപാറുമെന്ന് ഉറപ്പ്. നല്ല രസികന്‍ മത്സരമായിരിക്കുമെന്നുമുറപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

