For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

World Cup 2026: ആഞ്ഞടിക്കുമോ മെക്‌സിക്കന്‍ തിരമാല? അഗ്വിറെയുടെ പിള്ളേരെ ഭയക്കണം!! ഈ കാരണം

By P R Vandana

ഫിഫയുടെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ നാലാമന്‍ ആരായിരിക്കും എന്നതിന്റെ സാധ്യതകളാണ് നമ്മള്‍ ഇതുവരെ നോക്കിയത്. ഇനി നമുക്ക് ആദ്യം ഗ്രൂപ്പ് എയില്‍ എത്തിയവരെ പറ്റി നോക്കാം. ഗ്രൂപ്പ് എയില്‍ ആദ്യം ഇരിപ്പുറപ്പിച്ചത് മൂന്ന് ആതിഥേയരില്‍ ഒരാളായ മെക്‌സിക്കോ ആണ്. ആതിഥേയത്വത്തിന്റെ പേരില്‍ യോഗ്യതാ മത്സരങ്ങളുടെ ചൂടും വെപ്രാളവും അറിയാതെയാണ് മെക്‌സിക്കോ വന്നിട്ടുള്ളതെങ്കിലും അവരത്ര നിസ്സാരക്കാരല്ല .17 തവണ ലോകകപ്പില്‍ പങ്കെടുത്തിട്ടുണ്ട് അവര്‍.

വടക്കന്‍ അമേരിക്കയും മധ്യ അമേരിക്കയും കരീബിയന്‍ നാടുകളും ഉള്‍പെട്ട കോണ്‍കാഫ് മേഖലയിലാണ് മെക്‌സിക്കോ ഉള്‍പെടുന്നത്. ഇവിടെ നിന്നും ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ഫുട്ബോളില്‍ കളിച്ചതിന്റെ തലപ്പൊക്കം മെക്‌സിക്കോക്കുണ്ട്. അത് ചിരവൈരികളായ അമേരിക്കയുമായി പങ്കിടുന്നതില്‍ ലേശം വിഷമം ഉണ്ടെന്ന് മാത്രം. അവരത് മാറ്റുന്നത് കിരീടങ്ങളിലേക്ക് നോക്കിയിട്ടാണ്.

MEXICO TEAM

photo credit/ Selección Nacional de México

2012ലെ ഒളിമ്പിക് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായ മെക്‌സിക്കോ 1999ല്‍ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയിരുന്നു എന്ന് പറഞ്ഞാല്‍ ഫിഫയുടെ കണക്കില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ രണ്ടെണ്ണത്തിലും ചാമ്പ്യന്‍മാരായിട്ടുണ്ട് എന്നര്‍ത്ഥം.

1930ല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലോകകപ്പ് ടൂര്‍ണമെന്റിന് എത്തിയിട്ടുണ്ട് മെക്‌സിക്കോ. അന്നും പിന്നീട് 1950, 1954, 1958, 1962, 1966, 1978 തുടങ്ങി കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ വരെ പ്രാഥമിക റൗണ്ടില്‍ തന്നെ മെക്‌സിക്കോ പുറത്തുപോയി. 1994മുതല്‍ 2018വരെ തുടര്‍ച്ചയായി പ്രീ ക്വാര്‍ട്ടറില്‍ എത്തി. രണ്ട് തവണ ക്വാര്‍ട്ടറില്‍ എത്തി. മൂന്ന് തവണയാണ് യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ടതു കൊണ്ട് ലോകകപ്പിന് എത്താന്‍ കഴിയാതെ പോയത്. 1934ലും 74ലും 1982ലും. 1990ലും കളിക്കാന്‍ പറ്റിയില്ല. അന്ന് വിലങ്ങുതടിയായത് നിരോധനമായിരുന്നു.

ഇത്തവണ സ്വന്തം നാട്ടിലെ കാണികളുടെ മുന്നില്‍ മൂന്നാമതും കളിക്കാനിറങ്ങുമ്പോള്‍ ചില കണക്കുകളിലും ഓര്‍മകളും അധിക സന്തോഷം കണ്ടെത്തുന്നുണ്ട് മെക്‌സിക്കോ. അവര്‍ രണ്ട് തവണ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു എന്ന് പറഞ്ഞല്ലോ. അത് 1970ലും 86ലും ആയിരുന്നു. രണ്ട് തവണയും ആതിഥേയരായിരുന്നു മെക്‌സിക്കോ. മൂന്നാമതും ആതിഥ്യം വഹിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ കലക്കണമെന്ന ആവേശത്തിലാണ് ടീമും ആരാധകരും.

അവരുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നത് കോച്ച് ഹാവിയര്‍ അഗ്വിറെ. മൂപ്പര്‍ക്കുമുണ്ട് ഒരു മൂന്നിന്റെ പിന്‍ബലം. ഇത് മൂന്നാം തവണയാണ് അഗ്വിറെ മെക്‌സിക്കോ കോച്ചാവുന്നത്. 2002ലും 2010ലും ആണ് ഹാവിയര്‍ മുമ്പ് കോച്ചായിരുന്നത്.

ആദ്യത്തെ വട്ടം മെക്‌സിക്കോ കോപ്പ അമേരിക്ക ഫൈനലില്‍ എത്തി. രണ്ടാം ഊഴത്തിലും അഗ്വിറെ തിളങ്ങി. 2009 കോണ്‍കകാഫ് ഗോള്‍ഡന്‍ കപ്പ് കിരീടം നേടി. പിന്നാലെ ഇക്കൊല്ലത്തെയും കോണ്‍കകാഫ് ഗോള്‍ഡന്‍ കപ്പ് കിരീടം നേടിയ ഊര്‍ജത്തിലാണ് മെക്‌സിക്കോ കളിക്കാനിറങ്ങുന്നത്.

അഗ്വിറെക്കുള്ള കൂട്ടും കേമനാണ്. മെക്‌സിക്കോയുടെ സ്വന്തം കൈസര്‍, മെക്‌സിക്കോയുടെ എക്കാലത്തേയും മികച്ച പ്രതിരോധ താരമായി വാഴ്ത്തപ്പെടുന്ന റാഫെല്‍ മാര്‍ക്വെസ് എന്ന റാഫെല്‍ അല്‍വേര മാര്‍ക്വെസ് ആണ് അസിസ്റ്റന്റ് കോച്ച്. തുടര്‍ച്ചയായി 5 ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുള്ള ആറ് താരങ്ങളില്‍ ഒരാളാണ് മാര്‍ക്വെസ്.

2002, 2006, 2010, 2014, 2018 ലോകകപ്പുകളിലാണ് മാര്‍ക്വെസ് തുടര്‍ച്ചയായി രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞത്. (ആ നേട്ടം ആദ്യമായി സ്വന്തമാക്കിയതും ഒരു മെക്‌സിക്കോ കളിക്കാരനാണ്. ആന്റോണിയോ കര്‍ബജാല്‍, 1950, 1954, 1958, 1962, 1966 ടൂര്‍ണമെന്റുകളില്‍ കളിച്ചു. പിന്നെ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ആന്‍ഡ്രെ ഗ്വര്‍ഡാഡോയും. 2006, 2010, 2014, 2018, 2022 ലോകപ്പുകളില്‍ ആണ് ഗ്വര്‍ഡാഡോ കളിച്ചത്. )

നായകന്‍ എഡ്‌സണ്‍ അല്‍വാരെസ്, സിസര്‍ മോന്‍ടെസ്, യോഹന്‍ വാസ്‌ക്വെസ് എന്നിവര്‍ ഉള്‍പെട്ട മധ്യനിരയാണ് അഗ്വിറോയുടെ തന്ത്രങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. കോണ്‍കാഫ് കിരീട നേട്ടത്തിന് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിലൊന്നും നന്നായി കളിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം ആര്‍ത്തുവിളിക്കുന്ന നാട്ടുകാരുടെ മുന്നില്‍ മറികടക്കാന്‍ കഴിയുമെന്ന് ടീം കരുതുന്നു.

MEXICO TEAM

ആദ്യ ഇലവനില്‍ ഉള്‍പെടുത്തിയില്ലെങ്കിലും ഒരു അവസരം കൂടി ഗോള്‍ വലയം കാക്കാന്‍ കിട്ടിയാല്‍ ഗ്വില്ലെര്‍മോ ഒച്ചാവോക്ക് തുടര്‍ച്ചയായ നാലാം ലോകകപ്പാകും. ഇതിന് മുമ്പ് അഞ്ച് തവണ ദേശീയ ടീമില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും 2006ലും 2010ലും റിസര്‍വ് പട്ടികയിലായിരുന്നു സ്ഥാനം.

ഉദ്ഘാടന മത്സരം നടക്കുന്നത് തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ പേരുകേട്ട അസ്‌ടെക്ക സ്റ്റേഡിയത്തിലാണ്. ദക്ഷിണാഫ്രിക്കക്ക് എതിരെ കളിക്കാനിറങ്ങുമ്പോള്‍ മെക്‌സിക്കോ ടീമിന് ഊര്‍ജം പകരുന്ന ഒരു സ്മരണികയുണ്ട് ആ സ്റ്റേഡിയത്തില്‍. 1986ല്‍ ബള്‍ഗേറിയക്ക് എതിരായ മത്സരത്തില്‍ മാനുവല്‍ നെഗ്രെറ്റെ അടിച്ച അതിമനോഹരമായ സിസര്‍ കിക്ക് ഗോള്‍ ടൂര്‍ണമെന്റിലെ തന്നെ മനോഹര ഗോളായിരുന്നു.

ആ ഗോളിന്റെ സ്മരണിക കണ്ണിന്‍ മുന്നില്‍ കണ്ട് ഇറങ്ങുമ്പോള്‍ മെക്‌സിക്കോ ടീമും കാണികളും ഉള്ളറിഞ്ഞ് ആഗ്രഹിക്കുന്നുണ്ട് , കൂടുതല്‍ സ്മരണികകളാല്‍ ആ സ്റ്റേഡിയത്തിന്റെ ഗരിമ കൂട്ടാന്‍. നോക്കാം, ദക്ഷിണാഫ്രിക്കയും ദക്ഷിണ കൊറിയയും ഒക്കെ എങ്ങനെ പോരാടുമെന്ന്.

Story first published: Tuesday, December 9, 2025, 16:28 [IST]
Other articles published on Dec 9, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+