Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ജപ്പാന്‍ തോറ്റിട്ടില്ല!! തോല്‍ക്കുകയുമില്ല; മധുരിക്കും മുമ്പ് വീണു പോയ ഓറഞ്ച്

ചിലപ്പോള്‍ ജയത്തേക്കാള്‍ മനസ്സ് തൊടും ചില തോല്‍വികള്‍. ജയിച്ച ടീമിന്റെ കടുത്ത ആരാധകര്‍ പോലും എഴുന്നേറ്റ് നിന്ന് കയ്യടിക്കും വീണു പോയവര്‍ക്കായി. തിരിച്ചു വരൂ എന്ന് അവരോട് പറയാതെ പറയും.

മത്സരത്തില്‍ കാണിച്ച ആത്മാര്‍ത്ഥത, പോരാട്ടവീര്യം, അച്ചടക്കം, പെരുമാറ്റം ഇങ്ങനെ പല കാരണങ്ങളുണ്ടാകും അതിന്. അത്തരം എല്ലാ കാരണങ്ങളും ഘടകങ്ങളും ഒത്തുവരുന്ന ടീമാണ് ജപ്പാന്‍.

ഫുട്‌ബോളിന്റെ ചരിത്രത്തിലും പെരുമയിലും നേട്ടങ്ങളിലും എത്രയോ കാതം മുന്നിലുള്ള ബ്രസീലിന് എതിരെ അവര്‍ വീണത് പൊരുതി തന്നെയാണ്. ആദ്യപകുതിയില്‍ മുന്‍ ചാമ്പ്യന്‍മാരെ അവര്‍ വിറപ്പിച്ചു. പ്രതിരോധത്തിന്റെ നേരിയ അശ്രദ്ധയില്‍ നിന്ന് അതിവേഗം പാഞ്ഞെത്തിയ ഷോട്ടിലൂടെ കയാഷി സാനോ സാമുറായികളെ മുന്നിലെത്തിച്ചു.

JAPAN TEAM

രണ്ടാംപകുതിയില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയെത്തിയ കാനറിപ്പക്ഷികള്‍ കളം നിറഞ്ഞപ്പോഴും പരിഭ്രമമില്ലാതെ ജപ്പാന്‍ നേരിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കാസിമെറോയുടെ ഹെഡ്ഡറിലൂടെ ആദ്യം സമനിലയും കളി തീരാനിരിക്കെ മാര്‍ട്ടിനെല്ലിയുടെ വിജയഗോളും വന്നപ്പോഴും ജപ്പാന്‍ ടീം ഐക്യത്തോടെ കളിച്ചു.

തികഞ്ഞ വീര്യത്തോടെ കളിച്ചു. അവസാന വിസില്‍ വരെയും അവര്‍ മൈതാനം നിറഞ്ഞ് കളിച്ചു. തോല്‍ക്കാന്‍ മനസ്സില്ലാത്ത, വീഴുംവരെയും പോരാടുമെന്ന വീര്യമുള്ള സാക്ഷാല്‍ സമുറായിമാര്‍ ആയിത്തന്നെ ജപ്പാന്‍ കളിച്ചു.

ഒരിക്കല്‍ കൂടി നോക്കൗട്ട് കടമ്പ കടക്കാതെ മടങ്ങുമ്പോഴും ജപ്പാന് മുന്നില്‍ ലക്ഷ്യങ്ങളുണ്ട്. മത്സരവീര്യത്തിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരെ കയ്യിലെടുത്ത ജപ്പാന്‍കാര്‍ക്ക് 2050 ഓടെ ലോകകിരീടം നേടുക എന്നതാണ് ലക്ഷ്യം.

ജെഎഫ് എ വിഷന്‍ 2050 എന്ന പ്രോജക്ട് തന്നെ അതിനാണ്. ഇപ്പോള്‍ കാണിക്കുന്ന വീര്യവും അച്ചടക്കവും എല്ലാം അതിന്റെ തുടക്കം മാത്രം. ലക്ഷ്യം അവര്‍ നേടുമെന്ന് ഉറപ്പിക്കാം. കാരണം തോല്‍ക്കാന്‍ മനസ്സില്ലെന്ന നിലപാടില്‍ മുന്നോട്ടു പോകുന്നവര്‍ ആണ് അവര്‍.

ടീമിനായി അലറി വിളിച്ച് പ്രോത്സാഹിപ്പിക്കുന്നവരെ ഓര്‍ക്കുന്നുണ്ട് അവര്‍. വിനയം മൈതാനത്തും പുറത്തും, കളിയിലും കളിക്ക് ശേഷവും കാണിക്കുന്നവര്‍ ആണ് അവര്‍. അതിനുള്ള തെളിവാണ് ബ്രസീലിന് എതിരെയുള്ള മത്സരത്തിന് ശേഷവും മൈതാനത്ത് കണ്ടത്.

കാതങ്ങള്‍ താണ്ടി ടീമിനെ പ്രോത്സാഹിപ്പിക്കാനായി എത്തിയ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അവര്‍ തല കുമ്പിട്ടു. കണ്ണീരണിഞ്ഞ കണ്ണുകളുമായി നന്ദി പറഞ്ഞു. ഇനിയും മുന്നോട്ട് പോകാന്‍ കഴിയാതെ പോയ നിരാശയ്ക്ക് ക്ഷമ പറഞ്ഞു.

ശേഷം പതിവുപോലെ കളിക്കാരുടെ മുറി വൃത്തിയാക്കി മടങ്ങി. കളിക്കളത്തിലെ പെരുമാറ്റവും മികവും കൊണ്ട് കളിക്കാരും അച്ചടക്കവും വിനയവും വൃത്തിയും കൊണ്ട് കളി കാണാന്‍ വന്നവരും ലോകത്തിന്റെ കയ്യടി ഒരിക്കല്‍ കൂടി ഏറ്റുവാങ്ങി.

പാതിമുറിഞ്ഞ ഓറഞ്ച്!!

നോക്കൗട്ടില്‍ ആദ്യം മുന്നിട്ട് നിന്ന് അവസാന നിമിഷം കാലിടറുന്ന ദൗര്‍ഭാഗ്യമാണ് ജപ്പാനെ ഇക്കുറിയും വേട്ടയാടിയതെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെ വീണ്ടും ചതിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ട്. നിര്‍ഭാഗ്യമേ നിന്റെ പേരോ നെതര്‍ലന്‍ഡ്‌സ് എന്ന് ആരും ചോദിച്ച് പോകുന്ന അവസ്ഥ. തോല്‍വി അറിയാതെ ജയിച്ച് വന്ന് നോക്കൗട്ടില്‍ കാലിടറി മടങ്ങുന്ന ഓറഞ്ച് പടയുടെ നെഞ്ചിലെ ഭാരം ഓരോ ആരാധകനും പേറുന്നുണ്ട്.

NETHERLANDS

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ടീമിനെ ആദ്യം മുന്നിലെത്തിച്ചപ്പോള്‍ ഒരായിരം കടലാണ് ഗാക്‌പോയുടെ നെഞ്ചില്‍ അലയടിച്ചത്. ഭൂമിയില്‍ എത്തുംമുമ്പ് അമ്മയുടെ ഉദരത്തില്‍ വെച്ച് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗാക്‌പോ രാജ്യത്തിനായി ബൂട്ട് കെട്ടിയത്.

എന്നിട്ട് ടീമിനെ മുന്നിലുമെത്തിച്ചു. വികാര നിര്‍ഭരമായിരുന്നു ആ നിമിഷം ടീമിനാകെ. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് നില്‍ക്കുമ്പോഴാണ് ഇഞ്ചുറി ടൈമില്‍ ഡിയോപ് മൊറോക്കോയെ ഒപ്പം എത്തിച്ചത്. അവസരങ്ങള്‍ കൈവിട്ട് നിന്ന അധിക സമയത്തിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ട്.

ഒന്നാന്തരം സേവുകള്‍ പലതു നടത്തി ടീമിനെ രക്ഷിച്ച ബാര്‍ട്ട് വെര്‍ബ്രൂഗനെ കടത്തിവെട്ടി മൊറോക്കോയുടെ യാസിന്‍ ബോണോ. 3-2 എന്ന സ്‌കോറിന് കഴിഞ്ഞ തവണത്തെ നാലാം സ്ഥാനക്കാര്‍ മുന്നോട്ട്. ഡച്ച് പടക്ക് വീണ്ടും നിരാശ.

അവസാന കിക്ക് കൃത്യമായി ഗോളാക്കിയ ഇസ്മായേല്‍ സായിബാരി അമ്മയുടെ അടുത്തെത്തി വിജയക്കണ്ണീര്‍ തുടച്ചപ്പോള്‍ നിര്‍ഭാഗ്യത്തെ പഴിച്ച് ഡച്ച് പട മൈതാനത്ത് തലയും താഴ്ത്തി ഇരുന്നു. ഇക്കുറി കിരീടസാധ്യത വരെ കല്‍പിക്കപ്പെട്ടിരുന്ന ടീമായിരുന്നു നെതര്‍ലന്‍ഡ്‌സ്. പ്രീക്വാര്‍ട്ടര്‍ കാണാതെ അവര്‍ നാട്ടിലേക്ക് മടങ്ങി.

അതല്ലെങ്കിലും ഡച്ച് പടയുടെ കാര്യം അങ്ങനെയാണ്. സാക്ഷാല്‍ ക്രൈഫ് തൊട്ട് മാര്‍ക്കോ വാന്‍ബാസ്റ്റന്‍, റൂഡ് ഗള്ളിറ്റ്, റോബിന്‍ വാന്‍പേഴ്‌സി തുടങ്ങി ആര്യന്‍ റോബന്‍, വിര്‍ജില്‍ വാന്‍ഡീക് വരെ നീളുന്ന പ്രഗത്ഭരുടെ താരനിര ചരിത്രത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളായി വിശേഷിപ്പിക്കുന്നു.

മൂന്ന് തവണ കലാശപ്പോരാട്ടത്തില്‍ കാലിടറി വീണ ടീമിന് ലോകകപ്പ് എന്ന സ്വപ്‌നം ഇനിയും അകലെ. ജയിക്കുന്നവര്‍ക്ക് ഒപ്പം ചിലപ്പോഴെങ്കിലും വീണുപോയവരും അതേ നിലയില്‍ ആഘോഷിക്കപ്പെടാറുണ്ട്. അതാണ് ഫുട്‌ബോളിനെ ബ്യൂട്ടിഫുള്‍ ഗെയിം ആക്കുന്നത്.

Story first published: Tuesday, June 30, 2026, 20:04 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+