Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Fifa World Cup 2026: കമോണ്‍ ഇറ്റലീ.. അസൂറികളില്ലാതെ എന്തു ലോകകപ്പ്? പക്ഷെ 2 കടമ്പ

2026ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മത്സരക്രമം തെളിഞ്ഞു. ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന, ആദ്യമായി മൂന്ന് രാജ്യങ്ങള്‍ ഒരുമിച്ച് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. 12 ഗ്രൂപ്പുകള്‍. അവയില്‍ ആറ് ഗ്രൂപ്പുകളുടെ ചിത്രം സമ്പൂര്‍ണമായി വ്യക്തമാകണമെങ്കില്‍ ആറ് പ്ലേ ഓഫ് മത്സരങ്ങളുടെ ഫലം കൂടി വരണം

ഗ്രൂപ്പ് എ പൂര്‍ത്തിയാകണമെങ്കില്‍ നാലാമനായി വരേണ്ടത് യുവേഫ പ്ലേഓഫ് എയില്‍ നിന്നുള്ള ടീമാണ്. അതിലുള്ളത് ഇറ്റലി, വെയ്ല്‍സ്, ബോസ്‌നിയ ഹെര്‍സഗോവിന , വടക്കന്‍ അയര്‍ലന്‍ഡ് എന്നീ ടീമുകളാണ്. ഈ നാലു ടീമില്‍ നിന്ന് ആരാകും ഗ്രൂപ്പിലെ നാലാമന്‍ എന്നറിയാന്‍ മാര്‍ച്ച് വരെ കാത്തിരിക്കണം. കാണുമ്പോള്‍ തോന്നും, ഇറ്റലിക്കാണ് സാധ്യതയെന്ന്.

ITALIAN TEAM

Photocredit/ paolomaldini

പക്ഷേ കാല്‍പന്തുകളിയുടെ ചരിത്രം നല്‍കുന്ന പിന്തുണ മൈതാനത്ത് കുറേക്കാലമായി അസൂറികള്‍ക്കില്ല. ഇത് മൂന്നാംതവണയാണ് അവര്‍ ആദ്യവട്ടം തന്നെ യോഗ്യത നേടാതെ പ്ലേ ഓഫിന്റെ ടെന്‍ഷനില്‍ എത്തുന്നത്. രണ്ട് തവണയും പ്ലേഓഫിലും കാലിടറി. രണ്ട് ലോകകപ്പിന് കളിച്ചില്ല. നോര്‍വെയാണ് ഇറ്റലിയെ പ്ലേ ഓഫിലേക്ക് പിന്തള്ളി ലോകകകപ്പിന് യോഗ്യത നേടിയത്. അതും 1998ന് ശേഷം ആദ്യമായി.

ഇനിയിപ്പോള്‍ മാര്‍ച്ച് 26ന് വടക്കന്‍ അയര്‍ലന്‍ഡുമായി സെമിഫൈനല്‍. ജയിച്ചാല്‍ മാര്‍ച്ച് 31ന് വെയ്ല്‍സും ബോസ്‌നിയ ഹെര്‍സഗോവിനയും തമ്മിലുള്ള സെമി മത്സരത്തിലെ വിജയിയെ നേരിടണം. ആ കടമ്പയും കഴിഞ്ഞാല്‍ ലോകകപ്പിന് ടിക്കറ്റെടുക്കാം. അവിടെ ആദ്യം നേരിടേണ്ടത് ആതിഥേയരായ കാനഡ, കഴിഞ്ഞ വര്‍ഷത്തെ ആതിഥേയരായ ഖത്തര്‍, പിന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകളെ.

നാല് തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ളവരാണ് ഇറ്റലി. 1934ല്‍ ആദ്യം. പിന്നെ തൊട്ടടുത്ത വട്ടം ആ കിരീടം നിലനിര്‍ത്തി. പിന്നെ നീണ്ട ഇടവേള. 1982ല്‍ മൂന്നാം കിരീടം. മൂന്നാംസ്ഥാനവും (90) രണ്ടാംസ്ഥാനവും (94) പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും ഒക്കെ കണ്ട ഇടവേളക്ക് ശേഷം പിന്നെ 2006ല്‍ വീണ്ടും കിരീടം. നിലവിലെ ചാമ്പ്യന്‍മാരായി എത്തിയ 2010ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കാലിടറി. അടുത്ത തവണയും അത് തന്നെ ആവര്‍ത്തിച്ചു.

പിന്നെ രണ്ട് വട്ടം, 2018ലേയും 2022ലേയും ലോകകപ്പിന് യോഗ്യത നേടാനാകാതെ കാലിടറി വീണു. അങ്ങനെ ഹാട്രിക് അയോഗ്യത എന്ന നാണക്കേടിന്റെ മുന്നില്‍ നില്‍ക്കാതിരിക്കാനാണ് ഇറ്റലി മാര്‍ച്ചില്‍ ബെര്‍ഗാമോയില്‍ നടക്കാനിരിക്കുന്ന മത്സരത്തിലേക്ക് കണ്ണ് നട്ടിരിക്കുന്നത്.

ടീം മാത്രമല്ല നാടാകെയും. ആ സമ്മര്‍ദം ചില്ലറയല്ലെന്ന് ടീം കോച്ച് ജെന്നാറോ ഗെട്ടൂസോ തുറന്നു പറഞ്ഞതും. പോയിന്റില്‍ രണ്ടാമത് എത്തുന്ന ടീമിന് നേരിട്ട് യോഗ്യത നല്‍കാതെ പ്ലേ ഓഫിലേക്ക് തള്ളിവിടുന്ന നയത്തെ ഗെട്ടൂസോ വിമര്‍ശിച്ചിട്ടുമുണ്ട്.

ഇറ്റലിയുടെ ഹാട്രിക് അയോഗ്യത ടീമിനെ മാത്രമല്ല, വര്‍ഷങ്ങളുടെ അടിത്തറയുള്ള ഇറ്റാലിയന്‍ ഫുട്‌ബോള്‍ വ്യവസ്ഥയെ കൂടി ബാധിക്കും. പുതിയ കളിക്കാരുടെ ഉയര്‍ന്നു വരവ്, പുതിയ ടീമുകളുടെ വരവ്, പുതിയ സ്‌പോണ്‍സര്‍മാരും നിക്ഷേപകരും തുടങ്ങി ഒരുപാട് ഘടകങ്ങളെയാണ് കാല്‍പന്തുകളിയുടെ വിശ്വവേദിയിലെ സാന്നിധ്യമില്ലായ്മ നേരിട്ട് ബാധിക്കുക.

നാല് തവണ ചാമ്പ്യന്‍മാരായിട്ടുള്ള , ഫുട്‌ബോള്‍ ആരാധന കലശലായിട്ടുള്ള നാടിന്റെ പ്രാതിന്ധ്യമില്ലായ്മ ടൂര്‍ണമെന്റിന്റെ ശോഭക്കും നിറം കുറക്കും. നേട്ടങ്ങളുടെ പട്ടിക ആദ്യം പറഞ്ഞതാണ്. നാല് തവണ കിരീടം.

ITALY TEAM

ഫുട്‌ബോളിലെ മഹാരഥന്‍മാരുടെ പട്ടികയില്‍ ഒരു അധ്യായം തന്നെ തീര്‍ത്തിട്ടുണ്ട് ഇറ്റലിയില്‍ നിന്നുള്ള കളിക്കാര്‍. റോബര്‍ട്ടോ ബാജിയോ, പൗലോ റോസ്സി, ജിയാന്‍ ലൂജി ബഫണ്‍, സാല്‍വദോര്‍ ഷില്ലാച്ചി, പൗലോ മല്‍ദീനി, ഫാബിയോ കന്നിവാരോ ,ആന്‍ഡ്രേ പിര്‍ലോ.. അങ്ങനെ അങ്ങനെ എത്ര പേര്‍.

സാക്ഷാല്‍ മറഡോണ കളിച്ച നാപ്പോളി മുതല്‍ യുവന്റസ്, ഇന്റര്‍ മിലാന്‍, എസി മിലാന്‍ വരെ നീളുന്ന തകര്‍പ്പന്‍ ക്ലബുകള്‍. ഫുട്‌ബോളിനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന നാട്ടുകാര്‍. കടലാസില്‍ എല്ലാമുണ്ടായിട്ടും കുറച്ച് കാലമായി തോല്‍വിയുടെ നിഴലുകള്‍ മാത്രമാണ് ഇറ്റലിയുടെ ദേശീയ ടീമിനെ പിന്തുടരുന്നത്.

കുറച്ച് കാലത്തിന് ശേഷം ടീം ആത്മവീര്യം വീണ്ടെടുക്കുകയും ഗോളിക്കണം എന്ന അടിസ്ഥാന കാര്യം ഓര്‍ത്തെടുത്ത് കളിക്കുന്നുമുണ്ട്. പക്ഷേ എന്നാലും അത്രക്കങ്ങട് ശരിയാവുന്നുമില്ല. ഈ പക്ഷേ ഇനിയെങ്കിലും മാറുമോ എന്നറിയാന്‍ മാര്‍ച്ച് വരെ കാത്തിരിക്കണം. നോക്കാം, അസൂറിപ്പട സട കുടഞ്ഞെഴുന്നേറ്റ് വരുമോ എന്ന്.

Story first published: Sunday, December 7, 2025, 18:16 [IST]
Other articles published on Dec 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+