FIFA WC 2026: മെസ്സി മുതല്‍ കെയ്ന്‍ വരെ, ഈ ഗോളുകളെ വെല്ലാന്‍ മറ്റൊന്നുണ്ടോ? ഇതാ ബെസ്റ്റ് 10!!
പ്രീക്വാര്‍ട്ടറിന്റെ ആവേശവുമായി ലോകകപ്പ് മത്സരങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ തന്നെ അതിഗംഭീരമായ ഗോളുകള്‍ പലത് കണ്ടു കഴിഞ്ഞു. കാല്‍പന്തുകളിയിലെ മികവിന്റെ റെക്കോഡുകള്‍ പലത് തിരുത്തപ്പെട്ടു. അത്ഭുതകരങ്ങളായ പ്രകടനങ്ങള്‍ കണ്ടു. ഞെട്ടിക്കലുകള്‍ ഉണ്ടായി. ഹൃദയഭേദകമായ വിട വാങ്ങലുകളും.
ഇതുവരെ മൈതാനത്ത് പിറന്ന ഗോളുകളില്‍ ഏറ്റവും മികച്ച പത്തെണ്ണം ചര്‍ച്ച ചെയ്താലോ. തികച്ചും ആപേക്ഷികമായിരിക്കും തെരഞ്ഞെടുപ്പ്. എന്നാലും ചില ഗോളുകളെങ്കിലും എല്ലാവരുടെയും കണ്ണില്‍ ഗംഭീരമായിരിക്കുമെന്ന് ഉറപ്പാണ്.

മികച്ച ഗോളുകളില്‍ ആദ്യത്തെത് ഈ ലോകകപ്പില്‍ എല്ലാവരുടെയും ആദരം നേടിയ കാബോ വെര്‍ദെ ടീമിന്റെയാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നോക്കൗട്ടില്‍ എത്തുന്ന ഏറ്റവും ചെറിയ രാജ്യമായി മാറാന്‍ കഴിഞ്ഞ ടീമാണ് കാബോ വെര്‍ദെ.
ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനക്ക് എതിരെ 1-2ന് പിന്നിട്ട് നില്‍ക്കുമ്പോഴാണ് അധിക സമയത്ത് ഈ ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ ഗോള്‍ പിറന്നത്. സിഡ്‌നി ലോപസ് കാബ്രോളിന്റെ ആ സുന്ദര ഗോള്‍. ബോക്‌സിന്റെ വലതുവശത്ത് അരികു മാറി നിന്ന് തൊടുത്ത ഷോട്ട് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് ചെന്ന് പതിച്ചപ്പോള്‍ ഏതൊരു ഫുട്‌ബോള്‍ ആരാധകനും പറഞ്ഞു കാണും, WOW... What A Goal.
രണ്ടാമത്തേത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കോംഗോക്ക് എതിരെ നേടിയ ഗോള്‍. ടീം കിതയ്ക്കുമ്പോള്‍, കൈ പിടിച്ചുയര്‍ത്താന്‍ വരുന്നവനാണ് നായകന്‍ എന്ന് മാത്രമല്ല കെയ്ന്‍ തെളിയിച്ചത്. എന്തുകൊണ്ട് താന്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടോപ് സ്‌കോറര്‍ ആയി എന്നുകൂടി ആയിരുന്നു.
ആന്റണി ഗോര്‍ഡന്റെ പാസ് സ്വീകരിക്കുമ്പോള്‍ കെയ്ന്‍ കൃത്യം ഗോള്‍ സ്‌കോറിങ് പൊസിഷനില്‍ ആയിരുന്നില്ല. ഡ്രിബിള്‍ ചെയ്ത് പന്ത് വലതുകാലിലെത്തിച്ച് പോസ്റ്റിലേക്ക് തലയുയര്‍ത്തുക പോലും ചെയ്യാതെ ചുറ്റും നില്‍ക്കുന്ന മൂന്ന് പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഒരൊറ്റ അടി, ഗോള്‍. പ്രീക്വാര്‍ട്ടറിലേക്ക് ടീമിനെ എത്തിച്ച അസ്സല്‍ ഗോള്‍.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനായി സ്വന്തം പേര് എഴുതിച്ചേര്‍ത്ത മത്സരത്തിലാണ് ലയണല്‍ മെസ്സി തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും കുറിച്ചത്. ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയക്ക് എതിരെ. അതിലെ ആദ്യ ഗോള്‍ മനോഹരമായിരുന്നു. റോഡ്രിഗോ ഡി പോളിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ വലതുവശത്ത് നിന്ന് സ്വതസിദ്ധമായ ലോങ് ഷോട്ട്. പറന്നിറങ്ങിയെത്തിയ ഗോള്‍.
ലോകകപ്പിലെ ഗോളിന്റെ കണക്കുകളില്‍ മെസ്സിക്ക് തൊട്ടുപിന്നാലെ പാഞ്ഞുവരുന്ന കിലിയന്‍ എംബാപ്പെയുടെ ഏറ്റവും നല്ല ഗോള്‍ കണ്ടത് സെനഗലിന് എതിരായ മത്സരത്തിലായിരുന്നു. സ്പീഡ്, ബാലന്‍സ്, കൃത്യത, ആത്മവിശ്വാസം അങ്ങനെ എന്താണ് എംബപ്പെയുടെ ട്രേഡ് മാര്‍ക്കുകള്‍, അതെല്ലാം കൂടിച്ചേര്‍ന്ന ഗോളായിരുന്നു അത്. പോസ്റ്റിന് ഏതാണ്ട് 30 വാര ദൂരെ നിന്ന് തൊടുത്ത ഉഗ്രന്‍ സ്‌ട്രൈക്ക്.
പിന്നെ ടൂര്‍ണമെന്റിലെ രണ്ട് മനോഹരമായ ഗോളുകള്‍ പിറന്നത് ബ്രസീലും മൊറോക്കോയും തമ്മില്‍ നടന്ന മത്സരത്തില്‍. ഇസ്മായില്‍ സായ്ബരി ആദ്യം ടീമിനെ മുന്നിലെത്തിച്ചപ്പോള്‍ അതിന് തൊട്ടുപിന്നാലെ അധികം വൈകാതെ സമനിലയിലെത്തിച്ചു കൊണ്ട് വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോള്‍. രണ്ടും നല്ല കിടുക്കന്‍ ഗോളുകള്‍.
ഇബ്രാഹിം ഡയസിന്റെ പാസ് സ്വീകരിച്ച് ഓടിയെത്തിയ സായ്ബരിയെ തടയാന്‍ ബ്രസീല്‍ ഗോളി അലിസണ്‍ മുന്നോട്ട് കയറി വന്നതാണ്. പക്ഷേ സായ്ബരിക്ക് കൂസലോ പതറലോ ഉണ്ടായില്ല. കൃത്യമായി പന്ത് നിയന്ത്രണത്തില്‍ തന്നെ വെച്ച് പോസ്റ്റിലേക്ക് നീക്കിയിട്ടു. പിന്നാലെ ബോക്‌സിന്റെ മൂലക്ക് നിന്ന് പന്ത് തട്ടിതട്ടി പ്രതിരോധ താരങ്ങളെ വെട്ടിച്ചെത്തി കൃത്യമായി പോസ്റ്റിലേക്ക്.
സ്വന്തം നാട്ടില്‍,സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കാനിറങ്ങിയതിന്റെ സന്തോഷത്തിന് സുന്ദരമായ ഗോളിന്റെ ചാരുത കൂടി നല്‍കി അമേരിക്കയുടെ ഫൊലാറിന്‍ ബലോഗന്‍. പരാഗ്വെക്ക് എതിരായ മത്സരത്തില്‍ നേടിയ രണ്ടാമത്തെ ഗോളായിരുന്നു അത്. ഒന്നിലധികം പ്രതിരോധ താരങ്ങളെ വെട്ടിച്ചെത്തി പതിവുള്ള വലംകാല്‍ ഷോട്ടിന് പകരം ഇടംകാല്‍ കൊണ്ടു തന്നെ കൃത്യമായി ഗോള്‍ പോസ്റ്റിന്റെ മുകളറ്റത്തേക്ക് അടിച്ചിട്ട നല്ല അസ്സല്‍ ഗോള്‍.

പിന്നെ പകരത്തിന് പകരം പിറന്ന രണ്ട് ഗോളുകളാണ്. ഐവറികോസ്റ്റും നോര്‍വെയും തമ്മിലുള്ള മത്സരത്തില്‍. ആദ്യ ലീഡ് നോര്‍വെക്ക് നേടിക്കൊടുത്തത് അന്റോണിയോ നൂസയായിരുന്നു. സമനിലയില്‍ ഐവറികോസ്റ്റിനെ എത്തിച്ചത് അമാദ് ഡിയാലോ.
നായകന്‍ ഒദേഗാര്‍ഡ് നല്‍കിയ പാസുമായി ഇടതുവിങ്ങില്‍ നിന്ന് പ്രതിരോധതാരങ്ങളെ വെട്ടിച്ച് വലംകാലിലേക്ക് പന്തിട്ട് തൊടുത്ത ഷോട്ടായിരുന്നു നൂസയുടേത്. പകരം ഡിയാലോയുടെ ഗോള്‍ പിറന്നത് വലതുവിങ്ങില്‍ നോര്‍വെയുടെ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് എത്തി ഇടതുകാല്‍ ഷോട്ട്.
പത്താമതായി പറയുന്നത് ജപ്പാന്റെ ഗോള്‍. നെതര്‍ലാന്‍ഡ്‌സിനെ സമനിലയില്‍ തളിച്ച ഏഷ്യന്‍ കരുത്തിന്റെ പ്രതീകമായിരുന്നു കെയ്‌തോ നകാമുറയുടെ ഗോള്‍. ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്ന ഡച്ച് പടയുടെ ഒപ്പമെത്തിച്ച ഗോള്‍. വേഗതയാര്‍ന്ന പാസിങ്ങും ബുദ്ധിപൂര്‍വമുള്ള പൊസിഷനിങും കൃത്യതയാര്‍ന്ന ഫിനിഷിങ്ങും. പെര്‍ഫക്ട് നെടുനീളന്‍ ഷോട്ടും ഗോളും.
നല്ല ഗോളുകള്‍ ഇനിയുമുണ്ട്. ജോര്‍ദാന് വേണ്ടി ലോകകപ്പിലെ ആദ്യത്തെ ഗോള്‍ അലി ഓല്‍വന്‍ നേടിയത് അസ്സലൊരു നീക്കത്തിലൂടെയായിരുന്നു. ബോസ്‌നിയക്ക് വേണ്ടി ഖത്തറിന് എതിരെ കെരീം അലജ്‌ബെഗോവിച്ച് നേടിയതും ഉഗ്രന്‍ ഗോളായിരുന്നു.
കോംഗോക്ക് എതിരെ പോര്‍ച്ചുഗലിന്റെ നെവെസും പനാമക്ക് എതിരെ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും ഇക്വഡോറിന് എതിരെ മെക്‌സിക്കോയുടെ ജിമെനെസും ഉസ്‌ബെസ്‌ക്കിസ്ഥാന് എതിരെ കൊളംബിയയുടെ ഡാനിയേല്‍ മുനോസും ചെക്ക് റിപ്പബ്ലിക്കിന് എതിരെ ദക്ഷിണ കൊറിയയുടെ ഹ്യോങ് ഇന്‍ ബോമും നേടിയത് അസ്സല്‍ ഗോളുകളായിരുന്നു.
ഇനിയും ഉണ്ട് മത്സരങ്ങള്‍. ഗോളുകളും റെക്കോഡുകളും ഇനിയും പിറക്കാനുമുണ്ട്. പ്രീക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ നമുക്ക് ഗോള്‍ പട്ടിക പുതുക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications