FIFA WC 2026: വീണ്ടും കറുത്ത കുതിരകളാവുമോ സെനഗല്‍? എംബാപ്പെയും ഫ്രഞ്ചും ചാലഞ്ചിന് റെഡി!!
2002ലെ ലോകകപ്പ് പല കാരണങ്ങളാല്‍ പ്രത്യേകതകള്‍ ഏറെയുള്ളതായിരുന്നു. അതില്‍ ആദ്യത്തെ സവിശേഷത പിറന്നത് ഉദ്ഘാടന മത്സരത്തില്‍ തന്നെയായിരുന്നു. കിരീടം നിലനിര്‍ത്താന്‍ എത്തിയ ഫ്രാന്‍സിനെ സെനഗല്‍ ഞെട്ടിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചാമ്പ്യന്‍മാരെ ആദ്യമായി ലോകകപ്പിന് എത്തിയ സെനഗല്‍ തോല്‍പിച്ചത്.
ലോകമാകെയും ഞെട്ടിയ മത്സരമായിരുന്നു അത്. സെനഗല്‍ എന്ന രാജ്യമാകെ ആഘോഷിച്ച മത്സരവും. ആദ്യ വരവില്‍ സെനഗല്‍ ക്വാര്‍ട്ടര്‍ വരെ എത്തുകയും ചെയ്തു. സെനഗല്‍ അന്നും ഇന്നും ഒരു പോലെ ആഘോഷപൂര്‍വം മനസ്സില്‍ സൂക്ഷിക്കുന്ന 2002ലെ തകര്‍പ്പന്‍ വിജയം നേടിയ ടീമിലെ അംഗമായ പെപെ തിയോ ആണ് ഇന്ന് ടീമിനെ പരിശീലിപ്പിക്കുന്നത്.

photocredit/instagram/footballsenegal
ടീമിനായി പുതിയ തന്ത്രങ്ങള്‍ ഒരുക്കാനും പരിചയസമ്പന്നരായ കളിക്കാര്‍ക്കൊപ്പം പുതുമുഖങ്ങളെ കൂടി ഉള്‍പെടുത്തി സെറ്റാക്കാനും തിയോക്ക് കഴിഞ്ഞിട്ടുണ്ട്. ലോകോത്തര താരങ്ങളില്‍ ഒരാളായ സാദിയോ മാനേ ആണ് ടീമിനെ നയിക്കുന്നത്. ഒപ്പം കളിക്കുന്നവര്‍ക്ക് വഴികാട്ടിയും മാതൃകയുമാണ് മാനേ.
ഒപ്പം ടീമിന്റെ താളങ്ങളുടെ ഹൃദയബിന്ദുവും. മധ്യനിരയില്‍ നായകന്റെയും കോച്ചിന്റെയും വിശ്വസ്തനായ കലിഡൗ കൂലിബാലി. സമചിത്തതയോടെ ഊര്‍ജസ്വലമായി കാര്യങ്ങള്‍ നിയന്ത്രിക്കും. കൂട്ടിന് പെപെ മതര്‍സര്‍. മൂസ ന്യഖതെ ആണ് പ്രതിരോധത്തില്‍ മിടുക്കന്‍.
ഗോള്‍വലയം കാക്കാന്‍ എഡ്വേര്‍ഡ് മെന്‍ഡി. പാഞ്ഞുവരുന്ന ഏത് പന്തും തട്ടിയിടാന്‍ കേമനാണ് മെന്‍ഡി. മുന്‍നിരയിലെ കാര്യങ്ങളുടെ അമരക്കാരന്‍ നിക്കോളാസ് ജാക്‌സണ്‍ ആണ്. നല്ല ഉഷാര്‍ ആക്രമണകാരി. വെറ്ററന്‍ താരങ്ങള്‍ക്കൊപ്പം ലമീന്‍ കമാറ, ഹബീബ് ഡിയാറ, എല്‍ ഹദ്ജി മാലിക് ദ്യോഫ് തുടങ്ങി പിള്ളേരെയും ചേര്‍ത്ത് നല്ല കോംബോ ആക്കിയിട്ടാണ് ടീം സെറ്റാണ്.
തോല്‍വിയറിയാതെയാണ് സെനഗല്‍ ടീം ലോകകപ്പില്‍ ഇടം ഉറപ്പിച്ചത്. അവരുടെ പ്രതിരോധം മറികടക്കുക എളുപ്പമല്ല. അവരുടെ നീക്കങ്ങള്‍ പ്രവചനാതീതമാണ്. അവരുടെ മത്സര വീര്യവും കായികശേഷിയും അനുപമമാണ്. വീണ്ടും ലോകകപ്പിലെ ആദ്യമത്സരത്തില്‍ അവരെ നേരിടാനൊരുങ്ങുമ്പോള്‍ ഫ്രാന്‍സിന് ഇതൊക്കെ കണക്കിലെടുക്കേണ്ടി വരും.
ദെഷാപ്‌സിന്റെ ഫ്രഞ്ച് സൈന്യം
കളിക്കാരനായും കോച്ചായും ഫ്രാന്‍സിനായി ലോകകപ്പ് കിരീടം കയ്യിലേന്തിയ ദിദിയര്‍ ദെഷാംപ്‌സിന് ചരിത്രത്തിലെ ആ വലിയ ഞെട്ടിക്കലിന് മറുപടി നല്‍കണമെന്നുണ്ടാകും. തുടര്‍ച്ചയായി മൂന്നാം ലോകകപ്പിലാണ് ഫ്രാന്‍സ് ടീമിന് ദെഷാംപ്‌സ് തന്ത്രങ്ങളോതുന്നത്. 2018ല്‍ ചാമ്പ്യന്‍മാരായി. 2022ല്‍ രണ്ടാംസ്ഥാനക്കാരായി.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ തന്റെ ശൈലിയിലും ടീമിലും ദെഷാംപ്‌സ് വരുത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ വീഴ്ച വരുത്താതെയും ആക്രമണത്തില്‍ മൂര്‍ച്ച ഉറപ്പാക്കിയും ഫ്രാന്‍സ് മുന്നേറും. യോഗ്യതാ മത്സരങ്ങളില്‍ അനായാസമായി തന്നെ മുന്നേറി ടീം.

Photocredit/instagram/equipedefrance
ഗോളടിവീരന്‍ കിലിയന്‍ എംബാപ്പെ നയിക്കുന്ന ആക്രമണനിര. ഔസ്മനെ ഡെംബലെ, ബ്രാഡ്ലി ബാര്‍ക്കോള കൂടി ചേരുമ്പോള്‍ ഏത് പ്രതിരോധനിരയെയും ക്ഷണനേരം കൊണ്ട് തകര്‍ത്തെറിയാനും ഗോളടിക്കാനും പോന്നതാണ് ആക്രമണനിര.
പ്രതിരോധനിരയില്‍ കരുത്ത് വില്യം സാലിബ. ലോകോത്തര താരമായ എന്‍ഗോലോ കാന്റെക്ക് കൂട്ടായി മധ്യനിരയില്‍ മെക്കല്‍ ഒലിസെ, ഔറേലിയന്‍ ചൗമേനി അങ്ങനെ താരങ്ങള്‍. ഗോള്‍വലയം കാക്കാന്‍ ഹ്യൂഗോ ലോറിസിന്റെ പിന്‍ഗാമിയായി എത്തിയത് മൈക്ക് മിഗ്‌നന്‍.
ഡിസൈര്‍ ഡോയ്, റയാന്‍ ചെര്‍ക്കി, വാറന്‍ എമേര്‍യ് തുടങ്ങി കളിക്കാരുടെ കുറവേ ഇല്ലാത്ത ടീമാണ് ഫ്രാന്‍സിന്റേത്. ഇക്കുറിയും കിരീടസാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്ന്. നമുക്ക് നോക്കാം, ഗ്രൂപ്പ് ഐയിലെ ആദ്യമത്സരം കണക്കുകള്‍ തീര്‍ക്കുന്നതാകുമോ, അതോ പുതിയ ഞെട്ടിക്കലുകള്‍ നല്‍കുന്നതാകുമോ എന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications