Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ഇന്നല്ലെങ്കില്‍ പിന്നെ ഇക്വഡോര്‍ എന്ന് ആഘോഷിക്കും? പൊതു അവധി!; ഈ കാരണം

ഇന്ന് ഇക്വഡോറില്‍ അവധിയാണ്. ആഘോഷിക്കാന്‍ വേണ്ടിയുള്ള അവധി. പ്രസിഡന്റ് നേരിട്ട് പ്രഖ്യാപിച്ച അവധി. മുമ്പ് സൗദി അറേബ്യയും സെനഗലും ഒക്കെ ഇങ്ങനെ ദേശീയ അവധി പ്രഖ്യാപിച്ച് ആഘോഷിച്ചിട്ടുണ്ട്. ആരായാലും ചെയ്യില്ലേ എന്ന ചോദ്യം ന്യായം. അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദിയെയും ഫ്രാന്‍സിനെ തോല്‍പിച്ച സെനഗലിനേയും പോലെ ജര്‍മനിയെ തോല്‍പിച്ച ഇക്വഡോറിനും എല്ലാ അര്‍ഹതയുമുണ്ട് ആഘോഷിക്കാന്‍.

നാല് തവണ ലോകകിരീടം കൈയിലേന്തിയ ജര്‍മനിയെ വെച്ചുനോക്കുമ്പോള്‍ ഇക്വഡോര്‍ കാല്‍പന്തുകളിയിലെ ചരിത്രത്തിലും കണക്കുകളിലും ഒന്നുമല്ല. ഗോലിയാത്തിനെ ദാവീദ് വീഴ്ത്തിയ പോലെ ഒരു ജയം മാത്രമായിരുന്നില്ല അത്. നോക്കൗട്ട് മത്സരങ്ങളിലേക്കുള്ള വാതില്‍ തുറക്കല്‍ കൂടിയായിരുന്നു.

ECUADOR FANS

photocredit/ instagram/latriecu

പുറത്താകലില്‍ നിന്നുള്ള നാടകീയ മാറ്റം. ഒരു യൂറോപ്യന്‍ ടീമിനെ ഇക്വഡോര്‍ തോല്‍പിക്കുന്നത് 2013ന് ശേഷം ആദ്യമായിട്ടാണ്. നരകത്തിലേക്കുള്ള വാതില്‍പ്പടിയില്‍ നിന്ന് സ്വര്‍ഗകവാടത്തില്‍ എത്തിയത് പോലെ എന്ന് കോച്ചിനും ടീമിനും തോന്നിയത് വെറുതെയല്ല.

ഇക്വഡോര്‍ ജര്‍മനിയെ തോല്‍പിച്ചതിന് തൊട്ടുപിന്നാലെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യമുണ്ട്. നിറഞ്ഞ ചിരിയും നീണ്ട മുടിയുമായി ഓടിവന്ന് സ്റ്റാന്‍ഡില്‍ വലിഞ്ഞു കയറി കുടുംബാഗങ്ങളെ ആശ്ലേഷിക്കുന്ന ഇക്വഡോര്‍ കോച്ച് സെബാസ്റ്റ്യന്‍ ബെക്കചെചെ.

മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു കോച്ച്, ആദ്യഘട്ടത്തില്‍ തന്നെ പുറത്തായാല്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയേണ്ടി വരുമെന്ന്. ഏറ്റവും പ്രിയപ്പെട്ട ഇടമായാലും പോകേണ്ടി വരുമെന്ന്.

ടീമിനെ വിജയിപ്പിക്കാന്‍ കഴിയാത്ത കോച്ചുമാരോട് ഇക്വഡോര്‍ ഫുട്‌ബോള്‍ അസോസിയേഷന് ഒരു മയവുമില്ല. ബെക്കചെചെക്ക് തൊട്ടുമുമ്പ് പരിശീലകനായിരുന്ന ഫെലിക്‌സ് സാഞ്ചസിന്റെ കാര്യം തന്നെ ഉദാഹരണമായിട്ടെടുക്കാം.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറില്‍ മൂന്നും ജയിച്ച് നില്‍ക്കുകയായിരുന്നു ടീം. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിന് തൊട്ടുപിന്നാലെ സാഞ്ചസിനെ പറഞ്ഞുവിട്ടു. 2024 ജൂലൈയില്‍. പിന്നെയാണ് അര്‍ജന്റീനക്കാരനായ ബെക്കചെചെ കോച്ചായി എത്തുന്നത്.

ബ്രസീലിനോട് തോറ്റെങ്കിലും പിന്നെ 11 മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയറിയാതെ ബ്രസീലിന് പിന്നാലെ രണ്ടാമതായിട്ടാണ് ഇക്വഡോര്‍ ലോകകപ്പില്‍ കളിക്കാനെത്തിയത്. തുടക്കം പക്ഷേ പ്രതീക്ഷകള്‍ക്ക് അനുസരിച്ചായിരുന്നില്ല. ഐവറികോസ്റ്റ് മറുപടിയില്ലാത്തെ ഒരു ഗോളിന് തോല്‍പിച്ചു.

ലോകകപ്പില്‍ ആദ്യമായി കളിക്കാനെത്തിയ കുഞ്ഞന്‍ ദ്വീപായ ക്യുറസാവോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ടീമിനും ആരാധകര്‍ക്കും എല്ലാം കടുത്ത നിരാശ. നാട്ടില്‍ നിന്ന് കാശുമുടക്കി കളി കാണാനെത്തിയവരില്‍ ചിലര്‍ ഗ്യാലറിയില്‍ കോച്ചിന്റെ കുടുംബക്കാരോട് കയര്‍ക്കുന്നത് വരെ എത്തിയ സങ്കടം.

ECUADOR WIN

പക്ഷേ ആത്മവിശ്വാസം കൈമുതലാക്കി ടീമിന്റെ വീര്യം കളയാതെ കാത്തു കോച്ച്. ഒടുവില്‍ കരുത്തരായ ജര്‍മനിയെ തോല്‍പിച്ച് ആദ്യഘട്ട കടമ്പ മറികടക്കുകയും ചെയ്തു. പ്രതിരോധത്തിലൂന്നി കളിക്കുന്ന ടീമിന് പന്തിന്റെ കയ്യടക്കം ഉറപ്പാക്കി മുന്നേറി കളിക്കുന്ന ഉണര്‍വ് നല്‍കിയ ബെക്കചെചെക്ക് ഈ വിജയം വെറുമൊരു ജയമല്ല. ടീമിനും.

2006ലും ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍ എത്തിയിരുന്നു. അന്ന് ഗ്രൂപ്പില്‍ ജര്‍മനിക്ക്പിന്നില്‍ രണ്ടാമതായിട്ടായിരുന്നു എത്തിയതെങ്കില്‍ ഇന്ന് അവര്‍ക്ക് നോക്കൗട്ടിലേക്ക് വഴിയൊരുക്കിയത് ജര്‍മനിക്ക് എതിരെ നേടിയ വിജയമാണ്. അവര്‍ക്ക് ഇനിയും ആത്മവിശ്വാസം ചോരാതെ കളിക്കണം.

2006ല്‍ പ്രീക്വാര്‍ട്ടറില്‍ ടീമിന് മടക്കയാത്രക്ക് വഴിയൊരുക്കിയത് ഇംഗ്ലണ്ടാണ്. ഇക്കുറിയും മാറിയും തിരിഞ്ഞും ഇംഗ്ലണ്ടിന് നേരെ വീണ്ടും എത്താനിടയുണ്ട് ടീം. കണക്കുകള്‍ നേരെയാക്കാനുണ്ടെന്ന തിരിച്ചറിവിന്റെ ശക്തിയിലാണ് ഇക്വഡോര്‍ ടീം വരും മല്‍സരങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്.

മധ്യനിരയിലെ തന്ത്രങ്ങള്‍ക്ക് കരുത്ത് പകരുന്ന മോയ്‌സസ് കൈസെഡോ ആണ് ടീമിനെ നയിച്ചത്. പിന്തുണയുമായി അനുഭവസമ്പത്തില്‍ തലപ്പൊക്കം കൂടുതലുള്ള ഇന്നര്‍ വാലെന്‍സിയയും യൗവ്വനത്തിളപ്പുള്ള അംഗുലോ, പ്ലാറ്റ, ഹിന്‍കാപി, കെന്‍ഡ്രി പയസ് തുടങ്ങിയവരും.

പരിചയസമ്പന്നരുടെയും കൗമാര പ്രതിഭകളുടെയും നല്ല മിശ്രണമാണ് ഇക്വഡോര്‍ ടീം. വീഴുമ്പോഴും എഴുന്നേറ്റ് ഓടാനുള്ള വീര്യം ഉള്ളവര്‍. നോക്കാം, രാജ്യം മുഴുവന്‍ ചേര്‍ന്ന് നിന്ന് നല്‍കിയ ആശംസാകരുത്തില്‍ ഇക്വഡോര്‍ ടീം എത്ര ദൂരം പോകുമെന്ന്.

Story first published: Friday, June 26, 2026, 13:00 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+