Fifa World Cup 2026: വേദി മാറ്റണമെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും, അല്ലാതെ ട്രംപല്ല!! പ്രതികരിച്ച് ഫിഫ
ന്യൂയോര്‍ക്ക്: കാല്‍പന്തുകളിയുടെ ലോകകിരീടം നേടാന്‍ 48 ടീമുകള്‍ മൈതാനത്ത് ഇറങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം. യോഗ്യതാമത്സരങ്ങള്‍ തുടരുന്നു. യോഗ്യത നേടിക്കഴിഞ്ഞവര്‍ പരിശീലനത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായുള്ള പതിനാറ് നഗരങ്ങളിലായി 104 മത്സരങ്ങള്‍.
ടൂര്‍ണമെന്റിന് വിസിലൂതി കൊണ്ട് ആദ്യമത്സരം മെക്‌സിക്കോയിലെ പ്രസിദ്ധമായ അസ്‌ടെക്ക സ്റ്റേഡിയത്തില്‍ ജൂണ്‍ 11ന് . ചാമ്പ്യന്‍മാരെ തീരുമാനിക്കാനുള്ള കലാശപ്പോരാട്ടം ജൂലൈ 19ന് അമേരിക്കയിലെ ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍.

ഫൈനല്‍ ഉള്‍പെടെ 78 മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുക. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ആരാധകര്‍ ടിക്കറ്റ് വില്‍പനയുടെ ഊഴം കാത്തിരിക്കുന്നു. കാര്യങ്ങള്‍ ഒക്കെ ഉഷാറായി പോകുന്നതിനിടയില്‍ ഫിഫക്ക് തലവേദനയും ടെന്‍ഷനും ഒക്കെയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരുന്നത്.
യുദ്ധങ്ങള്‍ എല്ലാം അവസാനിപ്പിച്ച (ഏത് യുദ്ധം എന്ന് ചോദിക്കുന്നവര്‍ അസൂയക്കാരും വിവരദോഷികളും ആണെന്ന് ട്രംപ് അനുകൂലികള്‍) തനിക്ക് നോബല്‍ സമ്മാനം തരൂ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടെ ട്രംപിന് വന്ന വെളിപാട് ആണ് വിഷയം.
സിയാറ്റിലും സാന്‍ ഫ്രാന്‍സിസ്‌കോയും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ അത്ര പോര. രണ്ട് നഗരങ്ങളിലും സുരക്ഷയുടെ കാര്യം അത്രക്ക് ഉറപ്പില്ല. കാരണമോ ആ രണ്ട് നഗരങ്ങളും ഭരിക്കുന്നത് തീവ്ര ഇടതു നിലപാടുള്ളവര്‍. സുരക്ഷയല്ലേ പ്രധാനം. പ്രത്യേകിച്ചും ലോകകപ്പ് ഫുട്‌ബോളിന്. നേരിയ സംശയം അക്കാര്യത്തില്‍ വന്നാല്‍ പോലും നമുക്ക് വേദി അങ്ങ് മാറ്റാം. അല്ലാ പിന്നെ... ഇതാണ് ട്രംപ് പറഞ്ഞത്.
അയ്യോ....അപ്പോ മത്സരം മാറ്റുമോ? നഗരം മാറുമോ? ഇത്തരം ചോദ്യങ്ങള്‍ പലയിടത്തായി ഉയര്‍ന്നു. ഫിഫ ഒടുവില്‍ തുറന്ന് പറഞ്ഞു. ലോകകപ്പ് എവിടെ എങ്ങനെ എപ്പോള്‍ നടത്തണമെന്ന് ഫിഫയാണ് തീരുമാനിക്കുന്നതെന്ന്. ലോകകപ്പ് നടത്തുന്നത് ഫിഫയാണ്. അക്കാര്യത്തില്‍ എന്ത് തീരുമാനവും ആലോചിച്ച് എടുക്കേണ്ടത് ഫിഫയാണ്. ഫിഫ വൈസ് പ്രസിഡന്റ് വിക്ടര്‍ മോണ്‍ടാഗ്ലിയാനിയാണ് നിലപാട് വ്യക്തമാക്കിയത്.
ലോകത്തെ എല്ലാ നേതാക്കളെയും ബഹുമാനിക്കുന്നു. പക്ഷേ ഫുട്‌ബോള്‍ രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറമാണ്. ഭരണം, സര്‍ക്കാര്‍, മുദ്രാവാക്യം അതെല്ലാം പലയിടത്തും പലതാണ്. അതെല്ലാം മാറ്റി മറയ്ക്കുന്ന, ഇല്ലാതാക്കുന്ന വികാരമാണ് ഫുട്‌ബോള്‍. അതിന്റെ കാര്യങ്ങള്‍ ഫിഫ തീരുമാനിച്ചോളും. ആരെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും മോണ്‍ടാഗ്ലിയാനി ആര് കേള്‍ക്കാനാണ് വിശദീകരിച്ചതെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്.
ഫിഫയുടെ ഷെഡ്യൂള്‍ അനുസരിച്ച് അമേരിക്കയിലെ പതിനൊന്ന് നഗരങ്ങളിലാണ് മത്സരങ്ങള്‍. സിയാറ്റിലിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ആറ് മത്സരങ്ങള്‍ വീതമാണ് നടക്കുന്നത്. ഈ നഗരങ്ങളുടെ സുരക്ഷയെ കുറിച്ചാണ് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് എന്നാ പിന്നെ മാറ്റിയാല്‍ പോരെ എന്ന് നിസ്സാരമട്ടില്‍ ട്രംപ് ചോദിച്ചതും ഫിഫ വിശദീകരിച്ചതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications