ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാഥമിക ഗ്രൂപ്പായ എ ഗ്രൂപ്പില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞാല്‍ പിന്നെയുള്ളത് ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കുമാണ്. 1986 മുതല്‍ തുടര്‍ച്ചയായി ലോകകപ്പിനെത്തുന്ന ടീമാണ് ദക്ഷിണ കൊറിയ.
ഇത് അവരുടെ തുടര്‍ച്ചയായ പതിനൊന്നാം ലോകകപ്പാണ്. തോല്‍വി തൊട്ടടുത്ത് വന്ന് നില്‍ക്കുമ്പോഴും പോരാടാനുള്ള വീര്യാണ് കൊറിയയുടെ മുഖമുദ്ര. പിന്നെ കളിക്കളത്തിലും പുറത്തും ഒരു പോലെ പുലര്‍ത്തുന്ന അച്ചടക്കവും വിനയവും.
photocredit/ thekfa
2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ സെമിയില്‍ എത്തിയതാണ് കൊറിയയുടെ ഏറ്റവും വലിയ നേട്ടം. പക്ഷെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ കൊറിയയുടെ ചരിത്രമുഹൂര്‍ത്തം മറ്റൊന്ന് കൂടിയുണ്ട്. 2018ലെ ലോകകപ്പില്‍ നിന്നുള്ളതാണ് അത്.
നിലവിലെ ചാമ്പ്യന്‍മാരായി എത്തിയ ജര്‍മനിക്ക് ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുക എന്ന നാണക്കേട് ഒഴിവാക്കാന്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പിക്കേണ്ടിയിരുന്നത് ദക്ഷിണ കൊറിയയെ. പക്ഷേ കൊറിയക്കാര്‍ ഞെട്ടിച്ചു. ഒരു പക്ഷേ കാല്‍പന്തുകളിയുടെ ചരിത്രത്തിലെ തന്നെ അവിശ്വസനീയമായ മുഹൂര്‍ത്തങ്ങളാണ് അന്ന് അവിടെ കണ്ടത്.

ഗോളി ജോ ഹ്യൂന്‍ വൂവിന്റെ ഉഗ്രന്‍ സേവുകള്‍, ഇഞ്ചുറിടൈമിന്റെ അവസാനനിമിഷങ്ങളിലെ ഗോളുകള്‍, അവസാനശ്രമം എന്ന നിലക്ക് ഗോള്‍വലയം ഉപേക്ഷിച്ച് മധ്യനിരയിലേക്ക് ഇറങ്ങിക്കളിച്ച ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറുടെ നിരാശ. ആ കാഴ്ചകള്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒരിക്കലും മറക്കില്ല.
കഴിഞ്ഞ കുറി പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റാണ് ദക്ഷിണ കൊറിയ മടങ്ങിയത് . ഇക്കുറി മികച്ച പോരാട്ടം ഉറപ്പിച്ചാണ് അവരെത്തുന്നത്. 2002ല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ടീമിന്റെ നായകാണ് ഇക്കുറി കൊറിയയുടെ മുഖ്യപരിശീലകന്‍.ഏഷ്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി നിരീക്ഷകര്‍ വിലയിരുത്തുന്ന ഹോങ് മ്യുങ് ബോ.
ദക്ഷിണ കൊറിയ ആദ്യമായി ഒളിമ്പിക് ഫുട്‌ബോള്‍ മെഡല്‍ നേടുന്നത് മ്യുങ് ബോയുടെ പരിശീലനത്തിന് കീഴിലാണ്. അതിന് ശേഷം വലിയ നേട്ടം മ്യുങ് ബോ ഉണ്ടാക്കിയില്ല എന്ന വിഷമം കൊറിയക്കാര്‍ പോട്ടെ എന്ന് വെക്കുന്നത് ഇത്തവണ യോ?ഗ്യതാമത്സരങ്ങളില്‍ ടീം മികച്ച പ്രകടനം കാഴ്ച വെച്ചത് നോക്കിയിട്ടാണ്.
അവരുടെ പ്രിയപ്പെട്ട താരം സുന്‍ ഹ്യുങ് മിന്‍ ഇക്കുറിയും ഫോമില്‍ തന്നെ ഗ്രൗണ്ടിലുണ്ടാകും.എല്ലാ അര്‍ത്ഥത്തിലും മ്യുങ്‌ബോയുടെ പിന്‍ഗാമി. ആശാനും ശിഷ്യനും കൂടി പൊളിക്കുമെന്ന് കൊറിയക്കാര്‍ വിലയിരുത്തുന്നു.
പിന്നെ അവര്‍ക്കൊപ്പം അണിനിരക്കുന്ന വിശ്വസ്തരുടെ നീണ്ട നിരയും. കിം മിന്‍ ജേ, ലീ കാങ് ഇന്‍, ഹ്വാങ് ഹി ചാന്‍, ഹ്വാങ് ഇന്‍ ബോം അങ്ങനെ പോകുന്നു ആ പേരുകള്‍.
രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുമ്പോള്‍ മുന്നും പിന്നും നോക്കാറില്ല അവര്‍. മെക്‌സിക്കോയുടെ കാലാവസ്ഥയോടാണ് അവര്‍ക്ക് ആദ്യം പൊരുതേണ്ടി വരിക. ഒരു കാര്യം ഉറപ്പാണ്. അവര്‍ മോശമാക്കില്ല. നീണ്ട ഇടവേളക്ക് ശേഷം ലോകകപ്പിനെത്തുന്ന ചെക്ക് റിപ്പബ്ലിക്കിന് അത് നന്നായി അറിയാം.
20 വര്‍ഷത്തിന് ശേഷമാണ് ചെക്ക് റിപ്പബ്ലിക് അഥവാ ചെചിയ ലോകകപ്പിന് എത്തുന്നത്. മുമ്പ് ചെക്കോസ്ലാവാക്യ ആയിരുന്നപ്പോഴാണ് ഫുട്‌ബോളില്‍ അവര്‍ക്ക് പേരുണ്ടായിരുന്നത്. 1934ലും 62ലും റണ്ണര്‍ അപ്പായിട്ടുള്ള കേമന്‍മാരായിരുന്നു അവര്‍.
പിന്നെ 90കളില്‍ നീണ്ടുനിന്ന കലഹത്തിന്റെയും കലാപങ്ങളുടെയും ദിവസങ്ങള്‍ക്കൊടുവില്‍ ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയുമായി അവര്‍ പിരിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ ലോകകപ്പ് വേദി 2006ആയിരുന്നു. അന്ന് ആദ്യഘട്ടത്തില്‍ തന്നെ പുറത്തായി.

photocredit/ ceskarepre
ചെക്ക് ഫുട്‌ബോളിന് അടിസ്ഥാനമൊരുക്കിയ പാവെല്‍ നെദ്വെദ്, കരെല്‍ പൊബോര്‍സ്‌കി, വ്രാതിസ്ലാവ് ലോക്വെന്‍ക് തുടങ്ങിയവരൊക്കെ പിന്നാലെ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.
അന്ന് തുടങ്ങിയ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. പ്ലേ ഓഫില്‍ ഡെന്‍മാര്‍ക്കിനെും അയര്‍ലന്‍ഡിനെയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ടീം ലോകകപ്പിന് ടിക്കറ്റെടുത്തത്. ഫറോ ദ്വീപുകള്‍ക്ക് എതിരായ യോഗ്യാതമത്സരത്തിന് പിന്നാലെ സ്ഥാനം പോയ ഇവാന്‍ ഹസെക്കിന് പകരമായി കഴിഞ്ഞ ഡിസംബറില്‍ മാത്രം ചുമതലയേറ്റെടുത്ത മിറോസ്ലാവ് കൗബെക്കിന് ടീമും ആരാധകരും പ്രതീക്ഷയര്‍പ്പിക്കുന്നു.
ഇക്കുറിയും ഇല്ല എന്ന അവസ്ഥയില്‍ നിന്ന് പ്ലേ ഓഫിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിനെ കൈപിടിച്ചുയര്‍ത്തിയ കൗബെക്ക് മാജിക്കില്‍ അത്രക്കുണ്ട് അവര്‍ക്ക് വിശ്വാസം. പ്രതിരോധനിരയുടെ കരുത്തായ ലാഡിസ്ലാവ് ക്രെജ്കിയാണ് ക്യാപ്റ്റന്‍.
മധ്യനിരയിലെ തന്ത്രങ്ങളിലേക്ക് ചേര്‍ത്തുവെക്കാവുന്ന കളിക്കാരന്‍. നായകപദവി ഒഴിഞ്ഞു കൊടുത്ത തോമസ് സൗസെക്കും ആക്രമണങ്ങളുടെ കുന്തമുനയായ പാട്രിക് ഷിക്കും പ്ലേ ഓഫ് ഷൂട്ടൗട്ടിലെ രക്ഷകനായ ഗോള്‍ കീപ്പര്‍ മറ്റെ കോവറും ഒക്കെ ചേരുമ്പോള്‍ ടീം സജ്ജമാണ്, തിരിച്ചുവരവ് ഉഷാറാക്കാന്‍. നോക്കാം ഏത് കരുത്തിനാണ് ആദ്യ മത്സരത്തില്‍ മുന്‍തൂക്കമെന്ന്.