FIFA WC 2026: കേപ് വെര്‍ദെയെപ്പറ്റി ഇനി ഒരക്ഷരം ചോദിക്കരുത്!! മെസ്സി പോലും കൈയടിച്ച ടീം
കാബോ വെര്‍ദെ.... അങ്ങനെ ഒരു നാടുണ്ടോ? ഇനി ആരും ആ ചോദ്യം ചോദിക്കില്ല. കാരണം അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഒരു കുഞ്ഞന്‍ ദ്വീപസമൂഹം എന്നതല്ല ഇനി അവരുടെ മേല്‍വിലാസം. ലോകകപ്പിന്റെ നോക്കൗട്ടിലേക്കു യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്നതല്ല ഇനി അവരുടെ നേട്ടം. ഫുട്‌ബോളിലെ ചാമ്പ്യന്‍മാരെ, രാജാക്കന്‍മാരെ വിരട്ടി വിറപ്പിച്ച അരങ്ങേറ്റത്തിലൂടെ ഇതിഹാസമായ രാജ്യം, അതാണ് ഇനി കാബോ വെര്‍ദെ.
കിരീടം നിലനിര്‍ത്താന്‍ എത്തിയ അര്‍ജന്റീനക്ക് ജസ്റ്റ് മിസ് ആയിരുന്നു മത്സരം. ആദ്യം മുന്നില്‍ എത്തിച്ചു മെസ്സി. അര മണിക്കൂറിനകം കാബോ വെര്‍ദെ ഒപ്പമെത്തി. ഡെറോയ് ഡുവാര്‍ട്ടെ മാര്‍ട്ടിനെസിനെ കബളിപ്പിച്ചുള്ള ഷോട്ടിലൂടെ ഒപ്പം എത്തിച്ചു. പിന്നെ മുന്നിലെത്താന്‍ വലഞ്ഞു അര്‍ജന്റീന.

ഗോളടിക്കാനായി മുന്നേറുന്ന ഏത് അര്‍ജന്റീനയുടെ താരത്തിന് മുന്നിലും കാബോ വെര്‍ദെക്കാര്‍ മതിലുകെട്ടി. ആ മതില്‍ കടന്ന് വന്ന ഷോട്ടുകള്‍ വൊസീഞ്ഞോ തട്ടിയകറ്റി. സാക്ഷാല്‍ മാസ്റ്റര്‍ ക്ലാസ് ഫ്രീകിക്ക് ഉള്‍പെടെ. സ്റ്റേഡിയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന അര്‍ജന്റീനയുടെ ആരാധകരുടെ മുഖത്ത് പണി പാളിയോ എന്ന് ടെന്‍ഷന്‍.
അധികസമയം തുടങ്ങി അല്‍പസമയത്തിനകം, തൊണ്ണൂറ്റി രണ്ടാം മിനിറ്റില്‍ അവര്‍ക്ക് ശ്വാസം വീണു. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് രക്ഷകനായി. ഏത് ടീമും അവിടെ വീണുപോകുമായിരുന്നു. പക്ഷേ കാബോ വെര്‍ദെക്കാര്‍ വെറുതെ തോല്‍ക്കാന്‍ വന്നവര്‍ ആയിരുന്നില്ല.
അവസാന നിമിഷം വരെയും പോരാടാന്‍ ഉറച്ച് എത്തിയവരായിരുന്നു. ആ വീര്യമാണ് പിന്നെ സ്റ്റേഡിയം കണ്ടത്. നൂറ്റി മൂന്നാം മിനിറ്റില്‍ ഈ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഗോള്‍ എന്ന് വിശേഷിപ്പാക്കാവുന്ന ഒന്ന് പിറന്നു. കാബോ വെര്‍ദെക്ക് ജീവനും അര്‍ജന്റീനക്ക് അവിശ്വസനീയമായ ഞെട്ടലും.
സിഡ്‌നി ലോപ്‌സ് കാബ്രാളിന്റെ അതിമനോഹരമായ കര്‍വിങ് ഷോട്ടിന് മുന്നില്‍ മാര്‍ട്ടിനെസിന് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടിക്കല്‍ ഉണ്ടാകുമോ എന്ന ചോദ്യം ലോകമെമ്പാടുമുള്ള അര്‍ജന്റീനക്കാരുടെ മനസ്സില്‍ ആധിയായി പെയ്തിറങ്ങിയ നിമിഷം ആയിരുന്നു അത്.
പക്ഷേ ചില നല്ല ത്രില്ലര്‍ സിനിമകളുടെ ആവേശം കെടുത്തുന്ന ക്ലൈമാക്‌സ് പോലെയായിരുന്നു കളിയുടെ നൂറ്റി പതിനൊന്നാം മിനിറ്റ്. മെസ്സിയുടെ കോര്‍ണറെടുക്കാന്‍ ചാടിയ ക്രിസ്റ്റ്യന്‍ റൊമേറോയെ തടയാന്‍ നോക്കിയ ഡിനെ ബോര്‍ജസിന്റെ തലയില്‍ തട്ടി വൊസീഞ്ഞോയെ മറികടന്ന് ആ പന്ത് വലയ്ക്കകത്തേക്ക് പോയി. ആദ്യം റൊമേറോ ഗോളടിച്ചെന്നാണ് കരുതിയത്. റീപ്ലേയില്‍ പിഴവ് മനസ്സിലായ ബോര്‍ജസ് മൈതാനത്ത് തീര്‍ത്താല്‍ തീരാത്ത മനോവ്യഥയോടെ ഇരുന്നു.
ദാനം കിട്ടിയ വിജയത്തില്‍ സന്തോഷിക്കാന്‍ ഉറപ്പ് പോരായിരുന്നു അര്‍ജന്റീനയ്ക്ക്. കാരണം അവശേഷിക്കുന്ന മിനിറ്റുകളിലും കാബോ വെര്‍ദെക്കാര്‍ മാജിക്ക് കാട്ടിയാലോ എന്ന് അവര്‍ക്ക് ഭയമുണ്ടായിരുന്നു. വെറുതെയല്ല ആ ഭയം എന്ന് വ്യക്തമാകുന്ന രീതിയില്‍ കാബ്രോള്‍ ഒരു കിക്കെടുത്തതാണ്. പക്ഷേ പരിചയസമ്പന്നനായ മാര്‍ട്ടിനെസിന് ഇക്കുറി പിഴച്ചില്ല.
അത്ലാന്റിക്കിലെ കുഞ്ഞന്‍ ദ്വീപസമൂഹത്തിന്റെ തീരെ കുഞ്ഞല്ലാത്ത യാത്രക്ക് അവിടെ ലോങ് വിസില്‍ മുഴങ്ങി. ഗോള്‍ സ്‌കോറില്‍ അവര്‍ തോറ്റിട്ടുണ്ടാകും. പക്ഷേ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ അവര്‍ ഹീറോകളാണ്. തികഞ്ഞ വീര്യമുള്ള നായകന്‍മാര്‍.
അവരുടെ കോച്ച് ബുബിസ്റ്റ പറഞ്ഞ പോലെ, ഞങ്ങള്‍ അഭിമാനത്തോടെയാണ് മടങ്ങുന്നത്. കുഞ്ഞന്‍ രാജ്യമാണെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയം കുറവാണെങ്കിലും ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാന്‍ അറിയാമെന്ന് തെളിയിച്ചു. ലോകത്തെ വമ്പന്‍ ടീമുകളോട് ഉഷാറായി മത്സരിച്ചു. അത് പോരെ, ഞങ്ങള്‍ ആരാണെന്ന് ഇനി ആരും ചോദിക്കില്ലല്ലോ.
അത് തന്നെയാണ് ഈ ലോകകപ്പ് കാബോ വെര്‍ദെക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനവും. പോര്‍ച്ചുഗലിന്റെ കോളനിയായിരുന്ന രാജ്യം, പലയിടത്തും നിന്നും വന്നവരുടെ ടീം. കളി കാണാന്‍ കുറച്ച് ആളുകള്‍ വിമാനം കയറിയാല്‍ പിന്നെ നാട്ടിലാരുണ്ടാകും എന്ന ചോദ്യം ഉയര്‍ത്തുംവിധം ചെറിയ ജനസംഖ്യ. ഇതൊക്കെ ഇനി പഴങ്കഥ.

ടീം സ്പിരിറ്റോടെ, വീര്യത്തോടെ, ധൈര്യത്തോടെ കളിച്ച് ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടിയ ടീം എന്നതാണ് പുതിയ കഥ. കടുപ്പമായിരുന്നു മത്സരമെന്ന് അവരെ അഭിനന്ദിച്ചത് സാക്ഷാല്‍ മെസ്സിയാണ്. ആധുനിക ഫുട്‌ബോളിലെ മിശിഹ.
വരും കാലങ്ങളില്‍ പന്ത് തട്ടിക്കളിക്കാനെത്തുന്ന പുതിയ പിള്ളേരോട്‌കോച്ച് ബുബിസ്റ്റക്കും നായകന്‍ റയാന്‍ മെന്‍ഡസിനും പറഞ്ഞു കൊടുക്കാം, ടീം ലോകത്തെ എങ്ങനെയാണ് ഞെട്ടിച്ചതെന്ന്, അവര്‍ക്കായി ഭാവിയിലേക്ക് മികവിന്റെ വഴിയൊരുക്കിയതെന്ന്.
രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളടിച്ച കെവിന്‍ പിണയും ഏറ്റവും മനോഹരമായ ഗോള്‍ സമ്മാനിച്ച കാബ്രോളും മെസ്സിയുടെത് ഉള്‍പെടെ ഗോളെന്ന് ഉറപ്പിച്ച നിരവധി ഷോട്ടുകള്‍ തടുത്തിട്ട വൊസീഞ്ഞോയും പ്രതിരോധകോട്ട കെട്ടിയ റോബര്‍ട്ടോ പിക്കോ ലോപസും ആക്രമിച്ച് കളിച്ച ഡെയ്‌ലന്‍ ലിവ്‌റമെന്റോയും ഡെറോയ് ഡുവാര്‍ട്ടെയും മധ്യനിരയില്‍ മൊണ്ടെയ്‌റോയും കൂടി കാല്‍പന്ത് കളിയില്‍ എങ്ങനെയാണ് ഒരു ഇതിഹാസ കഥ തീര്‍ത്തതെന്ന്.
11 ദശലക്ഷം ഡോളറാണ് ആദ്യ നോക്കൗട്ടില്‍ എത്തിയത് കാബോ വെര്‍ദക്ക് സമ്മാനമായി കിട്ടുക. പക്ഷേ ആരാധകരുടെ മനസ്സില്‍ ടീം ഉണ്ടാക്കിയ പ്രതിഫലനങ്ങള്‍ക്ക്, മതിപ്പിന് ആ ദശലക്ഷങ്ങളുടെ എത്രയോ ഇരട്ടി മൂല്യമുണ്ട്. ടീം സമ്മാനിച്ച ഓര്‍മകള്‍ക്കും. മത്സരവീര്യത്തിനുമാകട്ടെ വിലയിടാനുമാകില്ല. അത്രയും അമൂല്യമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് കാബോ വെര്‍ദ ടീം മടങ്ങുന്നത്. വെറുതെയല്ല വെര്‍ദെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട്...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications