Fifa World Cup 2026: ദേ പിന്നേം ട്രംപ്!! അവിടെയും കളി പറ്റില്ലത്രെ, കാരണമിങ്ങനെ; ഫിഫ പെട്ടു?
ന്യൂയോര്‍ക്ക്: ഇങ്ങനെ പോയാല്‍ ഫിഫ അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൊത്തം ഷെഡ്യൂളും മാറ്റേണ്ടി വരും. സിയാറ്റിലും സാന്‍ഫ്രാന്‍സിസ്‌കോയും മാത്രമല്ല ഇപ്പോള്‍ ബോസ്റ്റണ്‍ നഗരവും അത്ര പോരാ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
അഞ്ച് ഗ്രൂപ്പ് മത്സരങ്ങളും ഒരു പ്രീക്വാര്‍ട്ടറും ഒരു ക്വാര്‍ട്ടറും അങ്ങനെ ഏഴ് മത്സരങ്ങളാണ് ബോസ്റ്റണിലെ ജില്ലെറ്റ് സ്റ്റേഡിയത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സിയാറ്റിലിലും സാന്‍ഫ്രാന്‍സിസ്‌കോയിലും ആറ് മത്സരങ്ങള്‍ വീതവും.

ബോസ്റ്റണ്‍ നഗരവും ആള്‍ക്കാരും ഒക്കെ കൊള്ളാം പക്ഷേ മേയര്‍ മിഷേല്‍ വൂ അത്ര പോരാ എന്നാണ് ട്രംപ് പറയുന്നത്. നഗരത്തിലെ പ്രതിഷേധം സുരക്ഷാ ഭീഷണിയാണ് എന്നറിഞ്ഞിട്ടും മേയര്‍ കടുത്ത നടപടികളെടുക്കാത്തത് തീവ്ര ഇടത് നിലപാടുള്ളത് കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നു. ബുദ്ധിയുണ്ടായിട്ടും കാര്യമില്ലാത്തത് അതുകൊണ്ടാണെന്നും ട്രംപ് പറയുന്നു.
സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ നഗരങ്ങള്‍ക്കും ട്രംപ് കാണുന്ന പ്രശ്‌നം ഇതാണ്. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധം, മേയര്‍മാരുടെ തീവ്ര ഇടതുനിലപാട്. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളോടല്ലേ ഇത്ര വിയോജിപ്പ് എന്ന ചോദ്യത്തെ സുരക്ഷയല്ലേ മുഖ്യം എന്ന മറുചോദ്യമുയര്‍ത്തിയാണ് ട്രംപ് നേരിടുന്നത്.
അടുത്തിടെ ട്രംപിന്റെ ഭരണകൂടം ഡെമക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന യുഎസ് നഗരങ്ങളിലേക്ക് സൈനികരെ വിന്യസിച്ചിരുന്നു. കുറ്റകൃത്യങ്ങളെയും ഇടതുപക്ഷ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സൈനികരെ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നടപടി. രണ്ട് നഗരങ്ങളില്‍ നിന്ന് വേണ്ടി വന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ മാറ്റുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ഫിഫ വൈസ് പ്രസിഡന്റ് വിക്ടര്‍ മോണ്‍ടാഗ്ലിയാനി നിലപാട് വ്യക്തമാക്കിയിരുന്നതാണ്.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുന്നത് ഫിഫയാണെന്നും എന്ത് തീരുമാനവും ആലോചിച്ച് എടുക്കേണ്ടത് ഫിഫയാണെന്നും വിക്ടര്‍ മോണ്‍ടാഗ്ലിയാനി വിശദീകരിച്ചിരുന്നു. ബോസ്റ്റണ്‍ നഗരത്തിന്റെ കാര്യം ട്രംപ് പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി.
അപ്പോള്‍ വന്നു ട്രംപിന്റെ തികച്ചും 'ട്രംപന്‍' മറുപടി. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോ തന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ വിളിക്കും. ഇങ്ങനെയൊക്കെ ഇവിടെ പ്രശ്‌നമുണ്ട്. നമുക്ക് ഈ വേദി മാറ്റാം എന്ന് പറയും. മികച്ച വ്യക്തിയായ അദ്ദേഹം അപ്പോള്‍ തന്നെ അത് ചെയ്യും.
അടുത്ത വര്‍ഷം ജൂണിലാണ് അമേരിക്ക,മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 11 നഗരങ്ങളിലായി ഫൈനല്‍ ഉള്‍പെടെ 78 മത്സരങ്ങള്‍. ഒരുക്കങ്ങള്‍ നന്നായി പോകുന്നതിനിടയിലാണ് ട്രംപ് ഓരോരോ ബോധോദയങ്ങളുമായി വരുന്നത്. ഫിഫക്ക് തലവേദനയുണ്ടാക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications