Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ദൈവത്തിന്റ ഗോളും വില്ലനായ ബെക്കാമും!! ഇതാ വീണ്ടുമൊരു അര്‍ജന്റീന-ഇംഗ്ലണ്ട് ക്ലാസിക്ക്

അറ്റ്‌ലാന്റ: 24 വര്‍ഷത്തിന് ശേഷം അര്‍ജന്റീനയും ഇംഗ്ലണ്ടും വീണ്ടുമൊരു ഫിഫ ലോകകപ്പില്‍ മുഖാമുഖം എത്തുകയാണ്. കാല്‍പന്തുകളിയുടെ വിശ്വവേദിയില്‍ ഇരുകൂട്ടരും മുഖാമുഖം എത്തുന്നത് ഇത് ആറാം തവണ. സെമിയില്‍ ആദ്യം.

തുടര്‍ച്ചയായി രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി അര്‍ജന്റീനയും രണ്ടാം കിരീടം എന്ന മോഹവുമായി ഇംഗ്ലണ്ടും അത്‌ലാന്റ സ്റ്റേഡിയത്തില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ വൈകാരികമായ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഏറെ തെളിഞ്ഞുവരും. രണ്ട് ടീമുകള്‍ക്കും തീര്‍ക്കാനുള്ള കണക്കുകളുടെ ഓര്‍മപുസ്തകം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് എന്നും പ്രിയങ്കരമാണ്.

DIEGO MARADONA

ആദ്യമായി അര്‍ജന്റീനയും ഇംഗ്ലണ്ടും ലോകകപ്പില്‍ ഏറ്റുമുട്ടുന്നത് 1962ലാണ്. ചിലിയില്‍ നടന്ന മത്സരത്തില്‍ ഒന്നിന് എതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീനയെ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പിച്ച് മുന്നേറിയ ഇംഗ്ലണ്ട് അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോട് തോറ്റാണ് മടങ്ങിയത്.

പിന്നെ തൊട്ടടുത്ത ലോകകപ്പിലും രണ്ട് ടീമുകളും മുഖാമുഖം എത്തി. അതാകട്ടെ പിന്നീട് ഫുട്‌ബോളില്‍ തന്നെ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കിയ മത്സരവും. 1966ല്‍ ക്വാര്‍ട്ടര്‍ മത്സരത്തിലാണ് അര്‍ജന്റീന ഇംഗ്ലണ്ടിനെ നേരിട്ടത്.

അജന്റീന ക്യാപ്റ്റനായിരുന്ന അന്റോണിയോ റാറ്റിന്‍ റഫറിയുമായി കലഹിച്ചു. പിന്നാലെ ജര്‍മനിയില്‍ നിന്നുള്ള റുഡോള്‍ഫ് ക്രെയ്റ്റ്‌ലിന്‍ മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി. സ്പാനിഷ് ഭാഷ പറഞ്ഞ് റാറ്റിനും ജര്‍മന്‍ പറഞ്ഞ് ക്രെയ്റ്റിലിനും തര്‍ക്കിച്ചു. പത്ത് മിനിറ്റോളം കളി തടസ്സപ്പെട്ടു.

ഒടുവില്‍ പൊലീസുകാരെത്തിയാണ് റാറ്റിനെ മൈതാനത്തിന് പുറത്ത് എത്തിച്ചത്. അതും വിവാദമായി, പിന്നെ അര്‍ജന്റീന കളിക്കാരെ മൃഗങ്ങളെന്ന് വിളിച്ച് ഇംഗ്ലണ്ട് കോച്ച് ആല്‍ഫ് റാംസെ ആക്ഷേപിച്ചതും. (ഈ മുന്‍ നായകന്റെ ദേഹ വിയോഗത്തില്‍ അനുശോചിച്ചാണ് അര്‍ജന്റീന കളിക്കാര്‍ കഴിഞ്ഞ ദിവസം കയ്യില്‍ കറുത്ത ആം ബാന്‍ഡും അണിഞ്ഞ് കളിക്കാനിറങ്ങിയത്.)

ഈ തര്‍ക്കമാണ് പ്രശസ്തനായ ഇംഗ്ലീഷ് റഫറി കെന്‍ ആസ്റ്റണ് പ്രേരകമായത്. ഭാഷകള്‍ക്ക് അതീതമായി ഫുട്‌ബോളിന് വേണ്ടി ഒരു സിസ്റ്റം ഉണ്ടാക്കാന്‍. അങ്ങനെയാണ് 1970ലെ ലോകകപ്പ് മുതല്‍ മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും വന്നത്.

അത്തവണ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് മുന്നേറിയ ഇംഗ്ലണ്ട് സെമിയില്‍ പോര്‍ച്ചുഗലിനെയും ഫൈനലില്‍ പടിഞ്ഞാറന്‍ ജര്‍മനിയെയും വീഴ്ത്തി കിരീടം നേടുകയും ചെയ്തു.

പിന്നെ 20 കൊല്ലം കഴിഞ്ഞാണ് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ എത്തിയത്. ഇക്കുറിയും ക്വാര്‍ട്ടര്‍. മെക്‌സിക്കോ ലോകകപ്പിലെ എന്നല്ല, ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചര്‍ച്ചയായ രണ്ട് സംഭവങ്ങള്‍ നടന്ന മത്സരമായിരുന്നു അത്.

ഡിയേഗോ മറഡോണയുടെ ദൈവത്തിന്റെ ഗോളും നൂറ്റാണ്ടിലെ ഗോളും പിറന്ന മത്സരം. ആദ്യപകുതിയില്‍ രണ്ട് ടീമും ഗോളടിക്കാതിരുന്ന മത്സരം. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷെല്‍ട്ടനൊപ്പം ഉയര്‍ന്ന് പൊങ്ങി മറഡോണ ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയത് കൈ കൊണ്ട്. ദൈവത്തിന്റെ കൈ എന്ന് മറഡോണ പറഞ്ഞ ഗോള്‍.

ടുണീഷ്യക്കാരനായ റഫറി അലി ബിന്‍ നാസര്‍ ഇംഗ്ലീഷുകാരുടെ പ്രതിഷേധം ചെവികൊണ്ടില്ല, ഗോള്‍ അനുവദിച്ചു. അതില്‍ അമര്‍ഷം തീരാതെ നിന്ന ടീമിനെ ഞെട്ടിച്ചു വീണ്ടും മറഡോണ. കേവലം നാല് മിനിറ്റിനകം. മൈതാനത്ത് 60 വാര അകലെ നിന്ന് നാല് ഇംഗ്ലീഷ് താരങ്ങളെ മറികടന്ന് പന്ത് ഡ്രിബിള്‍ ചെയ്‌തെടുത്ത് വലക്കകത്ത് എത്തിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഫിഫ നടത്തിയ വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്റെ ഗോളായി തെരഞ്ഞെടുക്കപ്പെട്ട അതിസുന്ദര ഗോള്‍. ഗാരി ലിനേക്കറുടെ ആശ്വാസഗോള്‍ ഇംഗ്ലണ്ടിന്റെ മുറിവും അമര്‍ഷവും മറികടക്കാന്‍ പോന്ന മറുപടിയായിരുന്നില്ല.

കാരണം എഴുപതിലധികം ദിവസം നീണ്ട ഫോക്ള്‍ലാന്‍ഡ് യുദ്ധത്തില്‍ വീണുപോയവര്‍ക്കുള്ള സമ്മാനമായിരുന്നു അര്‍ജന്റീനക്ക് ആ വിജയം. പടക്കളത്തിലെ വിജയം മൈതാനത്ത് നടപ്പാവാതെ പോയതിന്റെ ഈര്‍ഷ്യയും ഒപ്പം നിയമം തെറ്റിച്ചുള്ള ഗോള്‍ അനുവദിച്ചതിലെ പ്രതിഷേധവും ഇംഗ്ലണ്ടിനും. ആ ടൂര്‍ണമെന്റില്‍ കപ്പ് നേടി അര്‍ജന്റീന.

പിന്നെ രണ്ട് ടീമും ഏറ്റുമുട്ടിയത് 1998ലാണ്. പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ഹൈലൈറ്റ് രണ്ട് ഇംഗ്ലണ്ട് താരങ്ങളായിരുന്നു. അതിസുന്ദരമായ ഗോളടിച്ച ടീനേജ് സെന്‍സേഷന്‍ മൈക്കല്‍ ഓവന്‍. പിന്നെ ഒരു കാര്യവുമില്ലാതെ പ്രകോപിതനായെടുത്ത ഒരു നടപടിക്ക് റെഡ് കാര്‍ഡ് മേടിച്ച ഡേവിഡ് ബെക്കാം. ഫൗളിന് പിന്നാലെ വീണ് കിടന്നിടത്ത് നിന്ന് ഡീഗോ സിമിയോണിനെ ചവിട്ടിയതിനാണ് ബെക്കാമിന് പുറത്ത് പോവേണ്ടി വന്നത്.

പത്ത് പേരുമായി ഇംഗ്ലണ്ട് പിടിച്ചുനിന്നു. ആദ്യപകുതിയിലെ 2-2 എന്ന സ്‌കോറില്‍ മാറ്റം വന്നില്ല. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി അര്‍ജന്റീന മുന്നേറി. ഇംഗ്ലീഷ് ആരാധകര്‍ അന്ന് ബെക്കാമിനെ പറഞ്ഞതിന് കയ്യും കണക്കുമില്ല. തൊട്ടടുത്ത ലോകകപ്പില്‍ ബെക്കാം പ്രായശ്ചിത്തം ചെയ്തു.

ഗ്രൂപ്പ് എഫില്‍ നിന്ന് മുന്നേറാന്‍ ഇംഗ്ലണ്ടിനും നാട്ടിലേക്ക് മടങ്ങാന്‍ അര്‍ജന്റീനക്കും വഴിയൊരുക്കിയ മത്സരം. മൈക്കല്‍ ഓവനെ പൊച്ചെറ്റീനോ ഫൗള്‍ ചെയ്തതിന് നല്‍കിയ പെനല്‍റ്റി ബെക്കാം കൃത്യമായി ഗോളാക്കി. മനോഹരമായ മറുപടി. അന്ന് ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്‍വി വഴങ്ങിയാണ് ഇംഗ്ലണ്ട് മടങ്ങിയത്.

LIONEL MESSI

രണ്ട് ഫൗളുകള്‍ വരുന്നുണ്ട് ഈ മത്സരങ്ങള്‍ക്കിടയില്‍. പൊച്ചെറ്റീനോ തുറന്നുപറഞ്ഞിട്ടുണ്ട്, താന്‍ ഓവനെ തൊട്ടിട്ടു പോലുമുണ്ടായിരുന്നില്ലെന്ന്, ഓവന്‍ അഭിനയിച്ച് വീണതാണെന്ന്. അതുപോലെ ബെക്കാമിന് ഒരു പണി കിട്ടട്ടെ എന്ന് കരുതിത്തന്നെയാണ് താന്‍ ഓവര്‍ റിയാക്ട് ചെയ്തതെന്ന് സിമിയോണും പറഞ്ഞിരുന്നു. അടിയും തിരിച്ചടിയും ഏതാണ്ട് ഒരേ നാണയത്തില്‍.

ഇപ്പോഴിതാ, രണ്ട് കൂട്ടരും വീണ്ടും കണ്ടുമുട്ടുന്നു. അതും 24 വര്‍ഷത്തിന് ശേഷം. അഞ്ച് മത്സരങ്ങളിലെ നില 3-2 എന്നതാണ്. ആ ലീഡ് ഇംഗ്ലണ്ട് നിലനിര്‍ത്തുമോ അതോ അര്‍ജന്റീന ഒപ്പത്തിനൊപ്പം എത്തുമോ?

മെസിയും ഹാരി കേയ്‌നും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമായിട്ടാണ്. 86ലെ ഓര്‍മകള്‍ ഉണര്‍ത്തി ഇംഗ്ലണ്ടിന് മേല്‍ മാനസികാധിപത്യം നേടാനായി നേവി ബ്ലൂ എവേ കിറ്റ് ധരിക്കാന്‍ അനുമതി തേടിയിരിക്കുകയാണ് അര്‍ജന്റീന. ഇംഗ്ലണ്ട് വെള്ള ഹോം കിറ്റ് തന്നെ ധരിക്കും. ഭൂതകാലത്തിലെ നീതിനിഷേധമല്ല ഇന്നിന്റെ ശരിയാണ് വലുത് എന്ന മട്ടില്‍.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളും യൂറോപ്യന്‍ ഫുട്‌ബോളും തമ്മിലുള്ള മനോഹരമായ ജുഗല്‍ബന്ദിയില്‍ ആരാകും വിജയിക്കുക, കാത്തിരിക്കാം, അത്യന്തം ആവേശകരമായ മത്സരത്തിനായി.

അടിക്കുറിപ്പ്

മറഡോണ ഇംഗ്ലണ്ടിന് എതിരെ 1986ലെ ലോകപ്പില്‍ നേടിയ ഗോള്‍ നൂറ്റാണ്ടിലെ ഗോളായി തെരഞ്ഞെടുക്കപ്പെട്ട വോട്ടെടുപ്പില്‍ രണ്ടാമത് എത്തിയത് മൈക്കല്‍ ഓവന്‍ അര്‍ജന്റീനക്ക് എതിരെ നേടിയ ഗോളായിരുന്നു. 1998ലെ ലോകകപ്പില്‍.

Story first published: Tuesday, July 14, 2026, 17:49 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+