വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: വില്ലനായി ലുക്കാക്കു, ബെല്‍ജിയത്തിന് കണ്ണുനീര്‍, എഫില്‍ മൊറോക്കോ ടോപ്

കാനഡയെ 2-1ന് തോല്‍പ്പിച്ച് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോയും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു

1

ദോഹ: ഖത്തറില്‍ ജീവന്‍ മരണ പോരാട്ടത്തിനിറങ്ങിയ ബെല്‍ജിയത്തിന് ക്രൊയേഷ്യയുടെ പ്രതിരോധത്തെ ഭേദിക്കാനാവാതെ വന്നതോടെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. റോമലു ലുക്കാക്കു നിരവധി അവസരങ്ങള്‍ തുലച്ച മത്സരത്തില്‍ ക്രൊയേഷ്യയോട് ബെല്‍ജിയം ഗോള്‍ രഹിത സമനില വഴങ്ങുകയായിരുന്നു. ഇതോടെ ബെല്‍ജിയം 4 പോയിന്റോടെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ ക്രൊയേഷ്യ അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. കാനഡയെ 2-1ന് തോല്‍പ്പിച്ച് 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോയും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.

ഫോര്‍മേഷന്‍ ഇങ്ങനെ

നിര്‍ണ്ണായക മത്സരത്തില്‍ 3-4-3 ഫോര്‍മേഷനില്‍ ബെല്‍ജിയം ബൂട്ടണിഞ്ഞപ്പോള്‍ 4-1-2-3 ഫോര്‍മേഷനിലാണ് ക്രൊയേഷ്യ ഇറങ്ങിയത്. പ്രതിരോധത്തില്‍ നാല് പേരെ അണിനിരത്തി ക്രൊയേഷ്യ തന്ത്രം മെനഞ്ഞപ്പോള്‍ മധ്യനിരയില്‍ കളി മെനയാനാണ് ബെല്‍ജിയം ശ്രമിച്ചത്. രണ്ട് ടീമുകളും തുല്യ ശക്തികളായതിനാല്‍ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. തുടക്കത്തിലേ ബെല്‍ജിയം നടത്തിയ മികച്ച മുന്നേറ്റങ്ങള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.

അവസരം തുലച്ച് ബെല്‍ജിയം

13ാം മിനുട്ടില്‍ ലഭിച്ച പാസ് പിടിച്ചെടുത്ത് ബെല്‍ജിയത്തിന്റെ ഡ്രൈസ് മെര്‍ട്ടിനെസ് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. തൊട്ടടുത്ത മിനുട്ടില്‍ ക്രൊയേഷ്യക്ക് ലഭിച്ച അവസരവും മുതലാക്കാനായില്ല. ജോസിപ് ഗുറാനോവിച്ച് ബോക്‌സിലേക്ക് മികച്ചൊരു ക്രോസ് നല്‍കിയെങ്കിലും ബെല്‍ജിയം പ്രതിരോധം തടുത്തു. മികച്ച മുന്നേറ്റങ്ങള്‍ ഇരു കൂട്ടരും കാഴ്ചവെച്ചെങ്കിലും പ്രതിരോധ നിരയുടെ മികവ് വെല്ലുവിളി.

പെനല്‍റ്റിയില്‍ നിന്ന് രക്ഷപെട്ട് ബെല്‍ജിയം

ക്രൊയേഷ്യന്‍ താരത്തെ ബോക്‌സില്‍ യാനിക് കറാസ്‌കോ വീഴ്ത്തിയതിന് ക്രൊയേഷ്യക്ക് അനുകൂലമായി പെനല്‍റ്റി. കിക്കെടുക്കാന്‍ ലൂക്കാ മോഡ്രിച്ച് തയ്യാറെടുക്കവെ റഫറി അന്തോണി ടെയ്‌ലര്‍ വാര്‍ പരിശോധനക്ക് തയ്യാറായി. ഇതില്‍ ക്രൊയേഷ്യയുടെ ഡിജാന്‍ ലോവ്‌റന്‍ ഓഫ്‌സൈഡായതിനാല്‍ പെനല്‍റ്റി തീരുമാനം പിന്‍വലിക്കപ്പെട്ടു. തുടക്കത്തിലേ ലീഡെടുക്കാന്‍ ക്രൊയേഷ്യക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇതെങ്കിലും ഓഫ്‌സൈഡ് കെണിയായി. 23 മിനുട്ട് പിന്നിടുമ്പോഴും ഇരു ടീമിനും ലക്ഷ്യത്തിലേക്ക് ഒരു തവണ പോലും ഷോട്ടെടുക്കാനായില്ലെന്നത് പ്രതിരോധത്തിന്റെ മികവ് എടുത്തുകാട്ടുന്നു.

1

ആദ്യ പകുതി ഗോള്‍രഹിതം

43ാം മിനുട്ടില്‍ ബെല്‍ജിയത്തിന്റെ ഡ്രൈസ് മെര്‍ട്ടിനസിന് ബോക്‌സിലേക്കെത്തിയ പാസിനെ കൃത്യമായി പിടിച്ചെടുക്കാനായില്ല. 45ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ബോര്‍ന സോസ നീട്ടി കിട്ടിയ പാസിനെ ബോക്‌സിലേക്ക് തൊടുത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. 49ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ ജോസിപ് ജുറാനോവിച്ചിന്റെ ഫസ്റ്റ് ടൈം ഷോട്ട് വലത് പോസ്റ്റിന് അപ്പുറത്തുകൂടി പുറത്തേക്ക് പോയി. ആദ്യ പകുതിയില്‍ 53 ശതമാനം ബെല്‍ജിയം പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ 5നെതിരേ 6 ഗോള്‍ശ്രമവുമായി ക്രൊയേഷ്യ ആക്രമണത്തില്‍ കരുത്തുകാട്ടി.

ലുക്കാക്കുവിനെ കളത്തിലിറക്കി

രണ്ടാം പകുതിയില്‍ റോമലു ലുക്കാക്കുവിനെ ബെല്‍ജിയം കളത്തിലിറക്കി. 49ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിന്‍ പോസ്റ്റിന് മുന്നില്‍ നിന്ന റോമലു ലുക്കാക്കുവിനെ ലക്ഷ്യമിട്ട് ക്രോസ് ചെയ്‌തെങ്കിലും പ്രതിരോധം തകര്‍ത്തു. ക്രോസില്‍ നിന്ന് ലുക്കാക്കുവിന്റെ ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാക്കോവിച്ച് സേവ് ചെയ്തു. ലുക്കാക്കുവിനെ കൃത്യമായി മാര്‍ക്ക് ചെയ്താണ് ക്രൊയേഷ്യന്‍ പ്രതിരോധം കളിക്കുന്നത്.

തിബോ കോര്‍ട്ട്വായുടെ മിന്നല്‍ സേവുകള്‍

രണ്ടാം പകുതിയില്‍ ക്രൊയേഷ്യന്‍ നിര നിരന്തരം ബെല്‍ജിയം ഗോള്‍മുഖത്ത് പന്തെത്തിച്ചു. എന്നാല്‍ ബെല്‍ജിയം ഗോളി തിബോ കോര്‍ട്ട്വോയുടെ മികവ് ക്രൊയേഷ്യക്ക് വലിയ വെല്ലുവിളിയായി. 61ാം മിനുട്ടില്‍ സുവര്‍ണ്ണാവസരം ബെല്‍ജിയം നഷ്ടമാക്കി. യാനിക് കരാസ്‌കോയുടെ ഷോട്ട് ഗോളി തടുത്തെങ്കിലും റീബൗണ്ടായ പന്തില്‍ ലുക്കാക്കു തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് പോസ്റ്റിലടിച്ച് മടങ്ങി. 62ാം മിനുട്ടില്‍ ഡി ബ്രൂയിന്റെ ക്രോസിനെ പോസ്റ്റിന് തൊട്ടടുത്ത് നിന്ന ലുക്കാക്കു ഹെഡ് ചെയ്‌തെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പോയി. 67ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചിന്റെ ഷോട്ടും കോര്‍ട്ട്വ തടുത്തു.

പ്രതിരോധം മിടുക്കുകാട്ടുന്നു

അവസാന മിനുട്ടുകളിലേക്ക് മത്സരം കടന്നപ്പോള്‍ തീപാറും പോരാട്ടമാണ് കണ്ടത്. 77ാം മിനുട്ടില്‍ ക്രൊയേഷ്യയുടെ യൂറി ടെലിമന്‍സിന്റെ ക്രോസ് പ്രതിരോധം ക്ലിയര്‍ ചെയ്തു. 79ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിന്റെ ക്രോസും പ്രതിരോധ കോട്ടയില്‍ തട്ടി തകര്‍ന്നു. 86ാം മിനുട്ടില്‍ തിമോത്തി കസ്റ്റാജിന്‍ നല്‍കിയ പാസിനെ പിടിച്ചെടുക്കാന്‍ ലുക്കാക്കുവിന് സാധിച്ചില്ല. സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്ന് പറയാം.

ലുക്കാക്കു വില്ലനാവുന്നു

ഇഞ്ചുറി ടൈമിന് തൊട്ട്മുമ്പ് പോസ്റ്റിന് തൊട്ടുമുമ്പില്‍വെച്ച് റോമലു ലുക്കാക്കുവിന് ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കി കളഞ്ഞു. ഇഞ്ചുറി ടൈമിലും ലുക്കാക്കുവിന് അവസരം ലഭിച്ചെങ്കിലും അതും നഷ്ടപ്പെടുത്തി. അവസാന സമയത്ത് പിന്നീട് ഭാഗ്യം ബെല്‍ജിയത്തെ തുണക്കാതെ വന്നതോടെ ഗോള്‍രഹിത സമനിലയില്‍ മത്സരം കലാശിച്ചു.

1

തുടക്കത്തിലേ ലീഡെടുത്ത് മൊറോക്കോ

4-4-2 ഫോര്‍മേഷനിലിറങ്ങിയ കാനഡയെ 4-1-2-3 ഫോര്‍മേഷനിലാണ് മൊറോക്കോ നേരിട്ടത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ത്തന്നെ മൊറോക്കോ വലകുലുക്കി. കാനഡയുടെ പ്രതിരോധ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. കാനഡ ഗോളി ബോര്‍ഹാനെ ലക്ഷ്യമാക്കി കാനഡ താരം നല്‍കിയ ബാക്ക് പാസിനെ ക്ലിയര്‍ ചെയ്യാന്‍ ഗോളിക്കാനയില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്തുനിന്ന് പന്ത് ബോര്‍ഹാനെയുടെ തലക്ക് മുകളിലൂടെ പോസ്റ്റിലേക്ക് കോരിയിട്ടു.

23ാം മിനുട്ടില്‍ ലീഡുയര്‍ത്തി മൊറോക്കോ

കാനഡയെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. 23ാം മിനുട്ടില്‍ യൂസഫ് എന്‍ നെസിരിയിലൂടെയാണ് മൊറോക്കോ ലീഡുയര്‍ത്തിയത്. ഹക്കീ സിയെച്ചിന്റെ ലോങ് പോസിനെ ബോക്‌സിന് തൊട്ട്മുന്നില്‍നിന്ന് പിടിച്ചെടുത്ത നെസിരി രണ്ട് ഡിഫന്‍ഡര്‍മാരെയും ഗോളി ബോര്‍യാനെയും മറികട്ട് പോസ്റ്റിന്റെ വലത് മൂലയിലേക്കെത്തിച്ചു.

സെല്‍ഫ് ഗോളില്‍ കാനഡ അക്കൗണ്ട് തുറന്നു

40ാം മിനുട്ടില്‍ മൊറോക്കോയുടെ വലിയ പിഴവ്. കാനഡയുടെ വിങ് ബാക്ക് സാം അഡെകുഗ്‌ബെയുടെ മുന്നേറ്റമാണ് ഗോളില്‍ അവസാനിച്ചത്. കാനഡ താരത്തിന്റെ ക്രോസ് തടയാനുള്ള മൊറോക്കോയുടെ പ്രതിരോധ താരം നയെഫ് അഗ്വേര്‍ഡിന്റെ ശ്രമം പാളി. അഗ്വേര്‍ഡിന്റെ വലത് കാലില്‍തട്ടി ഗോള്‍കീപ്പര്‍ യാസിന്‍ ബോനോയുടെ ഗ്ലൗസില്‍ തൊട്ടുരുമി പന്ത് വലിയിലാവുകയായിരുന്നു. ആദ്യ പകുതി പിരിയുമ്പോള്‍ 2-1 ലീഡ് മൊറോക്കോയ്‌ക്കൊപ്പം. രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂടെ മൊറോക്കോ കാനഡയെ പൂട്ടിയതോടെ 2-1ന്റെ ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.

Story first published: Thursday, December 1, 2022, 22:40 [IST]
Other articles published on Dec 1, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X