ഒരു ചരിത്രനേട്ടത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയാണ് അല്‍ബേനിയയുടെ ഫുട്‌ബോള്‍ ടീം. ലോകകപ്പെന്ന വിശ്വവേദിയില്‍ പന്ത് തട്ടാന്‍, കാല്‍പന്തുകളിയുടെ ആ വലിയ ഉത്സവത്തിന്റെ ഭാഗമാകാനുള്ള ആദ്യത്തെ അവസരമാണ് അവരുടെ മുന്നിലുള്ളത്. അത് സാധ്യമാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ആദ്യം പോളണ്ടിനെ, അതു കഴിഞ്ഞാല്‍ സ്വീഡനും ഉക്രെയ്‌നും തമ്മിലുള്ള മത്സരത്തിലെ വിജയിയെ.
ഈ രണ്ട് കടമ്പ കഴിഞ്ഞാലേ ആ ചോദ്യത്തിന് ഉത്തരമാകൂ. പല കാലങ്ങളിലായി കുറേ മത്സരങ്ങള്‍ കളിക്കുകയും ജയിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് അല്‍ബേനിയ. മുന്നേറാനുള്ള ആവേശത്തിനൊപ്പം പലപ്പോഴും നിര്‍ഭാഗ്യവും അവരുടെ ടീമിനൊപ്പം സഞ്ചരിച്ചിട്ടുണ്ടെന്ന് തോന്നും അവരുടെ മത്സര ചരിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാല്‍. കഴിഞ്ഞ തവണ ഖത്തറില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായതും 2024 ലെ യൂറോ കപ്പില്‍ മരണഗ്രൂപ്പില്‍ അകപെട്ട് പെട്ടെന്ന് പുറത്തായതുമെല്ലം ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.

അന്ന് ലോകകപ്പിലും യൂറോ കപ്പിലും ഒക്കെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ടീമുകള്‍ക്കൊപ്പമായിരുന്നു അല്‍ബേനിയക്ക് ഇടം കിട്ടിയത്. ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍, ഇറ്റലി, റണ്ണറപ്പായ ക്രൊയേഷ്യ എന്നിവരായിരുന്നു അന്ന് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇക്കുറി യോഗ്യത ഉറപ്പിക്കാനിറങ്ങുമ്പോള്‍ അല്‍ബേനിയക്ക് പ്രതീക്ഷ നല്‍കുന്ന ചിലതുണ്ട്. വലിയ കരുത്തന്‍മാരുടെ കൂട്ടത്തിലാണ് ചെന്നു പെട്ടതെങ്കിലും 2024 ലെ യൂറോ കപ്പില്‍ യോഗ്യത നേടിയത് ടീമിന് ഉണര്‍വ് നല്‍കിയ കാര്യമായിരുന്നു.
യോഗ്യതാമത്സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ഒന്നാമതായാണ് അന്ന് അവര്‍ യോഗ്യത നേടിയത്. ഇന്നിപ്പോള്‍ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ ഇംഗ്ലണ്ടിന് തൊട്ടുപിന്നിലായിരിക്കുന്നു അവര്‍. യുവേഫ വിഭാഗത്തില്‍ നിന്നുള്ള ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ കെ ഗ്രൂപ്പിലായിരുന്നു അല്‍ബേനിയ. മുന്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, സെര്‍ബിയ, ലാത്വിയ, അന്‍ഡോറ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
ഈ ഗ്രൂപ്പില്‍ നിന്ന് രണ്ടാമതായാണ് പ്ലേ ഓഫിലേക്ക് അല്‍ബേനിയ കാലുവെച്ചത്. ചരിത്രപരമായി തന്നെ വൈരാഗ്യമുള്ള സെര്‍ബിയയെ തോല്‍പിച്ചത് അല്‍ബേനിയക്ക് ഇരട്ടിമധുരമായിരുന്നു. ആദ്യമത്സരം സമനിലയിലായെങ്കിലും രണ്ടാം മത്സരത്തില്‍ വിജയഗോള്‍ നേടിയ റേ മനാഷ് തന്നെയാണ് യോഗ്യതാമത്സരങ്ങളിലെ ടോപ് സ്‌കോറര്‍. ആക്രമണത്തില്‍ അര്‍മാന്‍ഡോ ബ്രോഷയാണ് മനാഷിന് തുണ.
മധ്യനിരയിലെ കരുത്ത് തന്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ അസ്ല്ലനി. ബെരെത് ജിംഷിതി പ്രതിരോധനിരക്ക് മാത്രമല്ല ടീമിന്റെ തന്നെ നായകന്‍. മാരിയോ മിതാഷെന്ന പുതിയ കണ്ടെത്തല്‍ നായകന് പ്രതിരോധനിരയില്‍ കരുത്ത് പകരുന്നു. സമീപകാലത്തെ മികച്ച ടീമാണ് അല്‍ബേനിയക്കായി ബൂട്ടണിയുന്നത്. അവരുടെ പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത് കാല്‍പന്തുകളിയുടെ പര്യായം തന്നെയായ ബ്രസീലില്‍ നിന്നുള്ള സില്‍വിഞ്ഞ്യോ.
കോച്ചിന്റെ പ്രധാന സഹായി അര്‍ജന്റീനയില്‍ നിന്നുള്ള പാബ്ലോ സബലേറ്റ. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ചാരുതയും വീര്യവും ഒപ്പം യൂറോപ്യന്‍ ഫുട്‌ബോളിന്റെ കൃത്യതയും മാത്സര്യവും. ഇതാണ് ഇപ്പോള്‍ ടീമില്‍ പ്രതിഫലിക്കുന്നത്. പ്രതിരോധത്തില്‍ ഊന്നിയാണ് കളിക്കുക. അവസരം കിട്ടിയാല്‍ പിന്നെ തിരിഞ്ഞ് നോക്കില്ല. പാഞ്ഞ് കയറി, കേറിക്കയറി ആക്രമിക്കും. ഇതാണ് ശൈലി. അതിന് തുണയായി സമ്മര്‍ദ്ദങ്ങളിലും വഴങ്ങാതെ തുടരാനുള്ള പോരാട്ടവീര്യവും.
അല്‍ബേനിയ ചരിത്രം കുറിച്ച് ലോകകപ്പിലേക്ക് ടിക്കറ്റ് എടുക്കുമോ എന്ന് മാര്‍ച്ച് അവസാനം അറിയാം.