സൂറിച്ച്: ഫിഫയുടെ ലോക ഫുട്‌ബോളറെ തിങ്കളാഴ്ച അറിയാം. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫിഫ ആസ്ഥാനമായ സൂറിച്ചിലാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക.
തുടര്‍ച്ചയായി മൂന്നാം വട്ടവും ബാലന്‍ ഡി ഓറില്‍ മുത്തമിടാന്‍ ക്രിസ്റ്റാനോ റൊണാള്‍ഡോ, അഞ്ചാം പുരസ്‌കാരത്തിനായി ലയണല്‍ മെസ്സി, അട്ടിമറികള്‍ സംഭവിക്കാനായി നെയ്മറും.

ബാഴ്‌സലോണയിലെ മിന്നും പ്രകടനത്തിനൊപ്പം അര്‍ജന്റീനയെ കോപ്പ അമേരിക്കയിലെ ഫൈനലില്‍ എത്തിച്ചതും മെസ്സിക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ റയലിനായി ഗോളുകള്‍ അടിച്ച് കൂട്ടുന്നുണ്ടെങ്കിലും രാജ്യാന്തര തരത്തില്‍ ശ്രദ്ധേയ പ്രകടനങ്ങളുടെ അഭാവമാണ് റൊണാള്‍ഡോക്ക് വിലങ്ങ് തടിയാകുന്നത്.
കഴിഞ്ഞ സീസണില്‍ 57 കളികളില്‍ നിന്ന് 58 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം എന്നാല്‍ റൊണാള്‍ഡോ 54 കളികളില്‍ നിന്ന് 61 ഗോളുകള്‍ നേടിയിട്ടുണ്ട്.

മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിനായി കാര്‍ളി ലോയ്ഡ്, ആയമിയാമ. സെലിയ സാസിക് എന്നിവര്‍ തമ്മിലാണ് മത്സരം. മികച്ച കോച്ചിനായി ബയേണ്‍ മ്യൂണിക്ക് കോച്ച് പെപ് ഗാര്‍ഡിയോള, ചിലിക്ക് കോപ്പ അമേരിക്ക നേടിക്കൊടുത്ത ജോര്‍ജ് സാംപോളി, ബാഴ്‌സയുടെ ലൂയിസ് എന്റീക്കെസ് എന്നിവര്‍ തമ്മിലാണ് മത്സരം.
മികച്ച ഗോളിനുള്ള പുഷ്‌കസ് അവാര്‍ഡും ഫെയര്‍ അവാര്‍ഡും ഫിഫ ലോക ഇലവനേയും ചടങ്ങില്‍ പ്രഖ്യാപിക്കും.