റിയോ ഡി ഷാനെയ്‌റോ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം അന്തിമഘട്ടത്തിലെത്തിനില്‍ക്കെ മികച്ച കളിക്കാരുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന്റെ അന്തിമ സാധ്യതാ പട്ടിക ഫിഫ പ്രസിദ്ധീകരിച്ചു. നേരത്തെ തന്നെ ലോകപ്പില്‍ നിന്നും പുറത്തായ ടീമുകളിലെ അംഗങ്ങളും, ഫൈനലിലെത്തിയ അര്‍ജന്റീന ജര്‍മനി ടീമുകളിലെ അംഗങ്ങളുമാണ് സാധ്യതാ പട്ടികയിലെ പ്രമുഖര്‍.
ലോകകപ്പിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും, ബ്രസീലിന്റെ നെയ്മറും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മെസ്സി അടക്കം അര്‍ജന്റീനയില്‍ നിന്നും മൂന്നു താരങ്ങളും ജര്‍മനിയില്‍ നിന്നും നാലു താരങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്‌കരാനോ എന്നിവരാണ് മെസ്സിയെ കൂടാതെയുള്ള അര്‍ജന്റീനന്‍ താരങ്ങള്‍.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന ജര്‍മനിയില്‍ നിന്നുംടോണി ക്രൂസ്, താമസ് മുള്ളര്‍, നായകന്‍ ഫിലിപ് ലാം, മാറ്റ് ഹമ്മല്‍സ് എന്നിവര്‍ പട്ടികയില്‍ സ്ഥാനം നേടി. ആറുഗോളുകളുമായി ഗോള്‍വേട്ടയില്‍ മുന്നിലുള്ള കൊളംബിയന്‍ യുവതാരം ഹാമിസ് റോഡ്രിഗസ്, ഹോളണ്ടിനെ സെമിഫൈനല്‍വരെ എത്തിച്ച ആര്യന്‍ റോബന്‍ എന്നിവരും പട്ടികയിലുണ്ട്.
മികച്ച ഗോളിമാര്‍ക്കുള്ള പുരസ്‌കാരമായ ഗോള്‍ഡന്‍ ഗ്ലൗ പട്ടികയില്‍ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍, അര്‍ജന്റീനയുടെ സെര്‍ജിയോ റോമെറോ, കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലര്‍ നവാസ് എന്നിവരാണ് ഉള്‍പ്പെടുന്നത്. ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍ പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യുവതാരത്തിനുള്ള അവാര്‍ഡ് സാധ്യതാപട്ടികയില്‍. ഫ്രഞ്ച് താരങ്ങളായ റാഫേല്‍ വരാനേ, പോള്‍ പോഗ്ബ, ഹോളണ്ട് താരം മെംഫിസ് ഡിപേ എന്നിവര്‍ ഇടംപിടിച്ചു.