2010ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദിക്കായി 10 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം സൗത്താഫ്രിക്ക നിഷേധിച്ചു. സൗത്താഫ്രിക്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഫിക്ക്‌ലി ബുലുലയാണ് കൈക്കൂലി ആരോപണം നിഷേധിച്ചത്. ഫിഫ അധികൃതര്‍ ലോകകപ്പ് വേദി അനുവദിക്കുന്നതിനായി കൈക്കൂലിവാങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച 14 ഫിഫ ഒഫീഷ്യലുകളെ സ്വിസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഫിഫ അഴിമതി ആരോപണത്തിന് പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി സെപ് ബ്ലാറ്ററെ വീട്ടും തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു. യുവേഫയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ബ്ലാറ്ററുടെ രാജി. രാജി പ്രഖ്യാപനത്തിന് പിന്നാലെ ബ്ലാറ്ററെയും അഴിമതി ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഫിഫയ്‌ക്കെതിരെ അമേരിക്കയാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതും അറസ്റ്റിനായി ഉത്തരവിട്ടതും. 2018ലെ ലോകകപ്പ് ക്രിക്കറ്റ് വേദിക്കായി അമേരിക്കയും മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ റഷ്യയ്ക്കായിരുന്നു അനുമതി ലഭിച്ചത്. ഇത് അമേരിക്കയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നാണ് ഫിഫ ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്യിച്ചതെന്നും ആരോപണമുണ്ട്.
സൗത്ത് ആഫ്രിക്ക, റഷ്യ, ഖത്തര്‍ എന്നിങ്ങനെ ലോകകപ്പ് വേദി അനുവദിച്ചത് കൈക്കൂലി നല്‍കിയാണെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രധാന ആരോപണം. 10 മില്യണ്‍ ഡോളര്‍ സൗത്താഫ്രിക്ക ഫിഫ അധികൃതര്‍ക്ക് നല്‍കിയതായി അമേരിക്ക ആരോപിക്കുന്നു. ഈ ആരോപണമാണ് ഇപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി നിഷേധിച്ചിരിക്കുന്നത്.