ഫിഫ പുതുക്കിയ ലോകറാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കൊല്ലത്തിലേറിയായി (കൃത്യമായി പറഞ്ഞാല്‍ 2 കൊല്ലവും 5 മാസവും) ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന അര്‍ജന്റീന മൂന്നാം റാങ്കിലേക്ക് താഴ്ന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ നിറം മങ്ങിയ പ്രകടനമാണ് ലോക ചാമ്പ്യന്‍മാരെ മൂന്നാം സ്ഥാനക്കാര്‍ ആക്കിയത്.
2023 മുതല്‍ ഒന്നാമതായിരുന്നു അര്‍ജന്റീന. ലോകകപ്പ്, കോപ്പ അമേരിക്ക , ഫൈനലിസ്സിമ തുടങ്ങിയ വമ്പന്‍ കിരീടങ്ങളെല്ലാം നാട്ടിലെത്തിച്ച ടീമിന്റെ തിളക്കം പക്ഷേ ഇക്കൊല്ലത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മങ്ങിയിരുന്നു. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചെങ്കിലും ഇക്വഡോറിന് 1-0ന് തോറ്റതാണ് തിരിച്ചടിയായത്.

മെസ്സി ഇല്ലാതെയാണ് അന്ന് ടീം ഇറങ്ങിയത് എന്നതും പ്രത്യേകം ശ്രദ്ധേയം. ക്യാപ്റ്റനും സ്റ്റാര്‍ പ്ലെയറുമായ മെസ്സി ലോകകപ്പിന് എത്തുമോ എന്ന് ഇപ്പോഴും 100 ശതമാനം ഉറപ്പിച്ച് പറഞ്ഞിട്ടില്ല. അക്കാര്യം മനസ്സില്‍ വെച്ച് വേണം കപ്പ് നിലനിര്‍ത്താന്‍ അര്‍ജന്റീനക്ക് കഴിയുമോ എന്ന് ആലോചിക്കാനും വിലയിരുത്താനും.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ആരാധകരുടെ മറ്റൊരു പ്രിയ ടീമിനും റാങ്കിങ്ങില്‍ കാലിടറി. കാല്‍പന്തുകളിയുടെ പര്യായമായി തന്നെ പരിഗണിക്കുന്ന ബ്രസീലിന് ആദ്യ അഞ്ചില്‍ ഇടം പിടിക്കാനായില്ല.നെയ്മറിന്റെ ബ്രസീലിന്റെ പിന്തള്ളി അഞ്ചാമത് എത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍.
യൂറോ കപ്പ് നേട്ടത്തിന് പിന്നാലെ വര്‍ധിത വീര്യത്തോടെ ലോകകപ്പ് യോഗ്യതാമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സ്‌പെയിന്‍ ആണ് പുതിയ ഒന്നാം റാങ്കുകാര്‍. തുര്‍ക്കിയെ മറുപടിയില്ലാത്ത 5 ഗോളിനും ബള്‍ഗേറിയയയെ എതിരില്ലാത്ത മൂന്ന് ഗോളിനുമാണ് യോഗ്യതാ മത്സരങ്ങളില്‍ സ്‌പെയിന്‍ തോല്‍പിച്ചത്.
തോല്‍വിയറിയാത്ത 19മത്സരങ്ങളാണ് പുതിയ ഒന്നാം റാങ്കുകാരുടെ പട്ടികയിലുള്ളത്. രണ്ടാമത് എത്തിയത് ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന തോല്‍പിച്ച ഫ്രാന്‍സും. യോഗ്യാമത്സരങ്ങളില്‍ ഉക്രെയ്‌നെ എതിരില്ലാത്ത രണ്ട് ഗോളിനും ഐസ്‌ലന്‍ഡിനെ 2-1നുമാണ് ഫ്രാന്‍സ് തോല്‍പിച്ചത്.
സ്റ്റാര്‍ പ്ലെയര്‍ കിലിയന്‍ എംബാപ്പെ 52 ഗോളുമായി രാജ്യത്തിന് വേണ്ടി ഏറ്റവും ഗോളടിക്കുന്ന രണ്ടാമത്തെ താരവുമായി. തിയറി ഹെന്റിയെ ആണ് എംബപ്പെ മറികടന്നത്. രാജ്യത്തെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ ആകാന്‍ ഇനി എംബപ്പെയുടെ മുന്നില്‍ ഉള്ളത് ഒളിവര്‍ ജിറൂദ് മാത്രം (57ഗോള്‍).
ഇംഗ്ലണ്ട് ആണ് നാലാംസ്ഥാനത്ത്. നെതര്‍ലന്‍ഡ്‌സ് (7) ബെല്‍ജിയം (8) , ക്രൊയേഷ്യ(9), ഇറ്റലി(10) എന്നിവയാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ടീമുകള്‍. നെതര്‍ലന്‍ഡ്‌സും ബെല്‍ജിയവും സ്ഥാനം നിലനിര്‍ത്തിയവരാണ്. ക്രൊയേഷ്യയും ഇറ്റലിയും ഓരോ റാങ്ക് കയറി വന്നവരും.

ആഫ്രിക്കന്‍ ടീമുകളിലെ ഒന്നാമന്‍ മൊറോക്കോ ആണ്. ഖത്തറിലെ പ്രകടനത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടീമിന് പതിനൊന്നാം റാങ്കാണ് ഉള്ളത്. റാങ്കിങ്ങില്‍ ഏറ്റവും കുതിപ്പ് നടത്തിയ ടീം സ്ലോവാക്യ ആണ്. പത്ത് റാങ്ക് മുന്നില്‍ കയറി ആദ്യ 50ലെത്താന്‍ സ്ലോവാക്യക്ക് കഴിഞ്ഞു. യോഗ്യതാമത്സരങ്ങളില്‍ സ്ലോവാക്യ തോല്‍പിച്ച മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനി ആകട്ടെ ആദ്യ പത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു.
ഇനി ഫിഫ റാങ്ക് പട്ടിക പരിഷ്‌കരിച്ച് പുറത്തിറക്കുക അടുത്ത മാസം 23നാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും നേഷന്‍സ് ലീഗിലെ കളികളിലും ജയിച്ചാല്‍ ഒരു ടീമിന് 25 പോയിന്റ് കിട്ടും. സൗഹൃദമത്സരങ്ങളില്‍ ജയിച്ചാല്‍ പത്ത് പോയിന്റാണ് കിട്ടുക.
ഒക്ടോബറിലും നവംബറിലും അര്‍ന്റീനക്ക് കൂടുതലും സൗഹൃദമത്സരങ്ങളാണ്. സ്‌പെയിനും ഫ്രാന്‍സിനും മറ്റ് മത്സരങ്ങളും. പറഞ്ഞ് വരുന്നത് മെസ്സിക്കും കൂട്ടരും ഒന്നാം റാങ്കിലേക്ക് തിരിച്ചെത്താന്‍ ഇത്തിരി കാത്തിരിക്കേണ്ടി വരും എന്നാണ്. റാങ്കിലൊക്കെ എന്ത്? മൈതാനത്ത് കാണിച്ച് തരാമെന്നാണ് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ സമാധാനിക്കുന്നത്.