
മുംബൈ: വമ്പന്‍ ജയവുമായി എഫ്‌സി ഗോവ ഐഎസ്എല്ലിന്റെ ഈ സീസണില്‍ ഫൈനല്‍ ഉറപ്പിച്ചു. ആദ്യപാദ സെമി ഫൈനലില്‍ മുംബൈ സിറ്റിയെ ഗോവ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ കളിയില്‍ മുംബൈയെ അവരുടെ കാണികള്‍ക്കു മുന്നില്‍ 5-1നാണ് ഗോവ മുക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ഗോവ എതിരാളികള്‍ക്കുമേല്‍ സംഹാരതാണ്ഡവമാടിയത്. ഇതോടെ രണ്ടാം പാദത്തിനു മുമ്പ് തന്നെ ഗോവ ഫൈനലില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. രണ്ടാം പാദത്തില്‍ ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മുംബൈക്കു ഫൈനലിലെത്താന്‍ സാധിക്കുകയുള്ളൂ.
ആദ്യപകുതിയില്‍ 2-1നു മുന്നിലായിരുന്ന ഗോവ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി മുംബൈയുടെ വലയിലേക്ക് അടിച്ചു കയറ്റി തങ്ങളുടെ ആധിപത്യമുറപ്പിക്കകുയായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ മൊര്‍റ്റാഡ ഫോളാണ് ഗോവന്‍ ഹീറോ. 39, 58 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ജാക്കിച്ചാന്ദ് സിങ് (31), സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസ് (51), ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് (82) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. മുംബൈയുടെ ആശ്വാസഗോള്‍ 20ാം മിനിറ്റില്‍ റാഫേല്‍ ബാസ്റ്റോസിന്റെ വകയായിരുന്നു.
കളിയുടെ ആദ്യ മിനിറ്റുകളില്‍ മികച്ചു നിന്ന മുംബൈ 20ാം മിനിറ്റില്‍ ബാസ്‌റ്റോസിലൂടെ അര്‍ഹിച്ച ലീഡാണ് പിടിച്ചെടുത്തത്. ഇസ്സോക്കോയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പാസ് ബാസ്റ്റോസ് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നു കളിച്ച ഗോല 31ാം മിനിറ്റില്‍ ഒപ്പമെത്തി. കോറോയുടെ ഷോട്ട് ഷോട്ട് തടുക്കുന്നതില്‍ ഗോളിക്കു പിഴച്ചപ്പോള്‍ തക്കം പാര്‍ത്തുനിന്ന ജാക്കി തകര്‍പ്പനൊരു ഷോട്ടിലൂടെ വലകുലുക്കി. എട്ടു മിനിറ്റിനുള്ളില്‍ ഗോവ 2-1ന് മുന്നിലെത്തി. എഡു ബേഡിയയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെയാണ് ഫോള്‍ ഗോളാക്കിയത്. 51ാം മിനിറ്റില്‍ മുംബൈയുടെ തിരിച്ചുവരവ് കൂടുതല്‍ ദുഷ്‌കരമാക്കി കോറോ സ്‌കോര്‍ 3-1 ആക്കി. ജാക്കിയുടെ ക്രോസ് കോറോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ 16ാം ഗോളാണിത്.
58ാം മിനിറ്റില്‍ ഫോള്‍ കളിയില്‍ തന്റെ രണ്ടാം ഗോളും കണ്ടെത്തി. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്ക് ഫോള്‍ ഹെഡ്ഡറിലൂടെയാണ് ലക്ഷ്യത്തിലെത്തിച്ചത്. 82ാം മിനിറ്റില്‍ മുംബൈയുടെ പതനം പൂര്‍ത്തിയാക്കിക്കൊണ്ട് ഫെര്‍ണാണ്ടസ് ഗോവയുടെ ഗോള്‍പട്ടിക തികച്ചു.