മഡ്ഗാവ്: ഐഎസ്എല്ലിന്റെ രണ്ടാം സെമി ഫൈനലില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. രണ്ടാം പാദത്തില്‍ മുംബൈ സിറ്റിയോടു തോറ്റിട്ടും ഗോവ കലാശക്കളിക്കു യോഗ്യത നേടി. ആദ്യപാദ സെമി കഴിഞ്ഞപ്പോള്‍ തന്നെ ഗോവ ഫൈനല്‍ ഉറപ്പിച്ചിരുന്നു. സ്വന്തം മൈതാനത്തു നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഗോവയുടെ ഫൈനല്‍ പ്രവേശനത്തിന് അതു തടസ്സമായില്ല. ആറം മിനിറ്റില്‍ റാഫേല്‍ ബാസ്‌റ്റോസാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്.

ആദ്യ പാദ സെമിയില്‍ മുംബൈയെ 5-1ന് മുക്കിയതിനാല്‍ വന്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ ഗോവയ്ക്കു ഭീഷണിയുണ്ടായിരുന്നുള്ളൂ. ഇരുപാദങ്ങളിലുമായി 5-2ന്റെ വമ്പന്‍ ജയമാണ് ഗോവ ആഘോഷിച്ചത്. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സിയാണ് ഗോവയുടെ എതിരാളികള്‍.
രണ്ടാംപാദത്തില്‍ അഞ്ചു ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ഗോവയ്‌ക്കെതിരേ മുംബൈക്കു ഫൈനല്‍ സാധ്യത ഉണ്ടായിരുന്നുള്ളൂ. കളി തുടങ്ങി ആറാം മിനറ്റില്‍ തന്നെ റാഫേല്‍ ബാസ്റ്റോസിന്റെ ഗോളില്‍ മുന്നിലെത്താനായത് മുംബൈക്കു നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ഒരോ ഗോളിന്റെ ജയവുമായി മുംബൈക്ക് തൃപ്തിപ്പെടേണ്ടിവന്നു. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോവയ്ക്കു വന്ന പിഴവില്‍ നിന്നായിരുന്നു മുംബൈയുടെ ഗോള്‍. പന്ത് തട്ടിയെടുത്ത ആര്‍നോള്‍ഡ് സിസ്സോക്കോ ബാസ്‌റ്റോസിന് മറിച്ചു നല്‍കുകയായിരുന്നു. ഗോവന്‍ ഗോളി നവീന്‍ കുമാറിന് ഒരവസരവും നല്‍കാതെ ബാസ്‌റ്റോസ് ലക്ഷ്യം കാണുകയും ചെയ്തു.
തുടര്‍ന്നും മുംബൈക്കു തന്നെയായിരുന്നു മുന്‍തൂക്കം. 23ാം മിനിറ്റില്‍ അവര്‍ക്ക് ലീഡുയര്‍ത്താന്‍ അവസരം ലഭിക്കുകയും യെ്തു. സൊഗുവിന്റെ ഷോട്ട് ഗോളി നവീന്‍ തടുത്തിടുകയായിരുന്നു. റീബൗണ്ട് ചെയ്ത പന്ത് മുംബൈ ഡിഫന്‍ഡര്‍ ഫാളിന്റെ കൈയി തട്ടിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
രണ്ടാം പകുതിയില്‍ ഗോവ കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന് സമനില ഗോളിനുള്ള ചില അവസരങ്ങളും ലഭിച്ചു. 56ാം മിനിറ്റില്‍ ഗോവ സമനില ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ റീബൗണ്ടിനൊടുവില്‍ ആറു വാര മാത്രം അകലെ നിന്നും കോറോയുടെ ഗോള്‍ ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.