സെക്‌സിസവും, വംശീയതയും നേരിടേണ്ടിവന്നു; വെളിപ്പെടുത്തലുമായി ഫിഫ സെക്രട്ടറി ജനറല്‍
ലണ്ടന്‍: വീട്ടിലെ കാര്യങ്ങള്‍ പുരുഷന്‍ തീരുമാനിക്കണം. ഓഫീസില്‍ ഉയര്‍ന്ന പദവിയില്‍ പുരുഷന്‍ വേണം. സ്‌പോര്‍ട്‌സില്‍ പുരുഷന്‍മാരുടെ മികവുറ്റ പ്രകടനം മാത്രം കാണണം. അങ്ങനെയുള്ള ലോകത്ത് ഒരു സ്ത്രീ ഫുട്‌ബോളിനെ അടക്കിഭരിക്കുന്ന ഫിഫയുടെ തലപ്പത്ത് കയറി ഇരുന്നാലോ? പുരുഷന്‍മാര്‍ മാത്രം നയിച്ച ലോകത്ത് ഫിഫ സെക്രട്ടറി ജനറലായി ഫാത്മ സമൗറ കയറിച്ചെന്നപ്പോള്‍ ഫുട്‌ബോള്‍ ഭരണകൂടം ഒന്ന് അടിമുടി വിറച്ചെന്ന് പറഞ്ഞാല്‍ ഒട്ടും ചെറുതാകില്ല, പ്രത്യേകിച്ച് അവര്‍ ഒരു കറുത്ത വംശജയാണെന്ന് കൂടി അറിയുമ്പോള്‍.

തൊലിയുടെ നിറമാണ് യോഗ്യത നിശ്ചയിക്കുന്നത് എന്നൊരു തെറ്റിദ്ധാരണ ഈ ലോകത്ത് അലിഖിതമായി നിലനില്‍ക്കുന്നുണ്ട്. ഫിഫയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു സീനിയര്‍ പോസ്റ്റില്‍ കറുത്ത സ്ത്രീ എത്തുന്നത് പല മേലാളന്‍മാര്‍ക്കും രസിച്ചില്ല. ഇതിന്റെ ഭാഗമായി ജോലിയില്‍ സെക്‌സിസവും, വംശീയതയും നേരിടേണ്ടി വന്നിട്ടുള്ളതായാണ് സമൗറ വ്യക്തമാക്കുന്നത്. ഫിഫയില്‍ ഒരു സീനിയര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിത കൂടിയാണ് 55-കാരിയായ ഈ സെനഗല്‍ വംശജ.
അഴിമതി ഫിഫയെ പിടിച്ചുകുലുക്കിയതോടെ പല പ്രമുഖരുടെയും സ്ഥാനം തെറിച്ചിരുന്നു. 2016 ജനുവരിയില്‍ ജെറോം വാല്‍കെ പുറത്ത് പോയതോടെയാണ് സമൗറ ഫിഫയിലെത്തുന്നത്. പുരുഷ മേധാവിത്വം നിലനിന്നിരുന്ന സംഘടനയിലെ ചില്ല് മേല്‍ക്കൂരയാണ് തന്റെ വരവ് തകര്‍ത്തതെന്ന് ഇവര്‍ പ്രതികരിക്കുന്നു. ഇപ്പോള്‍ കൂടെയുള്ളവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. എന്നിരുന്നാലും ഒരു കറുത്ത വനിത ഫിഫയുടെ അഡ്മിനിസ്‌ട്രേഷനെ നയിക്കുന്നത് ശരിയല്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്, ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
ദിവസവും ഇതിനെതിരെ പോരാടേണ്ടി വരുന്നുണ്ട്. എനിക്ക് ചുറ്റും വംശീയത വിളമ്പുന്നവര്‍ വേണ്ട. ഒരു ജോലി ഏറ്റെടുക്കുന്ന പുരുഷനോട് ആരും ഇതിനുള്ള യോഗ്യതയുണ്ടോയെന്ന് തിരക്കാന്‍ പോകാറില്ല. പക്ഷെ ഒരു സ്ത്രീ ഉയര്‍ന്ന പദവിയിലേക്ക് എത്തിയാല്‍ എല്ലാ ദിവസും ഈ ചോദ്യത്തിന് ഉത്തരമായി സ്വയം തെളിയിക്കേണ്ട സാഹചര്യം വരും, ഫാത്മ സമൗറ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications